പായൽ കപാഡിയ സംവിധാനം ചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റി’ന് കാൻ ഫിലിം ഫെസ്റ്റിവൽ ഗ്രാൻ പ്രീ പുരസ്കാരം. മലയാളി താരങ്ങളായ കനി കുസൃതിയും ദിവ്യപ്രഭയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുംബൈയിൽ ജോലി ചെയ്യുന്ന രണ്ടു മലയാളി നഴ്‌സുമാരുടെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്.
ടി വി – ചലച്ചിത്ര താരം അസീസ് നെടുമങ്ങാടും ഈ സിനിമയിലുണ്ട്. തോമസ് ഹക്കിം ജൂലിയൻ ഗ്രാഫ് എന്നിവരുടെ നേതൃത്ത്വത്തിൽ ഇൻഡോ-ഫ്രഞ്ച് സംരംഭമാണ് ചിത്രത്തിൻ്റെ നിർമ്മാണം. 1994 ൽ ഷാജി എൻ കരുണിൻ്റെ ‘സ്വം’ എന്ന ചിത്രത്തിന് ശേഷം ഇപ്പോഴാണ് ഒരു ഇന്ത്യൻ ചിത്രം പാം ദോറിന് മത്സരിക്കുന്നത്.
ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’യാണ് പാം ദോറിലെ മികച്ച ചിത്രം.
മികച്ച ഛായാഗ്രാഹകനുള്ള ‘പിയർ ആൻജിനോ’ പുരസ്കാരത്തിന് സന്തോഷ് ശിവൻ അർഹനായി. ‘അസേറ്റെൻ റിഗാ’ വിഭാഗത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം ഇന്ത്യക്കാരി അനസൂയ സെൻ ഗുപ്തക്കാണ് ലഭിച്ചത്. ‘ദി ഷെയിംലെസ്സ്’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.