ചങ്ങരംകുളം: അക്ഷരക്കൂട്ടം സിൽവർ ജൂബിലി 2024 ആഘോഷത്തിന്റെ ഭാഗമായി ‘അക്ഷരക്കൂട്ടം സിൽവർ ജൂബിലി നോവൽ പുരസ്കാരം’ മനോഹരൻ വി പേരകത്തിനു സമ്മാനിച്ചു. തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരൻ ടി ഡി രാമകൃഷണൻ പുരസ്കാരം നൽകി. 25000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. തൃശൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ എം എൽ റോസി പുരസ്‌കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ പി ശിവപ്രസാദ് അധ്യക്ഷത വഹിച്ചു. കവിയും പ്രഭാഷകനുമായ പി. എൻ. ഗോപീകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. മനോഹരൻ വി പേരകത്തിന്റെ ‘ഒരു പാക്കിസ്ഥാനിയുടെ കഥ’ എന്ന നോവലിനായിരുന്നു പുരസ്കാരം.
ചടങ്ങിൽ മികച്ച പുസ്തക കവർ ഡിസൈനുള്ള പുരസ്കാരം സംവിധായകൻ പ്രിയനന്ദനനിൽ നിന്ന് സലീം റഹ്മാൻ ഏറ്റുവാങ്ങി. റഫീഖ് ബദരിയയുടെ നോവൽ ‘ആലം നൂർ’ പ്രകാശനവും നടത്തി. എഴുത്തുകാരി ഷീബ അമീർ, ജൂറി ചെയർമാൻ എം. നന്ദകുമാർ, കവി കുഴൂർ വിത്സൺ, നടനും റേഡിയോ പ്രക്ഷേപകനുമായ കെ. പി. കെ. വെങ്ങര, ആർട്ടിസ്റ്റ് സി. കെ. ലാൽ, ബാലൻ വെങ്ങര എന്നിവർ സംസാരിച്ചു. ഫൈസൽ ബാവ സ്വാഗതവും ഗിൻ്റോ പുത്തൂർ നന്ദിയും പറഞ്ഞു.
ബുക്കർമാൻ ന്യൂസ്, ചങ്ങരംകുളം