പറവൂർ : സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്കും സംരംഭങ്ങൾക്കും ഊർജ്ജം പകരുന്ന വനിതാകൂട്ടായ്മ ലക്ഷ്യമാക്കി പറവൂരിൽ കടുംബശ്രീയും റെഡ്സ്റ്റാർ ഫൈൻ ആർട്സ് സൊസൈറ്റിയും സംയുക്തമായി അന്തർദേശീയ വനിതാദിനം ആചരിക്കുന്നു. ശില്പശാലയും സമ്മേളനവുമായി വിവിധ പരിപാടികളാണ് നടക്കുക. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച എട്ട് വനിതകളെ ചടങ്ങിൽ ആദരിക്കും.
ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തൃക്കപുരം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ആരംഭിക്കുന്ന ശില്പശാല കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഷാജി ഉദ്ഘാടനം ചെയ്യും. ജെൻസി തോമസ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) അധ്യക്ഷത വഹിക്കും. എൻ ബി സോമൻ (ജന. സെക്രട്ടറി, റെഡ് സ്റ്റാർ ) ആമുഖ പ്രഭാഷണം നടത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി മാർഗ്ഗരേഖകളെക്കുറിച്ചും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ആസൂത്രിതമായ ഇടപെടലുകളെക്കുറിച്ചും ചർച്ച ചെയ്യുന്ന ശിൽപ്പശാല കെ വി അനിൽകുമാർ (റിട്ട. ജോയിന്റ് ഡയറക്ടർ, സംസ്ഥാന ഓഡിറ്റ് വകുപ്പ്) നയിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന 200 കുടുംബശ്രീ പ്രവർത്തകർക്കാണ് പ്രവേശനം.
വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം വനിതാ സാഹിതി സംസ്ഥാന സെക്രട്ടറി രവിത ഹരിദാസ് ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് ചെയർ പേഴ്സൺ കമലാ സദാനന്ദൻ വനിതാദിന സന്ദേശം നൽകും. ചടങ്ങിൽ വനിതാപ്രതിഭകളെ ആദരിക്കും. രാജേശ്വരി ബാലചന്ദ്രൻ, (കില കോർഡിനേറ്റർ), സജ്‌ന ഷാജി (ചിത്രകാരി), രമണി അനിൽകുമാർ (ഓട്ടോ ഡ്രൈവർ, ആശാ വർക്കർ), ജിനി പോൾ (ടീച്ചർ, ബഡ്സ് സ്കൂൾ), സീമ ധൃവോച്ചിൻ (ആർ ആർ ടി അംഗം, കായികതാരം), സിമി മാർട്ടിൻ (ബഡ്സ് സ്കൂൾ) വിദ്യാർത്ഥികളായ വേദ എ പിള്ള (ഉജ്വല ബാല്യം – സംസ്ഥാന അവാർഡ് ജേതാവ്), തീർത്ഥാലക്ഷ്മി (ചിത്രകാരി) എന്നിവരാണ് ആദരിക്കപ്പെടുന്നത്.
ബുക്കർമാൻ ന്യൂസ്, N. പറവൂർ