ഏതു തിരിവിലും വിസ്മയം കാത്തുനിന്ന ജീവിതമാണ് തന്റേതെന്ന് അനില്‍ പനച്ചൂരാന്‍ പല തവണ പറഞ്ഞിട്ടുണ്ട്. മരണത്തിന്റെ കൈപിടിച്ച് വിദൂരതയിലേക്ക് യാത്രയാകുമ്പോഴും വിസ്മയിപ്പിക്കാന്‍ മറന്നില്ല. അക്ഷരങ്ങളിലെ മൂര്‍ച്ചയും ആശയങ്ങളിലെ ഭാവസാന്ദ്രതയും അനില്‍ പനച്ചൂരാന്റെ കവിതകളിലെ നിറസാന്നിദ്ധ്യമായിരുന്നു. സമകാലിക വിഷയങ്ങള്‍ കോര്‍ത്തിണക്കി കവിതകളില്‍ വ്യത്യസ്തമായ ആലാപന ശൈലിയും കാണാം. സമൂഹത്തിന്റെ ജീര്‍ണതകളെ തൂത്തുവാരികളയാന്‍ ശ്രമിക്കുമ്പോഴും മലയാളകാല്പനികതയുടെ മറ്റൊരു മുഖമായിരുന്നു പനച്ചൂരാന്റെ കവിതകള്‍. ഭാഷയ്ക്ക് ആടയാഭരണങ്ങളണിയിക്കാതെ പച്ചമലയാളത്തില്‍ പറയേണ്ടത്, പാടേണ്ടത് കുറിക്കുകൊള്ളിക്കുന്നതുപോലെ വരികളില്‍ തുന്നിച്ചേര്‍ക്കാന്‍ അസാമാന്യ കഴിവാണ് പനച്ചൂരാനുണ്ടായിരുന്നത്. ക്യാമ്പസ് ജീവിതത്തില്‍ പത്തൊമ്പതാം വയസില്‍ പ്രസിദ്ധീകരിച്ച ആദ്യ കവിതാസമാഹാരം സ്പന്ദനങ്ങള്‍ മൂന്നുരൂപയ്ക്ക് വിറ്റ് വിശപ്പകറ്റിയതു മുതല്‍ തുടങ്ങുന്നു അക്ഷരങ്ങളുമായുള്ള ആത്മസംഘര്‍ഷം. ആനുകാലികങ്ങളില്‍ ഒരുവരിയുമെഴുതാതെ കസെറ്റുകളിലൂടെയായിരുന്നു അനില്‍ പനച്ചൂരാന്റെ കവിജന്മം പിറവിയെടുത്തത്. അഞ്ച് കവിതാ സമാഹാരങ്ങളും കസെറ്റിലൂടെ പ്രകാശിതമായി. പ്രവാസിയുടെ പാട്ടുമുതല്‍ മഹാപ്രസ്ഥാനം വരെയുള്ള സമാഹാരങ്ങളിലെ കവിതകള്‍ പനച്ചൂരാനെ കവിയരങ്ങുകളിലെ തീജ്വാലയാക്കി. കവിയുടെ പഠനകാലത്താണ് കായംകുളം പട്ടണത്തിലെ മനോനില തെറ്റിയ രണ്ടുസ്ത്രീകള്‍ അമ്മയും മകളും കടത്തിണ്ണയില്‍ അഭയം തേടി അലഞ്ഞുനടന്നിരുന്നു. ഇവരുടെ ജീവിതമാണ് ‘രണ്ടു പേക്കോലങ്ങള്‍ ‘ എന്ന കവിത. ഈ കവിത മകള്‍ക്ക് എന്ന സിനിമയില്‍ ജയരാജ് ഉള്‍പ്പെടുത്തി. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടിനെക്കൊണ്ട് ചൊല്ലിക്കുകയും ചെയ്തു.
