മികച്ച അന്താരാഷ്ട്ര ചിത്രങ്ങളുടെ വിഭാഗത്തിൽ ഇന്ത്യയിൽനിന്നുള്ള ചിത്രമായി ‘2018’ തിരഞ്ഞെടുക്കപ്പെട്ടു. സിനിമ മുന്നോട്ടുവച്ച വെള്ളപ്പൊക്കം എന്ന വിഷയം ലോകമൊട്ടാകെ ചർച്ച ചെയ്യേണ്ടതാണെന്ന് ജൂറി വിലയിരുത്തി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട വിഷയം എന്ന നിലയിലാണ് ചിത്രത്തിന്റെ ഓസ്കാർ പ്രവേശനം.
അഖിൽ പി ധർമ്മജന്റെ തിരക്കഥയിൽ ജൂഡ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്തത്. വലിയ ആരവങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങിയ ചിത്രം പക്ഷേ ബോക്സ് ഓഫീസിൽ കയ്യടി നേടിയിരുന്നു. 100 കോടി ക്ലബ്ബിൽ ഇടം നേടുമ്പോൾ ചിത്രത്തിന്റെ പ്രചാരകർ പ്രേക്ഷകർ തന്നെയായിരുന്നു. ആന്റോ ജോസഫ്, വേണു കുന്നപ്പള്ളി, സി കെ പത്മകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിൽ ടോവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഇന്ദ്രൻസ്, വിനീത് ശ്രീനിവാസൻ, ലാൽ, അപർണ മുരളി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇന്ത്യയിൽനിന്നുള്ള മറ്റു 22 സിനിമകളെ പിന്തള്ളിയാണ് ‘2018’ ന്റെ ഓസ്കാർ എൻട്രി. മലയാളികളുടെ അഭിമാനം വാനോളമുയർത്തിയ ചിത്രം നോമിനേഷൻ നേടിയപ്പോൾ ശ്രദ്ധേയമാകുന്നത് ഈ കൊച്ചു കേരളം കൂടിയാണ്