കൊച്ചി: ലോകത്തിലെ ബിസിനസ് -വ്യവസായ മേഖലയുടെ ഒരു പരിച്ഛേദം തന്നെയായി കൊച്ചിയിലെ ഇൻവെസ്റ്റ് കേരള സമ്മിറ്റ്. ഓസ്‌ട്രേലിയ, ജർമനി, വിയറ്റ്നാം, മലേഷ്യ, ബഹ്‌റൈൻ, യു എ ഇ, ഫ്രാൻസ്, നോർവെ തുടങ്ങി വിവിധ രാജ്യങ്ങളിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖർ ഒത്തുചേർന്നപ്പോൾ കൊച്ചി ലോകത്തിന്റെ തന്നെ വാണിജ്യ തലസ്ഥാനമായി മാറി. കേരളത്തിലെ ഏറ്റവും വലിയ നിക്ഷേപക മുന്നേറ്റമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോൾ ചരിത്ര മുഹൂർത്തമെന്ന് യു എ ഇ ധനമന്ത്രി അബ്ദുല്ല ബിൻ തുക് അൽമാരി. സാമ്പത്തിക സഹകരണത്തിനും നവീകരണത്തിനും മികച്ച പ്ലാറ്റ് ഫോമെന്നായിരുന്നു ബഹ്‌റൈൻ വ്യവസായ മന്ത്രി അബ്ദുല്ല ബിൻ ഫഖ്‌റു അഭിപ്രായപ്പെട്ടത്.
കേരളത്തിന്റെ സ്വന്തം എം എ യൂസഫലി ഉയർജ്വസ്വലമായ നിക്ഷേപ അന്തരീക്ഷത്തെയാണ് പ്രകീർത്തിച്ചത്. നിക്ഷേപസൗഹൃദമാക്കുന്നതിനു സർക്കാരിന് എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി വാഗ്ദാനം ചെയ്ത 30000 കോടി ഉൾപ്പെടെ ലക്ഷോപലക്ഷം കോടികളാണ് ഈ സമ്മിറ്റ് വഴി കേരളത്തിൽ വികസന നിക്ഷേപമായെത്തുന്നത്. വികസനകാര്യത്തിൽ കേരളം സിംഗപ്പൂർ പോലെയാകുമെന്നാണ് ഇൻവെസ്റ്റ് സമ്മിറ്റിലെ വിദഗ്ധർ അഭിപ്രായപ്പെട്ടത്.
ബുക്കർമാൻ ന്യൂസ്, കൊച്ചി
Photo courtesy : Deshabhimani