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ ഉദയഭാനു-ദ്രൗപതി ദമ്പതികളുടെ മകനായിട്ട് 1965 നവംബര്‍ 20 നാണ് അനില്‍ പനച്ചൂരാന്‍ ജനിച്ചത്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം കോളേജ്, തിരുവനന്തപുരം ലോ അക്കാഡമി, വാറംങ്കല്‍ കാകദീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇടതുരാഷ്ട്രീയത്തോടൊപ്പം ചേര്‍ന്നു പോകുമ്പോഴും കലഹിക്കാനും കവി മടികാണിച്ചില്ല. ഇടതുപക്ഷ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ നിന്ന് നേരെ പോയത് സന്യാസത്തിന്റെ കാവി ചുറ്റി ഇന്ത്യയിലെങ്ങും ചുറ്റി കറങ്ങാനായിരുന്നു. പിന്നീട് തിരുവന്തപുരത്ത് തിരിച്ചെത്തി എല്‍.എല്‍.ബി സായാഹ്ന ബാച്ചില്‍ ചേര്‍ന്ന് നിയമ ബിരുദം നേടി. കവിതകേട്ടു കണ്ണുനിറഞ്ഞ പെണ്‍കുട്ടിയെ കൈപിടിച്ചു കൂടെ കൂട്ടിയതും പനച്ചൂരാന്‍ നേരത്തെ പലവട്ടം പറഞ്ഞ തിരിവിലെ വിസ്മയങ്ങളില്‍ ഒന്നായിരുന്നു. വലയില്‍ വീണ കിളി, അനാഥന്‍, പ്രണയകാലം, പുലപ്പേടി, ഒരു മഴ പെയ്‌തെങ്കില്‍, കര്‍ണ്ണന്‍, കണ്ണീര്‍ക്കനലുകള്‍ തുടങ്ങിയ കവിതകളിലൂടെയാണ് അനില്‍ പനച്ചൂരാന്‍ എന്ന വ്യക്തി മലയാളത്തിന്റെ സാസ്‌കാരക മണ്ഡലത്തില്‍ ആദ്യം ഇടംപിടിച്ചത്. ഒരു കാലത്ത് സാംസ്‌കാരിക സദസുകളിലും കവിയരങ്ങുകളിലും നിറസാന്നിധ്യമായിരുന്ന പനച്ചൂരാനെ വളരെ വൈകിയാണ് മലയാള ചലച്ചിത്ര ലോകം തിരിച്ചറിഞ്ഞതെങ്കിലും, വ്യത്യസ്ഥമായ നിരവധി ചലച്ചിത്രഗാനങ്ങള്‍ സംഭാവന ചെയ്യാന്‍ അദ്ദേഹത്തിനായി.
അറബിക്കഥയ്ക്കുവേണ്ടി അനില്‍ പനച്ചൂരാനെക്കൊണ്ടു പാട്ടെഴുതിക്കാന്‍ സംവിധായകന്‍ ലാല്‍ജോസ് തീരുമാനിച്ചത് തിരക്കഥാകൃത്തുമായ എം. സിന്ധുരാജിന്റെ വാക്കുകളുടെ ബലത്തിലാണ്. തിരികെ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായി ഗ്രാമം കൊതിക്കാറുണ്ടെന്നും എന്ന കവിത ബിജി ബാലിന്റെ ഈണത്തില്‍ യേശുദാസ് പാടിയപ്പോള്‍ അനില്‍ പനച്ചൂരാന്‍ എന്ന സിനിമാ ഗാനരചയിതാവ് പിറന്നു. അറബിക്കഥയ്ക്കുവേണ്ടി എഴുതിയ ഗാനങ്ങളും ചോരവീണ മണ്ണില്‍നിന്നുയര്‍ന്നുവന്ന പൂമരം എന്ന കവിതയും ശ്രദ്ധേയമായി. പൂജാമുറിയില്‍ കത്തിച്ചുവച്ച നിലവിളക്കിനു മുന്നിലിരുന്നാണ് ആ വിപ്ലവ ഗാനം എഴുതിയതെന്ന് പനച്ചൂരാന്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രം റിലീസ് ചെയ്യും മുന്‍പുതന്നെ കൈനിറയെ ചിത്രങ്ങള്‍ പനച്ചൂരാനെ തേടിയെത്തി. സിനിമയില്‍ അദ്ദേഹം അഭിനയിക്കുകയും കൂടി ചെയ്തു ചെയ്തു. എം.