കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ ജന്മം കൊണ്ടും ജീവിതം കൊണ്ടും ധന്യമായ കൊച്ചിയെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ജി സി ഡി എ മുൻ ചെയർമാൻ അഡ്വ. കെ ബാലചന്ദ്രൻ. ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ വിവിധ സാംസ്‌കാരിക നായകരുടെ പേരെടുത്തുപറഞ്ഞ് ഈ ആവശ്യം ഉന്നയിക്കുമ്പോൾ വേദിയിൽ ഹൈബി ഈഡൻ എം പി, ഉമാ തോമസ് എം എൽ എ, മേയർ എം അനിൽ കുമാർ ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള തുടങ്ങി പ്രമുഖരുടെ നിരതന്നെയുണ്ടായിരുന്നു.
പുനർനിർമ്മാണം നടക്കുമ്പോൾ ഒരു വൃക്ഷം പോലും വെട്ടിമാറ്റില്ലെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ജി സി ഡി എ ചെയർമാൻ കെ ചന്ദ്രൻ പിള്ള പറഞ്ഞു. സി എസ് എം എൽ സഹായത്തോടെ നാലുകോടി രൂപയുടെ നവീകരണ പദ്ധതിയാണ് ജി സി ഡി എ നടപ്പിലാക്കുന്നത്.വർഷത്തിൽ എല്ലാദിവസവും കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾ നടക്കുന്ന ചങ്ങമ്പുഴ പാർക്ക് ജി സി ഡി എ നൽകുന്ന ഗ്രാന്റുകൊണ്ടാണ് പ്രവർത്തിക്കുന്നത്.
ഭവപ്രിയ അവതരിപ്പിച്ച ചങ്ങമ്പുഴക്കവിത ‘കാവ്യനർത്തകി’യുടെ നൃത്താവിഷ്കാരത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
എ ബി സാബു (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ജി സി ഡി എ), ശാന്തവിജയൻ (കൗൺസിലർ), പി പ്രകാശ് (പ്രസി. ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രം), ടി ജി രവികുമാർ (സെക്ര. സാംസ്‌കാരിക കേന്ദ്രം), സെബാസ്റ്റ്യൻ ജോസ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ്), രാജേഷ് ടി എൻ (സെക്ര. ജി സി ഡി എ), തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.