തമിഴ് രാഷ്ട്രീയത്തെ വെല്ലുവിളിച്ച് മഹാറാലിയുമായെത്തിയ ദളപതി വിജയ് എല്ലാ പാർട്ടിക്കാരെയും അമ്പരപ്പിച്ചു. 85 ഏക്കറിൽ ഒരുക്കിയ മഹാസമ്മേളനം ക്യാമറയിലൊതുക്കാൻ മാധ്യമങ്ങളും പണിപ്പെട്ടു.
ഈ പാർട്ടി നിലവിലുള്ള ഒരു പാർട്ടിക്കും പകരമല്ലെന്നും പുതിയൊരു രാഷ്ട്രീയ കാഴ്ചപ്പാട് തമിഴർക്ക് നൽകുകയാണ് ലക്ഷ്യമെന്നും ലക്ഷങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് വിജയ് പറഞ്ഞു. എം ജി ആറിനും ജയലളിതക്കും വിജയകാന്തിനും കമൽഹാസനും ശേഷം സിനിമയിൽനിന്നും രാഷ്ട്രീയത്തിലെത്തുന്ന വിജയ് 2026 ലെ തിരഞ്ഞെടുപ്പിലെ പ്രധാന പോരാളിയാകുമെന്നുറപ്പ്. അതുവരെയുള്ള രാഷ്ട്രീയ തന്ത്രങ്ങളിൽ വീഴാതെ പിടിച്ചുനിൽക്കുകയും ഇപ്പോഴുള്ള ആൾക്കൂട്ടത്തെ വോട്ടാക്കുകയും ചെയ്യുകയാണ് താരത്തിനു മുന്നിലെ വെല്ലുവിളികൾ.