ആഗോളതലത്തിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യപ്രവർത്തകന് ഫേസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചാരിറ്റി അവാർഡ് അമേരിക്കയിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ ഡോക്ടർ ജേക്കബ് ഈപ്പന് സമ്മാനിക്കും. പട്ടിണിക്കാരില്ലാത്ത കൊച്ചിയെന്ന ആശയവുമായി 2011 ൽ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ച ഫേസ് ഫൌണ്ടേഷൻ 11 വർഷം പിന്നിടുന്ന വേളയിലാണ് ആഗോള ചാരിറ്റി പുരസ്കാരം ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ്.
വടക്കേ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ വൈസ് പ്രസിഡണ്ട് കൂടിയായ ജേക്കബ് ഈപ്പൻ കാലിഫോർണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനമായ അലമട ഹെൽത്ത് സിസ്റ്റംസിൽ 30 വർഷത്തോളം പ്രവർത്തിച്ചശേഷം മെഡിക്കൽ ഡയറക്ടറായി വിരമിച്ചു. സ്റ്റാൻഫോർഡ് സർവകലാശാല, യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കിയ ഡോ. ജേക്കബ് ഈപ്പൻ യു എൻ കമ്മീഷണർ ഫോർ റെഫ്യൂജിസിൽ 60,000 ഇൻഡോ ചൈനീസ് അഭയാർത്ഥികളുടെ ചുമതലയുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആറ് അമേരിക്കൻ പ്രസിഡൻറുമാർക്ക് ലഭിച്ചിട്ടുള്ള എലിസ് ഐലൻഡ് മെഡൽ ഓഫ് ഓണറിനും ജേക്കബ് ഈപ്പൻ അർഹനായിട്ടുണ്ട്. കേരള സർക്കാരിൻറെ മെഡിക്കൽ അഡ്വൈസർ ആയി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന് ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നോർത്ത് കാലിഫോർണിയയിൽ പൊതു തെരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് ഡോ. ജേക്കബ് ഈപ്പൻ.
ദിവസേനയുള്ള അന്നദാനം ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ഫേസ് ഫൗണ്ടേഷന്റെ പതിനൊന്നാം വാർഷിക ആഘോഷ ചടങ്ങിൽ അവാർഡ് സമ്മാനിക്കും ജനുവരി 13ന് എറണാകുളം ഇഎംഎസ് ടൗൺഹാളിൽ നടക്കുന്ന ചടങ്ങ് ഡോക്ടർ മഹന്തേഷ് ഘട്ടിവളപ്പ ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫസർ എം കെ സാനു അധ്യക്ഷത വഹിക്കും. ജസ്റ്റിസ് പി എൻ രവീന്ദ്രൻ അവാർഡ് ജേതാവിനെ ആദരിക്കും. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയാകും. ഐ ബി എം എസ് മാനേജിങ് പാർട്ണർ ഓം ബച്ചു വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഡോ. ടി വിനയകുമാർ, സി. ബി. ഹരി, അഡ്വ. കെ എം സത്യനാഥ മേനോൻ, ആർ ഗിരീഷ് എന്നിവർ സംസാരിക്കും.
സ്ട്രീറ്റ് ഫുഡ് വ്‌ളോഗർ അബ്ദുൾ ഹക്കീം,ഡോ. ഗ്രേസ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.
ഫേസ് ഫൗണ്ടേഷനിൽ നടന്ന പത്രസമ്മേളനത്തിൽ മാനേജിങ് ട്രസ്റ്റി ടി ആർ ദേവൻ, ആർ ഗിരീഷ്, എസ് രാജൻ എന്നിവർ പങ്കെടുത്തു.