കൊച്ചി : നഗരത്തിൽ അശരണരായി വഴിയോരത്ത് അന്തിയുറങ്ങുന്നവർക്ക് ഇനി തലചാക്കാനിടമൊരുങ്ങുന്നു. ജില്ലാ ഭരണകൂടവും കൊച്ചി നഗരസഭയും ജിസിഡിഎയും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി ജില്ല കളക്ടറും കൊച്ചി മേയറും മുൻകൈയെടുത്ത് ചർച്ചകൾ സംഘടിപ്പിച്ചിരുന്നു.
സന്നദ്ധ സംഘടനയായ പീസ് വാലി ഫൗണ്ടേഷനാണ് ജില്ലാ കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വഴിയോരത്ത് അന്തിയുറങ്ങുന്നവരുടെ ലിസ്റ്റ് തയ്യാറാക്കിയത്. ഇതിൽ രോഗികളായിട്ടുള്ള മുഴുവൻ പേരെയും സംരക്ഷിക്കണമെന്ന കൊച്ചി മേയറുടെ അഭ്യർത്ഥന വരാപ്പുഴ അതിരൂപത മെത്രാൻ ഡോ. ജോസഫ് കളത്തി പറമ്പിൽ അംഗീകരിച്ചിരുന്നു. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള എല്ലാ ശരണാലയങ്ങളിലും ഇങ്ങനെയുള്ളവരെ പ്രവേശിപ്പിക്കാം എന്ന് സഭ ഉറപ്പു നൽകിയതായി മേയർ ഫേസ്ബുക്കിൽ കുറിച്ചു.