ഫുട്ബോളിന്റെ നാടായ ഖത്തറിൽനിന്നു കൊച്ചിയിലേക്ക് പറക്കുമ്പോൾ മലയാളിയായ അഡോണ എന്ന പതിമൂന്നുകാരിക്ക് നന്നായി നിവർന്നുനിൽക്കാൻ പോലും കഴിയുമായിരുന്നില്ല. നൂറ് ഡിഗ്രിയിലധികം വളഞ്ഞ നട്ടെല്ലിന്റെ സ്‌കോളിയോസിസ് (കൂനും വളവും) നിവർത്തുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സർജറി എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പൂർത്തിയായപ്പോൾ തിരികെ കിട്ടിയത് അഡോണയുടെ സ്വപ്നങ്ങളായിരുന്നു. ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബോൾ കളിക്കാൻ ഇനി തനിക്കാകുമെന്ന സന്തോഷം അവൾ മറച്ചുവച്ചില്ല.
നട്ടെല്ല് രോഗ ചികിത്സാ രംഗത്തെ അത്യാധുനിക സംവിധാനമായ മേസ ഫോർ ഡി റെയിൽ എന്ന സാങ്കേതിക വിദ്യയാണ് ഇവിടെ ഉപയോഗിച്ചത്. കോട്ടയം സ്വദേശികളായ ദമ്പതികളുടെ മകൾക്ക് നട്ടെല്ലിന് വളവും കൂനും ബാധിച്ചിട്ട് വർഷങ്ങളായി. വിദേശരാജ്യത്തെ ചികിത്സകൾ തേടിയെങ്കിലും അസുഖം കൂടുതൽ സങ്കീർണ്ണമാവുകയായിരുന്നു.
മെഡിക്കൽ ട്രസ്റ്റിലെ സ്പൈൻ സർജറി വിഭാഗം മേധാവി ഡോ. ആർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നടന്ന സർജറിയിൽ ഡോ. വിജയ് ആനന്ദ്, കൺസൾട്ടന്റ് അനസ്തെറ്റിസ്റ് ഡോ. എബിൻ മംഗലത്ത് സൈമൺസ് എന്നിവരും പങ്കെടുത്തു.
കൊച്ചിയിൽ നടത്തിയ പത്രസമ്മേളനത്തിൽ ചികിത്സാരീതിയെക്കുറിച്ച് ഡോ. കൃഷ്ണകുമാർ വിശദീകരിച്ചു.
അമേരിക്കൻ പേറ്റന്റുള്ള ഈ ടെക്നോളജി ഇന്ത്യയിലെത്തിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളൂ. ദക്ഷിണേന്ത്യയിലെ ആദ്യ സർജറിയാണ് ഇവിടെ വിജയകരമായി നടത്തിയത്. കൗമാരപ്രായത്തിലുള്ള പ്രത്യേകിച്ചും പെൺകുട്ടികൾക്കാണ് ഈ അസുഖം കണ്ടുവരുന്നത്. എന്നാൽ സർജറി ലിംഗ-പ്രായ ഭേദമെന്യേ നടത്താവുന്നതാണെന്ന് ഡോക്ടർ പറഞ്ഞു. നട്ടെല്ല് നിവർത്തുമ്പോൾ സുഷുമ്നാ നാഡിയുടെ പ്രവർത്തനം സർജറി സമയത്ത് നിരീക്ഷിക്കാനുള്ള ന്യുറോ മോണിറ്ററിങ് സംവിധാനവും ഉപയോഗപ്പെടുത്തിയിരുന്നു. ആറ് മണിക്കൂർ സമയമെടുത്താണ് സർജറി പൂർത്തിയാക്കിയത്.
ഹോസ്പിറ്റൽ എം ഡി: ഡോ. പി വി ലൂയിസ്, ഡോ. കൃഷ്ണകുമാർ, ഡോ. എബിൻ മംഗലത്ത് സൈമൺസ് തുടങ്ങിയവരോടൊപ്പം അഡോണയുടെ കുടുംബാംഗങ്ങളും പത്രസമ്മേളനത്തിൽ പങ്കെടുത്തു