കുറവിലങ്ങാട്: ആണ്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠ മാർച്ച് 30ന് നടക്കും. ക്ഷേത്രം തന്ത്രി അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിലും മേൽശാന്തി മോഹനൻ നമ്പൂതിരിയുടെ സഹകാർമികത്വത്തിലും ആണ് ധ്വജ പ്രതിഷ്ഠ. രാവിലെ 9.45 നും 10 .30 നും മധ്യേയാണ് മുഹൂർത്തമെന്ന് ക്ഷേത്ര ദേവസ്വം, ധ്വജ പ്രതിഷ്ഠാ സമിതി ഭാരവാഹികൾ അറിയിച്ചു. രാവിലെ പത്തിന് കലാമണ്ഡലം പുരുഷോത്തമൻ്റെ പ്രമാണിത്വത്തിൽ സ്പെഷ്യൽ പഞ്ചവാദ്യം ഉണ്ടായിരിക്കും.
11:30ന് വിൻ്റേജ് വയലിൻ. അവതരണം- പാലാ അജയകുമാർ, മൃദംഗം അഡ്വ. സുനിൽകുമാർ ഓണംതുരുത്ത്, ഘടം കുറിച്ചിത്താനം അനന്തകൃഷ്ണൻ .ശബരിമല മുതൽ നിരവധി പ്രധാന ക്ഷേത്രങ്ങളിൽ കൊടിമര നിർമ്മാണത്തിന് നേതൃത്വം വഹിച്ച പത്തിയൂർ വിനോദ് ബാബു ആണ് കൊടിമര ശില്പി. ധ്വജപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ചടങ്ങുകൾ 25ന് ആരംഭിക്കും. കഴിഞ്ഞ രണ്ടു വർഷത്തോളം കൊടിമരം എണ്ണത്തോണിയിൽ ആയിരുന്നു. ഫെബ്രുവരി 13ന് ആധാര ശിലാ സ്ഥാപനവും തുടർന്ന് കൊടിമരം നാട്ടലും നടന്നു. ആറു ദിവസം നീണ്ടു നിൽക്കുന്ന ചടങ്ങുകളാണ് ധ്വജപ്രതിഷ്ഠയ്ക്ക് മുന്നോടിയായി നടക്കുന്നത്.
മാർച്ച് 28 രാവിലെ പത്തിന് കൊടിമരത്തിൽ പറയിറക്കൽ ചടങ്ങ് നടക്കും. വൈകിട്ട് ഏഴിന് കർണാട്ടിക് ഭജൻസ് അവതരണം സേതുലക്ഷ്മി പുട്ടപർത്തി ആൻഡ് പാർട്ടി.
മാർച്ച് 29 വൈകിട്ട് 5 .30ന് ആണ്ടൂർ അഞ്ചക്കുളം ദേവി ക്ഷേത്രത്തിൽ നിന്ന് കൊടിക്കൂറ, കുടിക്കയർ ഘോഷയാത്ര. രാത്രി ഏഴിന് ഇൻസ്ട്രുമെന്റൽ ഫ്യൂഷൻ. അവതരണം എം.എസ്. അരുൺ , പവൻ ശങ്കർ.
കൊടിയേറ്റിനു മുന്നോടിയായി മാർച്ച് 30 വൈകിട്ട് 5. 30 ന് ക്ഷേത്ര പ്രതിനിധികൾ കാണിക്കിഴി സമർപ്പിക്കും.
7 .30നാണ് പുതിയ കൊടിമരത്തിൽ കൊടിയേറ്റുന്നത്. തുടർന്ന് ക്ഷേത്രം മൈതാനത്ത് 150ലധികം കലാകാരികൾ അണിനിരക്കുന്ന തിരുവാതിര. തുടർന്ന് വന്ദേ ഗുരു പരമ്പര എന്ന സാംസ്കാരിക സദസ്സ് നടക്കും. ചടങ്ങിൽ മന്ത്രിമാർ, ജനപ്രതിനിധികൾ, കലാസാംസ്കാരിക, സാമുദായിക, രംഗങ്ങളിലെ പ്രമുഖർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. നവീകരിച്ച ചുറ്റമ്പലവും പുതുതായി പണികഴിപ്പിച്ച ആനക്കൊട്ടിലും ചടങ്ങിൽ ഭക്തജനങ്ങൾക്ക് സമർപ്പിക്കും. ആണ്ടൂർ ശ്രീ മഹാദേവന്റെ പേരിൽ എല്ലാവർഷവും നൽകുന്ന രുദ്ര മുദ്ര പുരസ്കാരം ചടങ്ങിൽ സമ്മാനിക്കും. എസ്എസ്എൽസി പ്ലസ് ടു വിഷയങ്ങളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകും. പ്രതിഷ്ഠയോടനുബന്ധിച്ച് ധ്വജപ്രതിഷ്ഠ സമിതി പുറത്തിറക്കുന്ന ശിവോഹം എന്ന സ്മരണിക തദവസരത്തിൽ പ്രകാശനം ചെയ്യും.
