ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഒരു മാസം നീളുന്ന കലാ-സാഹിത്യ – സാംസ്കാരികോത്സവത്തിന് വേദിയൊരുങ്ങുന്നു. ഡിസംബർ 1 മുതൽ 31 വരെ ചങ്ങമ്പുഴ പാർക്കിലാണ് പരിപാടികൾ നടക്കുക
ഓരോ ദിവസവും വൈവിധ്യമുള്ള കലാപരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. മൂന്ന് നാടകങ്ങൾ, മൂന്ന് പ്രഭാഷണങ്ങൾ, അഞ്ച് സംഗീതക്കച്ചേരി, നാല് കഥകളി, നാല് ഭരതനാട്യം, കൂടിയാട്ടം, മോഹിനിയാട്ടം, ഒഡിസ്സി, കഥക്, പുല്ലാങ്കുഴൽ – നാഗസ്വരം, ഇടക്ക കച്ചേരി , ചവിട്ടുനാടകം, ഗസൽ ,നാടൻപാട്ട്, മാപ്പിളപ്പാട്ട്, ദഫ് മുട്ട്, ഒപ്പന, സിനിമ, തുടങ്ങി കണ്ണിനും കാതിനും ഇമ്പമേകുന്ന പരിപാടികൾ ഉത്സവത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ആശ ശരത്, ഡോ.രാജശ്രീ വാര്യർ, ഉത്തര ഉണ്ണി ,മധുലിത മൊഹാപത്ര, സാന്ദ്ര പിഷാരടി, ആതിര ഗിരിധരൻ, കലാമണ്ഡലം ജയലക്ഷ്മി, വൈക്കം വിജയലക്ഷ്മി, ഡോ.രംഗനാഥ ശർമ, അശ്വിൻ ഭോഗേന്ദ്ര, ചെങ്കോട്ടൈ ഹരിഹരസുബ്രഹ്മണ്യൻ, ഡോ.എൻ.ജെ.നന്ദിനി, വിജയ് സൂർ ദാസ്, കാവിൽ ഉണ്ണികൃഷ്ണമാരാർ തുടങ്ങിയ കലാകാരന്മാരും ജോണി ലൂക്കോസ്, ഷൗക്കത്ത്, വി.കെ.സുരേഷ് ബാബു തുടങ്ങിയ പ്രശസ്തരായ പ്രഭാഷകരും വിവിധ ദിവസങ്ങളിലായി വേദിയിലെത്തും.
ഉമ്മാച്ചു, മുച്ചീട്ടുകളിക്കാരന്റെ മകൾ, മിഠായിത്തെരുവ് എന്നിവയാണ് നാടകങ്ങൾ. ചങ്ങമ്പുഴയുടെ കവിത ‘കാമുകൻ വന്നാൽ’ മോഹിനിയാട്ടം നൃത്തശില്പമായി അവതരിപ്പിക്കും. പി ഭാസ്കരന്റെ ഗാനങ്ങൾ ഉൾപ്പെടുത്തിയ ‘ഭാസ്കര സന്ധ്യ’യും ഉത്സവത്തിനു ഭംഗി കൂട്ടും.
‘ആട്ടം’ സിനിമ പ്രദർശനവും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കാണികളുടെ നടത്തുന്ന സംവാദവും ഇതിന്റെ ഭാഗമായി നടക്കും.