കഥാകൃത്ത് ടി പത്മനാഭൻ്റെ ജീവിതകഥ സിനിമയായെത്തുന്നു. മലയാളസാഹിത്യത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ടി. പത്മനാഭന്റെ അനേകം കഥകൾ സിനിമയായിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ ജീവിതവും സാഹിത്യവും ചലച്ചിത്രരൂപത്തിലെത്തുന്നത് അദ്ദേഹത്തിന്റെ വായനക്കാർക്ക് പുതുമയായിരിക്കും. ടി. കെ പത്മിനി എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവിതകഥ ‘പത്മിനി’ എന്ന പേരിൽ സിനിമയാക്കിയ കഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ സുസ്‌മേഷ് ചന്ത്രോത്ത് ആണ് ‘നളിനകാന്തി’ എന്ന പേരിൽ ടി. പത്മനാഭന്റെ ജീവിതകഥയും വെള്ളിത്തിരയിലെത്തിക്കുന്നത്.
മൂന്നുവർഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് സുസ്‌മേഷ് ചന്ത്രോത്ത് നളിനകാന്തി പൂർത്തിയാക്കുന്നത്. ജീവിതത്തിൽ ധിക്കാരിയെന്നും നിഷേധിയെന്നും മുദ്ര ചാർത്തപ്പെട്ട എഴുത്തുകാരന്റെ അറിയപ്പെടാത്ത സ്വകാര്യജീവിതവും സാഹിത്യസംഭാവനകളും നളിനകാന്തിയിലൂടെ പ്രേക്ഷകസമക്ഷത്തിൽ എത്തുന്നു.
ടി. പത്മനാഭനൊപ്പം ചലച്ചിത്രതാരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക് മണികണ്ഠൻ, ശ്രീകല മുല്ലശ്ശേരി എന്നിവരും ഒന്നിക്കുന്നു. ‘നിധി ചാല സുഖമാ’ എന്ന പ്രശസ്തമായ കഥയിലെ കഥാപാത്രത്തിന് ശബ്ദം നൽകിയിരിക്കുന്നത് പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ എസ്. എൻ. സ്വാമിയാണ്. കേരളത്തിലെ പ്രശസ്ത ചിത്രകാരന്മാരും ചിത്രകാരികളുമായ ശ്രീജ പള്ളം, കന്നി എം, സചീന്ദ്രൻ കാറഡുക്ക, സുധീഷ് വേലായുധൻ എന്നിവരുടെ പെയിന്റിംഗുകളും രേഖാചിത്രങ്ങളും സിനിമയുടെ കഥാഗതിയുടെ നിർണ്ണായകഭാഗമാകുന്നു.
മനേഷ് മാധവനാണ് ഛായാഗ്രഹണം. രംഗനാഥ് രവി ശബ്ദരൂപകൽപ്പന നിർവ്വഹിക്കുന്നു.
അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. ഷിബു ചക്രവർത്തി എഴുതിയ വരികൾക്ക് സുദീപ് പലനാട് ഈണം നൽകി. പാടിയവർ : ദീപ പാലനാട്, അനഘ ശങ്കർ, സുദീപ് പാലനാട്.
ഫിലിം എഡിറ്റർ : രിഞ്ജു ആർ. വി., സൗണ്ട് മിക്‌സിംഗ് : ബിജു പി. ജോസ്, സിങ്ക് സൗണ്ട് : ബിനു ഉലഹന്നാൻ, വി. എഫ്. എക്‌സ് : സഞ്ജയ് എസ്.
കൊൽക്കത്ത കൈരളി സമാജത്തിന്റെ ബാനറിൽ ടി. കെ ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ : ലെൻസ് ആന്റ് പേപ്പർ മീഡിയ.
കണ്ണൂർ, പള്ളിക്കുന്ന്, എറണാകുളം, ചെറായി എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ‘നളിനകാന്തി’ ജനുവരി മുതൽ പ്രദർശനം ആരംഭിക്കും.