വേറിട്ടുനിൽക്കുന്ന വ്യക്തിത്വങ്ങളുടെ കൂട്ടായ്‌മയിൽ ഗംഭീരമായ ആശയങ്ങൾ പിറവിയെടുക്കുമ്പോൾ ധന്യമാകുന്നത് അവരെയുൾക്കൊള്ളുന്ന സമൂഹത്തിലെ ഓരോരുത്തരുടെയും ജീവിതം തന്നെയാണ്. തൃപ്പൂണിത്തുറ കോട്ടയ്ക്കകം റെസിഡന്റ്‌സ് അസോസിയേഷൻ വേറിട്ട് നിൽക്കുന്നത് സാംസ്‌കാരിക ഉയർച്ചക്കുവേണ്ടി നടത്തുന്ന ഇടപെടലുകൾ കൊണ്ടാണ്. അസോസിയേഷൻ്റെ ആഭിമുഖ്യത്തിലുള്ള ആഘോഷങ്ങൾ പതിവു പരിപാടികളിൽനിന്നെല്ലാം വ്യത്യസ്തമാണ്. വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവന നൽകിയവരുടെ സാന്നിധ്യവും സംഭാഷണവുമൊക്കെയായി പൊതുജനങ്ങൾക്ക് സാംസ്‌കാരിക വിരുന്നൊരുക്കുന്ന തിരക്കിലാണ് അസോസിയേഷൻ ഭാരവാഹികൾ.
സത്യനാരായണൻ മുണ്ടയൂർ, എൻ എസ് മാധവൻ, എം എൻ കാരശ്ശേരി, കെ സി നാരായണൻ, ഡോ പ്രമോദ് വർമ്മ, പഴയിടം മോഹനൻ നമ്പൂതിരി, എൻ ഇ സുധീർ, ജോണി ലൂക്കോസ്, മനോജ് കെ ദാസ്, രാജശ്രീ വാരിയർ, രവി മേനോൻ, കോട്ടക്കൽ മധു, ദിലീഷ് പോത്തൻ, തനൂജ ഭട്ടതിരി,
ശശികല മേനോൻ, സംഗീത വർമ്മ, ഡോ. ശ്രീവത്സൻ ജെ മേനോൻ, സനിദ് ആസിഫ് അലി, എൻ ജി ഉണ്ണികൃഷ്ണൻ, പി രാമൻ, ശ്രീല നല്ലേടം, രമേശ് വർമ്മ, സജീവ് ബാലകൃഷ്ണൻ, ശ്രീറാം കെ വി, സ്നേഹ ശ്രീകുമാർ തുടങ്ങി പ്രമുഖരുടെ നിരതന്നെയുണ്ട് ചിന്തയുടെ ഉത്സവത്തിൽ.
ഫെബ്രുവരി 23, 24 തീയ്യതികളിലായി കളിക്കോട്ട പാലസിൽ നടക്കുന്ന ക്രാഫ്റ്റ് 24 ന്റെ വേദി ചിന്തയുടെ പകൽപ്പൂരമാകുമെന്നതിൽ സംശയമില്ല. അസോസിയേഷൻ ആതിഥേയരായ ഈ പരിപാടിയിൽ ദേശഭേദമന്യേ എല്ലാവർക്കും പ്രവേശനമുണ്ടാകും. ക്രാഫ്റ്റിന്റെ രണ്ടാം എഡിഷനാണ് ഈ വർഷം നടക്കുന്നത്.