വയലാ : ഇന്നുരാവിലെ വരനായി കല്യാണപ്പന്തലിൽ എത്തേണ്ടിയിരുന്നതാണ് ജിജോ. മനസ്സിൽ കോർത്തെടുത്ത സ്വപ്പ്നങ്ങൾ ബാക്കിയാക്കി, എല്ലാവരെയും കണ്ണീരിലാഴ്ത്തിയുള്ള ആ പോക്ക് വീടിനും നാടിനും തീരാവേദനയായി. വിവാഹ അലങ്കാരങ്ങളും സന്തോഷവും ചിരിയും നിറയേണ്ട വീട് സങ്കടക്കയത്തിലാണ്ടുപോയി.
ഇന്നലെയുണ്ടായ അപകടം എല്ലാം തകർത്തു.
കോട്ടയം കടപ്ലാമറ്റം വയലാ നെല്ലിക്കുന്നിലുള്ള കൊച്ചുപാറയിൽ ജിൻസന്റെ മകൻ ജിജോ ജിൻസൺ (21) ഇന്നലെ രാത്രി കാളികാവിനു സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്ത് വയലാ സ്വദേശി അജിത്ത് ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. ഇവർ സഞ്ചരിച്ച ബൈക്കിൽ ട്രാവലർ ഇടിച്ചാണ് അപകടo.
ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ജിജോയെയും അജിത്തിനെയും നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിജോയുടെ ജീവൻ രക്ഷിക്കാനായില്ല. വയലാ സ്വദേശിയായ യുവതിയുമായി ജിജോയുടെ വിവാഹം ഇന്ന് രാവിലെ ഇലയ്ക്കാട് സെൻ്റ് മേരീസ് പള്ളിയിൽ നടക്കാനിരിക്കെ ആണ് അപകടം ‘ സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 ന് ഇതേപള്ളിയിൽ നടക്കും.
ബുക്കർമാൻ ന്യൂസ്