മോഹനന്റെ കഥ പറയുമ്പോള്‍ എന്ന ചിത്രത്തിലെ ‘വ്യത്യസ്തനാമൊരു ബാര്‍ബറാം ബാലനെ’ എന്ന ഗാനം കൂടി പുറത്തിറങ്ങിയപ്പോള്‍ അനില്‍ പനച്ചൂരാനെന്ന കവി മലയാള ചലച്ചിത്രഗാനശാഖയില്‍ പ്രശസ്തനായി തീര്‍ന്നു. കവിതകളെക്കുറിച്ച് ആഴത്തില്‍ മനസിലാക്കാത്ത സാധാരണക്കാരായ ആളുകള്‍ പോലും പനച്ചൂരാന്റെ കവിതകള്‍ ഹൃദിസ്ഥമാക്കിയിരുന്നു. ബ്ലെസിയുടെ ഭ്രമരത്തിലെ കുഴലൂതും പൂന്തെന്നലേ, കോക്ക് ടെയ്‌ലിലെ നീയാം തണലിന് താഴെ, മാണിക്യക്കല്ലിലെ ചെമ്പരത്തി കമ്മലിട്ട് തുടങ്ങിയ നിരവധി ലാളിത്യവും ഭാവവും തുളുമ്പുന്ന ഗാനങ്ങള്‍ പനച്ചൂരാന്റെ തൂലികയില്‍ പിറന്നു. ഒരുവര്‍ഷം 16 പാട്ടുകള്‍വരെ എഴുതി. അമ്മയ്ക്ക് അസുഖമായപ്പോള്‍ ഒരു വര്‍ഷം മാറിനിന്ന കാലത്തു സിനിമ മാറി. പക്ഷേ, അപ്പോഴേക്കു നൂറിലേറെ സിനിമകളില്‍ നൂറ്റി അന്‍പതിലേറെ ഗാനങ്ങള്‍ അനില്‍ സംഭാവന ചെയ്തിരുന്നു. മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, കലണ്ടര്‍, ഭ്രമരം, പരുന്ത്, ഷേക്‌സ്പിയര്‍ എം.എ. മലയാളം, ഭഗവാന്‍, ഡാഡികൂള്‍, ഡ്യുപ്ലിക്കേറ്റ്, ലൗഡ്സ്പീക്കര്‍, സ്വന്തം ലേഖകന്‍, വിന്റര്‍, ബോഡിഗാര്‍ഡ്, സീനിയേഴ്‌സ് തുടങ്ങിയ നിരവധി ചലച്ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ചിട്ടുണ്ട്. പട്ടിണി കിടന്നപ്പോഴും തെരുവില്‍ അലഞ്ഞപ്പോഴും കവിത കൈവിട്ടിരുന്നില്ല, അന്നു എഴുതിക്കളഞ്ഞ കവിതകളാണ് പിന്നീട് തനിക്ക് അന്നം തന്നതെന്ന് കവി സാക്ഷ്യപ്പെടുത്തുന്നു. സ്വന്തമായി തിരക്കഥയെഴുതി സംവിധാനം ചെയ്യണമെന്ന് ആഗ്രഹിച്ച കാട് എന്ന സിനിമായിരുന്നു പനച്ചൂരാന്റെ സ്വപ്‌നം, അതു ബാക്കിയാക്കിയാണ് പ്രിയകവി യാത്രയായത്.
” ഒടുവില്‍ ഞാനെത്തുമ്പോള്‍ പൊലിയുന്ന ദീപമായ്
എന്നെ ഞാന്‍ നിന്നില്‍ കാണുന്നു
ഇനിയെന്നും ജീവിയ്ക്കുമീ മോഹം
നഗ്‌നമാം മോതിര വിരലുകാണുമ്പോഴെന്‍
ഓര്‍മ്മകളെത്താറുണ്ടിന്നും
സപ്ത സ്മൃതികളണെല്ലാമതെന്നും ”