കുറവിലങ്ങാട്: ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അൻപത് കുടുംബങ്ങൾക്ക് അരലക്ഷത്തോളം രൂപയുടെ ഭക്ഷ്യധാന്യകിറ്റുകൾ സമ്മാനിച്ച് സ്വരുമ പാലിയേറ്റീവ് കെയർ. വിവിധ വ്യക്തികളുടെ സഹകരണത്തോടെയാണ് ആയിരം രൂപയോളം വിലവരുന്ന ഭക്ഷ്യധാന്യകിറ്റുകൾ ക്രമീകരിച്ച് നൽകിയത്. കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂർ പഞ്ചായത്തുകളിലെ രോഗികളും നിർധനരുമായ കുടുംബങ്ങൾക്കാണ് സ്വരുമയുടെ ഇടപെടലിൽ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് കൂടുതൽ നിറംലഭിച്ചത്.
ഓണാഘോഷവേളയിലും അരലക്ഷത്തോളം രൂപയുടെ ഫുഡ് കിറ്റ് സ്വരുമ പൊതുജനപങ്കാളിത്തത്തോടെ സമ്മാനിച്ചിരുന്നു. ക്രിസ്തുമസ് കേക്ക് അടക്കമുള്ള വിഭവങ്ങളാണ് ഇക്കുറി സമ്മാനിച്ചത്. ജനപ്രതിനിധികളുടേയും സ്വരുമ വോളണ്ടിയർമാരുടേയും നേതൃത്വത്തിൽ ഫുഡ് കിറ്റുകൾ വീടുകളിലെത്തിച്ച് നൽകി.
കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഇരുനൂറിലേറെ വീടുകളിൽ സാന്ത്വന പരിചരണം നൽകുന്നതിനൊപ്പമാണ് നിർധന കുടുംബങ്ങളുടെ സാമൂഹിക ആവശ്യങ്ങളിലും സ്വരുമ ജനകീയ ഇടപെടലുകൾ നടത്തുന്നത്.
സ്വരുമയുടെ ക്രിസ്തുമസ് ആഘോഷങ്ങൾ മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയം ആർച്ച്പ്രീസ്റ്റ് ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്വരുമ പാലിയേറ്റീവ് കെയർ പ്രസിഡന്റ് ഷിബി വെള്ളായിപറമ്പിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസാ ജോസഫ്, ബ്ലോക്ക് പഞ്ചായത്തംഗം പി.സി കുര്യൻ, ടോമി തൊണ്ടാംകുഴി, സ്വരുമ സെക്രട്ടറി കെ.വി തോമസ്, ട്രഷറർ ജോൺ സിറിയക് കരികുളം, കോർഡിനേറ്റർ ബെന്നി കോച്ചേരി എന്നിവർ പ്രസംഗിച്ചു.
ബുക്കർമാൻ ന്യൂസ്, കുറവിലങ്ങാട്