തിരുവുത്സവത്തിന്റെ രണ്ടാം ദിനമായ മാർച്ച് 31ന് വൈകിട്ട് ഏഴിന് പാലാ രാഗമാലിക നൃത്ത,സംഗീത വിദ്യാലയം ഒരുക്കുന്ന നൃത്ത സന്ധ്യ അരങ്ങേറും. തുടർന്ന് വീര നാട്യം. അവതരണം: ശിവം വീരനാട്യ സംഘം ആണ്ടൂർ.
ഒന്നാം തീയതി വൈകിട്ട് ഏഴിന് റിഥം ഓഫ് ആണ്ടൂർ എന്ന പരിപാടി അരങ്ങേറും. അവതരണം ശ്രീദുർഗ്ഗ നൃത്ത കലാലയം ആണ്ടൂർ. രണ്ടാം തീയതി രാവിലെ 10. 30 ന് ഉത്സവ ബലി ദർശനം. വൈകിട്ട് ഏഴിന് സോപാനസംഗീത അരങ്ങേറ്റം- ‘ശ്രേയസ്സോപാനം’. അവതരണം ശ്രേയസ് ആർ. കരോട്ടു വെട്ടിക്കാട്ടിൽ. രാത്രി എട്ടിന് ലയ സോപാനം, അവതരണം ഏലൂർ ബിജു. മോഹിനിയാട്ട ആവിഷ്കാരം – ഡോക്ടർ ലക്ഷ്മി ലാൽ, കുമാരി കൃഷ്ണ രാജീവ്, കുമാരി നന്ദന വിനോദ്. 9.30 ന് വീരനാട്യം അവതരണം: ശ്രീനാരായണ വീരനാട്യസംഘം പാലാ.
മൂന്നാം തീയതി രാവിലെ 8.30 ന് കാഴ്ച ശ്രീബലി നാദസ്വരം: തെന്നത്തൂർ മനോജ്, മായാ മനോജ് & പാർട്ടി. ചെണ്ടമേളം: ആനിക്കാട് കലാസമിതി. 3.30 ന് പറയ്ക്കെഴുന്നള്ളിപ്പ്. വൈകിട്ട് അഞ്ചിന് മരങ്ങാട്ടുപിള്ളി പാറപ്പനാൽ കൊട്ടാരത്തിൽ നിന്നും എഴുന്നള്ളത്ത്. വൈകിട്ട് ആറിന് ആണ്ടൂർ സരസ്വതി വിലാസം എൻഎസ്എസ് കരയോഗത്തിൽ പറയെടുപ്പും താലപ്പൊലി സംഗമവും. ഏഴിന് ആണ്ടൂർ എസ്എൻഡിപി ഗുരു മന്ദിരത്തിൽ നിന്ന് താലപ്പൊലി ഘോഷയാത്ര ആരംഭിക്കും. രാത്രി 9ന് ക്ഷേത്രത്തിൽ താലംവരവ്. 9.30 ന് തിരുവരങ്ങിൽ ഹൃദയ ജപലഹരി. അവതരണം ശിവഹരി ഭജൻസ് വൈക്കം.
ആറാട്ട് ദിനമായ ഏപ്രിൽ നാലിന് രാവിലെ 8. 30ന് കാഴ്ച ശ്രീബലി എഴുന്നള്ളിപ്പ്. പഞ്ചവാദ്യം: ആനിക്കാട് കലാസമിതി, ചെണ്ടമേളം ആനിക്കാട് കലാസമിതി. വൈകിട്ട് ഏഴിന് ആണ്ടൂരപ്പന്റെ ആറാട്ട് ക്ഷേത്രക്കുളത്തിൽ നടക്കും. തുടർന്ന് ആറാട്ട് എതിരേൽപ്പ്. വലിയ വിളക്ക്. 7.30ന് തൃശ്ശൂർ പൂരം മേള പ്രമാണി ചേരാനല്ലൂർ ശങ്കരൻ കുട്ടന്മാരാരുടെ പ്രമാണിത്വത്തിൽ 101 മേള കലാകാരന്മാർ അണിനിരക്കുന്ന ആൽത്തറമേളം. രാത്രി 10. 30ന് 25 കലശാഭിഷേകം, വലിയ കാണിക്ക, കൊടിയിറക്കം.
ധ്വജപ്രതിഷ്ഠയ്ക്കു മുന്നോടിയായി 23 ന് മഹാദേവ ക്ഷേത്രത്തിന് സമീപത്തുള്ള 30 ക്ഷേത്രങ്ങളിലേക്ക് വിളംബര രഥഘോഷയാത്ര നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാഹനങ്ങളുടെ അകമ്പടിയിൽ ഓരോ ക്ഷേത്രത്തിലുമെത്തി ധ്വജപ്രതിഷ്ഠയുടെ വിവരങ്ങൾ അറിയിക്കും.
വാർത്താ സമ്മേളനത്തിൽ ധ്വജപ്രതിഷ്ഠാ സമിതി പ്രസിഡൻ്റ് ശ്രീകാന്ത് എസ്.ശ്രീലകം, സെക്രട്ടറി സി.കെ.രാജേഷ് കുമാർ, ദേവസ്വം പ്രസിഡൻ്റ് ലാൽ കെ. തോട്ടത്തിൽ, സെക്രട്ടറി വാസുദേവശർമ്മ കൊട്ടാരത്തിൽ, യുവജനവേദി കൺവീനർ ഡോ.വിമൽ ശർമ എന്നിവർ പങ്കെടുത്തു.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്