ഉറുഗ്വേയിന്‍ തലസ്ഥാനമായ മോന്റേവിഡോയിലെ എസ്റ്റാഡിയോ സെന്റനാരിയോ സ്റ്റേഡിയം. ഉറുഗ്വേയും അര്‍ജന്റീനയും തമ്മിലുള്ള ഫുട്ബോള്‍ മത്സരം നടക്കുകയാണ്. പ്രഥമ ഫിഫ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടം കാണാന്‍ 80000 ത്തോളം ആരാധകര്‍ തടിച്ചു കൂടിയിരിക്കുന്നു. പെട്രോ സിയ, പാബ്ലോ ഡോറോഡെ, ലോറന്‍സോ ഫെര്‍ണാഡസ്, ജോസ്ന സാസി തുടങ്ങി പ്രതിഭാ ധാരാളിത്വം തിങ്ങി നിറഞ്ഞ ഉറുഗ്വേന്‍ ടീമില്‍ ഹെക്ടര്‍ കാസ്ട്രേയുമുണ്ടായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് അയല്‍ക്കാരെ തോല്‍പ്പിച്ച് ഉറുഗ്വേ 1930ലെ ലോകകപ്പില്‍ മുത്തമിട്ടപ്പോള്‍ ഇതില്‍ ഒരു ഗോള്‍ നേടിയത് ഒറ്റക്കൈ ദൈവം (എല്‍മാന്‍കോ) എന്ന് വിളി പേരുള്ള ഹെക്ടര്‍ കാസ്ട്രേയാണ്. മെയ്യ്ക്കരുത്തിന്റെയും കളിയഴകിന്റയും സോക്കര്‍ മൈതാനത്ത് വിസ്മയം തീര്‍ത്ത പ്രതിഭയായിരുന്നു ഒറ്റക്കയ്യനായ ഹെക്ടര്‍ കാസ്ട്രോ.
ഗ്രൂപ്പ് മത്സരത്തില്‍ കാസ്ട്രോയുടെ ഏക ഗോളിനാണ് ഉറുഗ്വേ പെറുവിനെ തോല്‍പ്പിച്ചത് എന്നു കൂടി അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ ആഴം മനസിലാകുന്നത്. ബാഹ്യമായ കുറവുകളെ വകവയ്ക്കാതെ കോച്ച് ആല്‍ബര്‍ട്ടോ സുപ്പിസി കാസ്ട്രോയുടെ കഴിവിലും അധ്വാനത്തിലും പൂര്‍ണവിശ്വാസം അര്‍പ്പിച്ചിരുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഫൈനല്‍ മത്സരത്തില്‍ കാസ്ട്രോയ്ക്ക് കളിക്കാന്‍ അവസരം നല്‍കിയത്. ഫൈനലില്‍ ഗോള്‍ നേടാനായത് ജീവിതത്തിലെ അവിസ്മരണീയ മുഹൂര്‍ത്തമാണെന്ന് ബി.ബി.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കാസ്ട്രോ പറയുന്നു. പതിമൂന്നാമത്തെ വയസിലാണ് കാസ്ട്രോയുടെ ജീവിതം മാറ്റിമറിച്ച അപകടമുണ്ടായത്. കളിച്ചുകൊണ്ടിരിക്കെ വൈദ്യുതാഘാതമേറ്റ് വലതുകൈയുടെ മുട്ടിന് താഴേയ്ക്ക് അറ്റുപോയി. എല്ലാവരും സഹതാപവുമായി എത്തിയപ്പോഴും അവന്‍ ഫുട്ബോളിനെ ആഴത്തില്‍ സ്നേഹിച്ചുകൊണ്ടേയിരുന്നു. തന്റെ കാലും തലയുമുണ്ടെങ്കില്‍ മൈതാനങ്ങളില്‍ വിജയശ്രീലാളിതനാകാമെന്ന് ആത്മവിശ്വാസുമുണ്ടായിരുന്നു അവന്.
1921ല്‍ അത്ലറ്റിക് ക്ലബ്ബ് ലിന്റോയിലൂടെ കളിച്ചു തുടങ്ങിയ കാസ്ട്രോ അഞ്ച് വര്‍ഷത്തിനുള്ളില്‍ ദേശീയ ടീമിനായി ജേഴ്സിയണിഞ്ഞു. 1928ലെ ആംസ്റ്റര്‍ഡാം ഒളിമ്പിക്സില്‍ ഫുട്ബോളില്‍ ഹെക്ടര്‍ കാസ്ട്രോ ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയിട്ടുണ്ട്. അധ്വാനികളെയും പ്രതിഭകളെയും തേടിയാണ് നിയോഗങ്ങള്‍ എത്തുന്നത്. അത് എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിന് അനുസരിച്ചായിരിക്കും ചരിത്രം അവരെ രേഖപ്പെടുത്തുന്നത്. പ്രഥമ ഫിഫലോകകകപ്പിന് പന്ത് തട്ടാന്‍ അവസരം ലഭിച്ചു എന്നതാണ് ഹെക്ടര്‍ കാസ്ട്രോയ്ക്ക് ലഭിച്ച ഭാഗ്യം. തലമുറകള്‍ വാഴ്ത്തുന്ന താരമായി മാറിയത് ഫൈനലിലെ ആ ഗോളായിരുന്നു. 1923 മുതല്‍ 12 വര്‍ഷം ഉറുഗ്വേന്‍ ദേശീയ ടീമിന്റെ ജേഴ്സിയണിഞ്ഞ ഹെക്ടര്‍ കാസ്ട്രോ 25 മത്സരങ്ങളില്‍ നിന്ന് 24 ഗോളുകള്‍ നേടി.