തൃശൂർ: ഇന്ദുചൂഡന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഇന്ദുചൂഡൻ ഹൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ‘പാടിപ്പറക്കുന്ന മലയാളം’ എന്ന പേരിലുള്ള അഞ്ചാമത് പക്ഷിച്ചിത്രപ്രദർശനം ജനുവരി 17 മുതൽ 20 വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിൽ നടക്കും. രാവിലെ 11 മുതൽ വൈകീട്ട് 7 മണിവരെയായിരിക്കും പൊതുജനങ്ങൾക്ക് പ്രവേശനം. 17ന് 5 മണിക്ക് പ്രൊഫസർ സുന്ദർ ദാസ് പരിപാടി ഉദ്ഘാടനം ചെയ്യും.
മലയാളഭാഷയോടുള്ള നമ്മുടെ ആത്മബന്ധം നിലനിർത്തുക എന്നതു കൂടിയാണ് ഈ പ്രദർശനം ലക്ഷ്യമിടുന്നത്. ഭാഷയുടെ സൗന്ദര്യം പൂർണ്ണമായും എന്താണെന്ന്, അതല്ലെങ്കിൽ മലയാളം ഇത്തരത്തിലും ആവാം എന്ന് മലയാളിക്കു കാണിച്ചു തന്ന പ്രതിഭാധനനായ എഴുത്തുകാരൻ കൂടിയായിരുന്നു ഇന്ദുചൂഡൻ, ഓരോ പക്ഷികളുടെയും പ്രത്യേകതകളെ പഠിക്കുകയും വരച്ചിടുകയും ചെയ്ത ഇന്ദുചൂഡൻ്റെ ‘കേരളത്തിലെ പക്ഷികൾ’ എന്ന പുസ്തകം പക്ഷിവിജ്ഞാനശാഖയുടെ മാത്രമല്ല ചുറ്റുമുള്ള ജീവജാലങ്ങളോടുള്ള ആദരവിൻ്റെ കൂടി രേഖയാണ്. വിദ്യാർത്ഥികൾക്കും പ്രകൃതിസ്നേഹികൾക്കും പക്ഷികളെ കുറിച്ച് അറിയാനും ഇന്ദുചൂഡന്റെ സംഭാവനകളെ മനസിലാക്കാനും ഈ പ്രദർശനം സഹായിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ബുക്കർമാൻ ന്യൂസ് ചങ്ങരംകുളം