കൊച്ചി: അവയവമാറ്റ പ്രക്രിയയിൽ വേണ്ടിവരുന്ന സൂക്ഷ്മവും സങ്കീർണവുമായ ടെസ്റ്റുകൾ കൃത്യതയോടെ അതിവേഗത്തിൽ ലഭ്യമാകുമ്പോൾ അത് അവയവമാറ്റം കാത്തിരിക്കുന്ന അനേകം രോഗികൾക്ക് ആശ്വാസമാകും. കൃത്യമായ അവയവ ചേർച്ച പരിശോധനാഫലം ശസ്ത്രക്രിയയ്ക്കു ശേഷമുള്ള അവയവ തിരസ്കരണ സാധ്യതകൾ ഗണ്യമായി കുറയ്ക്കുന്നതിനാൽ രോഗികൾക്കും ചികിത്സകർക്കും ഒരേപോലെ പ്രയോജനപ്രദമാണ്.
അവയവമാറ്റ പ്രക്രിയയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് ഉപയുക്തമാകുന്ന അതി നൂതനങ്ങളായ സാങ്കേതിക വിദ്യകളെ കോർത്തിണക്കി പുളിക്കൽ മെഡിക്കൽ ഫൗണ്ടേഷൻ ആരംഭിച്ചിട്ടുള്ള അഡ്വാൻസ് സെന്റർ ഫോർ ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ആന്റ് മോളിക്കുലാർ സയൻസ് (ആക്റ്റിമോസ്), ഈ മേഖലയിലുള്ള വിദഗ്ധരെ പങ്കെടുപ്പിച്ച് ശില്പശാലയൊരുക്കി. ശില്പശാലയിൽ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഇരുന്നൂറ്റിഅമ്പതോളം വിദഗ്ധർ ഒത്തുചേർന്നു.
ട്രാൻസ്പ്ലാന്റ് ഇമ്മ്യൂണോളജി ടെസ്റ്റുകൾക്ക് നിലവിലുള്ള കാലതാമസത്തിന് പരിഹാരമാകുന്ന ആക്ടിമോസ്, ഈ തരത്തിലുള്ള കേരളത്തിലെ ആദ്യത്തെ ലാബാണ്. വൃക്ക, കരൾ, ഹൃദയം, പാൻക്രിയാസ് തുടങ്ങിയവ അവയവമാറ്റത്തിനായി നൽകപ്പെട്ട സാമ്പിളുകളിൽ നിന്ന്, ഹിസ്റ്റോകമ്പാറ്റിബിലിറ്റി ഇമ്മ്യൂണോജനറ്റിക്ക് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി, അനുയോജ്യമായ ദാതാവിനെ വേഗത്തിൽ കണ്ടെത്തി, രോഗിയുടെ ആശുപത്രിവാസം കുറയ്ക്കുകയും ഫലപ്രാപ്തി ഉയർത്തുകയും ചെയ്യുന്നതോടെ രോഗിക്കക്ക് മെച്ചപ്പെട്ടതും ദീർഘവുമായ തുടർജീവിതത്തിന് സഹായമേകാൻ പുതിയ സംവിധാനത്തിന് കഴിയുന്നതിനെ പറ്റിയാണ് ശില്പശാലയിൽ പ്രതിപാദിക്കുന്നത്.
പാലാരിവട്ടം ഹോട്ടൽ എംപ്രസ്സിൽ ഡോ. വി.വി. ബാക്ഷി ഉദ്ഘാടനം നിര്‍വഹിച്ചു . മെഡിക്കല്‍ ട്രസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. പി വി ലൂയിസ് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ട്രസ്റ്റിലെ മെഡിക്കല്‍ ആന്റ് കെമേഷ്യല്‍ ഡയറക്ടര്‍ ഡോ. പി വി തോമസ്,ഡോ. അന്റോണിയോ പോൾ, ഡോ. അർപ്പിത റായി ചൗധരി, ഡോ. മോഹന്ദാസ് മുരുകേശൻ,ഡോ. മാമൻ എം ജോൺ, ഡോ. മുഹമ്മദ് ഇക്ബാൽ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
ശില്പശാലയിൽ പങ്കെടുത്തവർക്ക് ആക്ടിമോസ് ലാബ് സന്ദർശിക്കാനും സംവിധാനങ്ങൾ മനസ്സിലാക്കാനുമുള്ള അവസരം ഒരുക്കി.
കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യൂ ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ, ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ, നെഫ്രോളജി അസോസിയേഷൻ ഓഫ് കേരള ട്രാൻസ്ഫ്യൂഷൻ മെഡിസിൻ അക്കാദമി സൊസൈറ്റി എന്നിവയുടെ അംഗീകാരത്തോടെയാണ് ആക്ടീമോസ് പരിപാടി സംഘടിപ്പിച്ചത്.
ബുക്കർമാൻ ന്യൂസ്, കൊച്ചി