കുറവിലങ്ങാട്: കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ എം.സി. റോഡിന് സമാന്തരമായി ആവിഷ്‌കരിച്ച മുന്‍ രാഷ്ട്രപതി ഡോ. കെ.ആര്‍. നാരായണന്‍ സ്മാരക കുറവിലങ്ങാട് ടൗണ്‍ ബൈപ്പാസ് റോഡിന്റെ പൂര്‍ത്തീകരണം നടപ്പാക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയ പുതുക്കിയ പ്രോജക്ട് അംഗീകരിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 3.49 കോടി അനുവദിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അറിയിച്ചു.
കുറവിലങ്ങാട് ടൗണില്‍ വൈക്കം റോഡില്‍ നിന്ന് ആരംഭിച്ച് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപത്തുകൂടി മുട്ടുങ്കല്‍ ജംഗ്ഷനില്‍ എത്തുന്ന രണ്ടാം റീച്ചിന്റെ നിര്‍മ്മാണമാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത് . ആദ്യ ഘട്ടത്തില്‍ ഏറ്റെടുത്ത പാറ്റാനി ജംഗ്ഷന്‍ മുതല്‍ വൈക്കം റോഡ് ജംഗ്ഷന്‍ വരെയുള്ള റോഡാണ് മോന്‍സ് ജോസഫ് എം.എല്‍.എ. യുടെ പരിശ്രമഫലമായി ആദ്യം ഏറ്റെടുത്ത് വികസിപ്പിച്ചത് . എന്നാല്‍ ഈ രണ്ട് റീച്ചുകളും സംയുക്തമായി ചേര്‍ത്ത് ബി.എം. ആന്‍ഡ് ബി.സി. ടാറിംഗ് ഉന്നത നിലവാരത്തില്‍ കുറവിലങ്ങാട് ബൈപ്പാസ് റോഡില്‍ നടപ്പാക്കാനുള്ള പദ്ധതിയാണ് വിവിധ പരിശോധനകള്‍ക്കു ശേഷം ഇപ്പോള്‍ സര്‍ക്കാര്‍ അംഗീകരിച്ച് അനുമതി നല്‍കിയിരിക്കുന്നത്.
കുറവിലങ്ങാട് ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കിയ മിനി പ്രോജക്ട് 2000-ാം ആണ്ടില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.യുടെ പരിശ്രമഫലമായി സംസ്ഥാന ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് ബൈപ്പാസ് പ്രോജക്ട് സര്‍ക്കാരിന്റെ പരിഗണനയില്‍ കൊണ്ടുവരുന്നത്. ആദ്യ റീച്ച് പാറ്റാനി ജംഗ്ഷന്‍ മുതല്‍ വൈക്കം റോഡ് വരെ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് ടാറിംഗ് നടത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ റോഡ് ജനങ്ങള്‍ ഉപയോഗിച്ചുവരികയാണ്. ഇതിന്റെ രണ്ടാംഘട്ടം നടപ്പാക്കാന്‍ 2008 കാലഘട്ടത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. വന്നതിനെ തുടര്‍ന്ന് 5 കോടി രൂപ അനുവദിക്കുകയും റോഡ് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. റോഡ് നിര്‍മ്മാണത്തോടൊപ്പം തോടിന്റെ വികസവും സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. പിന്നീട് ഈ പ്രശ്‌നം ഹൈക്കോടതിയില്‍ കേസായി വരികയും വിശദമായ പരിശോധന നടത്തുകയും ചെയ്തു. 2021 ന്റെ തുടക്കത്തിലാണ് ഹൈക്കോടതിയുടെ അന്തിമ വിധി ഉണ്ടാകുന്നത്. ബൈപ്പാസ് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിക്കൊണ്ടാണ് വിധി പുറപ്പെടുവിച്ചത്. ഇതോടൊപ്പം തോടിന്റെ സംരക്ഷണം ഉറപ്പുവരുത്താനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കുറവിലങ്ങാട് ടൗണില്‍ എല്ലാ ദിവസവും അതിരൂക്ഷമായ ഗതാഗതകുരുക്ക് അനുഭവപ്പെടുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനസര്‍ക്കാര്‍ കുറവിലങ്ങാട് ബൈപ്പാസ് പൂര്‍ത്തീകരണത്തിന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഇപ്രാവശ്യത്തെ നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എ ബന്ധപ്പെട്ട മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്.
ധനകാര്യ വകുപ്പ് മന്ത്രി കെ .എന്‍. ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുമായി നിയമസഭാ സമ്മേളനത്തിനിടയില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ബൈപ്പാസ് പദ്ധതി അംഗീകരിച്ച് 3.49 കോടി രൂപ അനുവദിച്ച ധനകാര്യ വകുപ്പുമന്ത്രിക്കും പൊതുരാമത്ത് മന്ത്രിക്കും കടുത്തുരുത്തി നിയോജക മണ്ഡലത്തിലെ ജനങ്ങള്‍ക്കു വേണ്ടി എം.എല്‍.എ നന്ദി രേഖപ്പെടുത്തുന്നതായി പ്രസ്താവനയില്‍ അറിയിച്ചു.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്