
കൊച്ചി : 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം വിനിയോഗത്തിൽ കൊച്ചി നഗരസഭക്ക് ഒന്നാം സ്ഥാനം നേടിയതായി കൊച്ചി മേയർ അഡ്വ എം അനിൽ കുമാർ. 92.48 കോടി രൂപയുടെ ജനകീയസൂത്രണ പൊതു ഫണ്ട് വിഭാഗത്തിൽ 70.45 കോടി രൂപ ചെലവഴിച്ച് , കൊച്ചി നഗരസഭ ഒന്നാം സ്ഥാനം കൈവരിച്ചു . 76.18 ശതമാനമാണ് ചെലവഴിച്ചിട്ടുള്ളത്.
അടുത്ത ദിവസം തന്നെ 15 കോടി രൂപയുടെ കൂടി പൂർത്തിയായ പ്രവൃത്തികളുടെ ഫണ്ട് വിനിയോഗം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മേയർ അറിയിച്ചു. അങ്ങനെ വന്നാൽ 85 കോടി രൂപ ചെലവഴിക്കും. 2024 -25 സാമ്പത്തിക വർഷത്തിൽ സംസ്ഥാന സർക്കാർ കൊച്ചി നഗരസഭയ്ക്ക് അനുവദിച്ച പണത്തിൽ 90% തുക വിനിയോഗിക്കുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ നാല് കൊല്ലവും ഉയർന്ന സ്ഥാനങ്ങൾ നേടിയ നഗരസഭ അഞ്ചാം സ്ഥാനത്ത് തുടരുന്നത് സംബന്ധിച്ച് , നഗരസഭാ കൗൺസിലിലും മാധ്യമങ്ങളിലും വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട, നിർവ്വഹണ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്ത് അവലോകനം നടത്തി. അസാധ്യമായ പ്രോജക്ടുകൾ മാറ്റം വരുത്തുവാനും , നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രോജക്ടുകൾക്ക് വേഗത വർദ്ധിപ്പിക്കാനും നിർദ്ദേശം നൽകി.
വികസന കമ്മിറ്റി ചെയർമാൻ സി.എ.ഷക്കീറും വികസന സ്ഥിരം സമിതി മുൻ ചെയർമാൻ പി.ആർ. റെനീഷും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെട്ടതായി മേയർ പറഞ്ഞു. നഗരസഭാ സെക്രട്ടറിയും, മറ്റു ഉദ്യോഗസ്ഥന്മാരും ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഭാഗമായാണ് ഈ നേട്ടം കൈവരിക്കാൻ കൊച്ചി നഗരസഭയ്ക്ക് കഴിഞ്ഞത് . പദ്ധതി വിഭാഗം സൂപ്രണ്ട് ശ്രീ. സുനിൽ, ഒപ്പമുള്ള മറ്റ് ഉദ്യോഗസ്ഥർ തുടങ്ങി ഒപ്പം നിന്ന് വിജയിപ്പിച്ച എല്ലാവരെയും ഫേസ്ബുക്കിൽ നടത്തിയ കുറിപ്പിൽ മേയർ അഭിനന്ദിച്ചു.
ബുക്കർമാൻ ന്യൂസ്, കൊച്ചി