പെരുവ: എം വി ഐ പി (മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റ് ) കനാലിലൂടെ തുറന്നു വിടുന്ന വെള്ളം നിയന്ത്രിക്കണമെന്ന് കർഷകർ. എം.വി.ഐ.പി. യുടെ മരങ്ങോലിയിൽ നിന്നും പെരുവ ഉപകനാലിലൂടെ തുറന്നു വിടുന്ന അധിക വെള്ളം ചെന്നു ചേരുന്നത് മുളക്കുളം ഇടയാറ്റുപാടശേഖരത്തിലാണ്. പാടശേഖരത്തിലെ വെള്ളം വറ്റാത്തത് മൂലം ഏക്കർ കണക്കിന് പാടത്ത് കൃഷിയിറക്കാൻ കഴിയുന്നില്ല. കർഷകർ മോട്ടോർ ഉപയോഗിച്ച് പാടത്ത് നിന്നും വെള്ളം അടിച്ചു പറ്റിച്ചാണ് ഇപ്പോൾ കൃഷിയിറക്കുന്നത്.
കനാലിലൂടെ തുറന്നു വിടുന്ന അധിക വെള്ളം വീണ്ടും പാടത്തേക്ക് ചെന്നാൽ അത് കർഷകർക്ക് വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കും ഇതിനായി കനാൽ തുറന്നു വിടുമ്പോൾ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കി അധിക വെള്ളം പാടത്തേക്ക് വരാതെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കർഷകരുടെ നേതൃത്വത്തിൽ ജനകീയ പ്രതികരണവേദി എം.എൽ.എ. ക്കും കൃഷി ഓഫീസർക്കും, വകുപ്പ് അധികാരികൾക്കും പരാതി നൽകി. ഡിസംബറിൽ കൃഷിയിറക്കേണ്ട പാടങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം മൂലം വെള്ളം വറ്റാൻ താമസിച്ചതോടെ കൃഷി സമയങ്ങൾ താളം തെറ്റി.
മുളക്കുളം ഇടയാറ്റു പാടശേഖരത്തിൽ മോട്ടർ പമ്പ് സ്ഥാപിക്കണമെന്ന് വർഷങ്ങളായി കർഷകൾ ആവശ്യപ്പെടുന്നു. ത്രിതല പഞ്ചായത്തിൽ നിന്നും മോട്ടറിനും , വൈദ്യുതി കണക്ഷനും, ബണ്ടിനും പണം അനുവദിച്ചെങ്കിലും പിന്നീട് ജനപ്രതിനിധികളോ, ഉദ്യോഗസ്ഥരോ തുടർനടപടി സ്വീകരിച്ചില്ലെന്നും കർഷകർ ആരോപിക്കുന്നു.
ബുക്കർമാൻ ന്യൂസ് കുറവിലങ്ങാട്