ഏഴുവർഷങ്ങൾക്കു ശേഷം അഭിനാഥ് ഭക്ഷണത്തിന്റെ ഗന്ധവും രുചിയുമറിഞ്ഞു. അതു കണ്ട് അമ്മയുടെ കണ്ണുകൾ നിറഞ്ഞു. കരഞ്ഞു വറ്റിയ കണ്ണുകളിൽ ആനന്ദബാഷ്പം പൊഴിഞ്ഞു. കണ്ണൂർ കള്ളിയിൽ വീട്ടിൽ സജാദ് – രജനി ദമ്പതികളുടെ ഏക മകൻ 22 കാരനായ അഭിനാഥ് മോഹാലസ്യപ്പെടാതെ സ്വന്തമായി ആഹാരം വാരിക്കഴിച്ചപ്പോൾ കണ്ട് നിന്ന അമ്മ പറഞ്ഞു: ‘ഇവർ ഞങ്ങളുടെ ദൈവമാണ്, എന്റെ മകനെ ജീവതത്തിലേക്ക് തിരികെ കൊണ്ടുവന്ന ദൈവം’. ന്യൂറോളജിസ്റ്റ് ആൻഡ് എപിലെപ്റ്റോളജിസ്റ്റ് ഡോ. ചന്ദു. പി, എപ്പിലെപ്സി സർജൻ ഡോ. നിഹാൽ അഹമ്മദ് എന്നിവരെയാണ് ആ മാതാവ് ചൂണ്ടിക്കാണിച്ചത്.
എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ് 12 മണിക്കൂർ നീണ്ടുനിന്ന അതിസങ്കീർണ മസ്തിഷ്ക ശസ്ത്രക്രിയയിലൂടെ ഈ ഡോക്ടർമാർ അഭിനാഥിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്. ആഹാരം വായിൽവെക്കുമ്പോൾ മോഹാലാസ്യപ്പെടുന്ന അത്യന്തം അപൂർവമായ “ഈറ്റിംഗ് റിഫ്ളക്സ് എപ്പിലെപ്സി” എന്ന രോഗമായിരുന്നു അഭിനാഥിന്. പത്താംക്ലാസിൽ പരീക്ഷക്ക് തയ്യാറെടുക്കുമ്പോഴാണ് അഭിനാഥ് ആഹാരം കഴിക്കുന്നതിനിടയിൽ മോഹാലസ്യപ്പെട്ടു വീണത്. പിന്നെ ആഹാരം കഴിക്കുമ്പോഴെല്ലാം അത് പതിവായി. ഒരു മിഠായി പോലും കഴിക്കാൻ വയ്യാത്ത അവസ്ഥയായി. ഭക്ഷണം തൊണ്ടയിൽ കുരുങ്ങി മരണം സംഭവിക്കാവുന്ന അപസ്മാര അവസ്ഥയാണിത്. ഇതിന് പരിഹാരം തേടി അവർ മുട്ടാത്ത ആശുപത്രി വാതിലുകളില്ല, ‘എന്റെ മകനെ തിരിച്ചു തരണേയെന്ന’ പ്രാർഥനകളോടെ. എന്നാൽ റിസ്ക് എടുക്കാൻ ആരും ധൈര്യപ്പെട്ടില്ല. മെഡിക്കൽ സയൻസിന്റെ പരിമിതി മുൻനിർത്തി എല്ലാവരും കൈമലർത്തുകയായിരുന്നു. ശസ്ത്രക്രിയ നടന്നാൽ ശരീരത്തിലെ ഏതെങ്കിലുമൊരു അവയവത്തിന്റെ ചലനം നിലക്കാം. അത് അവയവമോ ഓർമ ശക്തിയോ ഒക്കെയാവാം. അഭിനാഥും കുടുംബവും നിരാശരായി.
പ്രതീക്ഷ കൈവിടാതെ ആ അമ്മ നടത്തിയ അനേഷണമാണ് മെഡിക്കൽ ട്രസ്റ്റിലെത്തിച്ചത്. ഇവിടെയെത്തുന്നത് 2024 ജനുവരിയിൽ. വിദഗ്ദ്ധ പരിശോധനകൾക്കുശേഷം മാർച്ചിൽ ശസ്ത്രക്രിയ നടത്തി. ബ്രെയിൻ മാപ്പിംഗിലൂടെയാണ് അതിസൂക്ഷ്മ ശസ്ത്രക്രിയ നടത്തിയത്. ഒരു അവയവത്തിനും കേടുപാട് സംഭവിക്കാതെ ആ അമ്മയുടെ കണ്ണുനീരിന് അറുതിയായി. അഭിനാഥിനെ സുരക്ഷിതമായി അവർ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു.
മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ അഭിനാഥും മാതാപിതാക്കളും ആ യുവഡോക്ടർമാരെ ഹൃദയത്തോട് ചേർത്ത് നിർത്തി പറഞ്ഞു, ‘ഇവരാണ് ആ രക്ഷകർ‘. ശസ്ത്രക്രിയ കഴിഞ്ഞ വീട്ടിലേക്കു മടങ്ങിയ അഭിനാഥ് സന്തോഷമറിയിക്കാനായി വീണ്ടും ഹോസ്പിറ്റലിലെത്തുകയായിരുന്നു.
മൂന്ന് മാസത്തിലൊരിക്കൽ ചെക്കപ്പിന് ആശുപത്രിയിൽ എത്തിയാൽ മതി. ഫുട്ബാൾ ടീമിൽ ഡിഫൻററായ അഭിനാഥിന് വീണ്ടും കാലുകളിൽ ബൂട്ടണിയാമെന്ന് ഡോക്ടർ ചന്ദു പി പറഞ്ഞു. മെഡിക്കൽ ട്രസ്റ്റിൽ നടന്ന പത്രസമ്മേളനത്തിൽ ഡോ. പി വി ലൂയിസ്, ഡോ. ചന്ദു പി., ഡോ. നിഹാൽ അഹമ്മദ്, ഡോ. കൗശിക്,അഭിനാഥ് തുടങ്ങിയവർ പങ്കെടുത്തു.