കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ലോകത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടതാണ് ഭക്ഷ്യസാധനങ്ങളുടെ ലഭ്യത. ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുന്നതില്‍ പ്രധാന കാരണങ്ങളിലൊന്നാണ് ഭക്ഷണം പാഴാക്കി കളയുന്നത്. ആഗോളതലത്തില്‍ ഒരു വശത്ത് വിശപ്പും പോഷകാഹാരക്കുറവും വികസന പ്രതിസന്ധി സൃഷ്ടിക്കുമ്പോള്‍ തന്നെ മറുവശത്ത് ഒരു വലിയ ശതമാനം ജനത ഭക്ഷണം പാഴാക്കുന്നു. 2021ലെ ഫുഡ് വേസ്റ്റ് സൂചിക റിപ്പോര്‍ട്ട് പ്രകാരം വീടുകളിലും ഹോട്ടലുകളിലുമായി 17 ശതമാനത്തോളം ഭക്ഷണം പാഴാക്കുന്നുവെന്ന് പറയുന്നു. ആഗോളതലത്തില്‍ നടത്തിയ ഏറ്റവും സമഗ്രമായ മോഡലിംഗിലൂടെ വിവിധ രാജ്യങ്ങളിലെ ഭക്ഷ്യ മാലിന്യനഷ്ടം കൃത്യമായി കണ്ടെത്തുവാന്‍ ഈ സൂചികയ്ക്ക് സാധിച്ചിട്ടുണ്ട്. ഭക്ഷ്യമാലിന്യങ്ങള്‍ വികസിത രാജ്യങ്ങളുടെ മാത്രം പ്രശ്‌നമല്ല മറിച്ച് ഒരു ആഗോള പ്രശ്‌നമാണെന്ന തിരിച്ചറിവാണ് 2021ലെ ഫുഡ് വേസ്റ്റ് സൂചിക റിപ്പോര്‍ട്ട് ഓര്‍മ്മപ്പെടുത്തുന്നത്. ലോകത്തെ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളിലെ പോഷകാഹാരക്കുറവില്‍ മൂന്നിലൊന്ന് പേരും ഇന്ത്യയിലാണ്. 2020 ലെ ആഗോള പട്ടിണി സൂചിക പ്രകാരം 107 രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ സ്ഥാനം 94ാമതാണ്. കോവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കി. മഹാമാരി ആഗോള – പ്രാദേശിക ഭക്ഷ്യ സംവിധാനങ്ങളെ തടസപ്പെടുത്തുകയും അതിലൂടെ ഇന്ത്യയിലെ ദരിദ്രരുടെയും വിശക്കുന്നവന്റെയും അവസ്ഥ കൂടുതല്‍ പരിതാപകരമായി മാറുകയും ചെയ്തു.
ഭക്ഷ്യമാലിന്യത്തിന്റെ തോത് അളക്കുന്നത് മൂന്ന് മേഖലകളായ ഗാര്‍ഹികം, ഭക്ഷ്യസേവനം, ചില്ലറ വില്പന എന്നിവയുടെ വിവരശേഖരണത്തില്‍ 54 രാജ്യങ്ങളിലെ ഡാറ്റ ഉപയോഗിച്ചാണ് തയ്യാറാക്കിയത്. ഗാര്‍ഹികം, ഭക്ഷ്യസേവനം, ചില്ലറ വില്പന എന്നിവയിലെ പ്രതിശീര്‍ഷ മാലിന്യങ്ങള്‍ യഥാക്രമം 79 കിലോഗ്രാം, 26 കിലോഗ്രാം, 13 കിലോഗ്രാം എന്നിങ്ങനെയാണ്. ആസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നി രാജ്യങ്ങളിലെ പ്രതിശീര്‍ഷ മാലിന്യം 39 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെയാണ്. എന്നാല്‍ നൈജീരിയ, റൂവാണ്ട എന്നി രാജ്യങ്ങളിലെ പ്രതിശീര്‍ഷ മാലിന്യം 189 കിലോഗ്രാം, 164 കിലോഗ്രാം എന്നിങ്ങനെയാണ്. ഗാര്‍ഹിക തലത്തില്‍ 61 ശതമാനം ഭക്ഷണവും മാലിന്യക്കൂമ്പാരങ്ങളിലേക്കാണ് പോകുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 2019 ലെ കണക്കുപ്രകാരം ലഭ്യമായ ഭക്ഷണത്തിന്റെ 931 ദശലക്ഷം മെട്രിക്ടണ്‍ അല്ലെങ്കില്‍ 17 ശതമാനം വീടുകള്‍, റിട്ടെയ്ല്‍ ഔട്ട്ലറ്റുകള്‍, ഹോട്ടലുകള്‍ എന്നിവ വഴി പാഴാക്കിയതായി കണക്കാക്കുന്നു. ഭക്ഷണ മാലിന്യങ്ങളില്‍ ഭൂരിഭാഗവും വരുന്നത് വീടുകളില്‍ നിന്നാണ്. ഇന്ത്യയില്‍ ഗാര്‍ഹിക തലത്തില്‍ ഒരാള്‍ 50 കിലോഗ്രാം ഭക്ഷണം പാഴാക്കുന്നു. ബംഗ്ലാദേശ് (65 കിലോഗ്രാം), പാക്കിസ്ഥാന്‍ (74 കിലോഗ്രാം), അഫ്ഗാനിസ്ഥാന്‍ (82 കിലോഗ്രാം) എന്നിങ്ങനെയാണ് ഭക്ഷണം പാഴാക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന വിവാഹങ്ങളില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ ഭക്ഷണം പാഴായി പോവുന്നു എന്നാണ് കണക്ക്.
ഭക്ഷണം പാഴാക്കലും വിശപ്പും വലിയ ജനശ്രദ്ധ നേടുന്ന വിഷയമായി മാറിയിരിക്കുന്നു. ചില്ലറ വ്യാപാരികള്‍, ഭക്ഷ്യ സേവനദാതാക്കള്‍, ഉപഭോക്താക്കള്‍ എന്നിവരുടെ തീരുമാനങ്ങളുടെയും പ്രവര്‍ത്തനങ്ങളുടെയും ഫലമായുണ്ടാകുന്ന ഭക്ഷണത്തിന്റെ അളവിലോ ഗുണനിലവാരത്തിലോ കുറയുന്നതിനെയാണ് ഭക്ഷ്യ മാലിന്യമായി സൂചിപ്പിക്കുന്നത്. 2000ത്തില്‍ സ്ഥാപിതമായ വേസ്റ്റ് ആന്‍ഡ് റിസോഴ്‌സസ് ആക്ഷന്‍ പ്രോഗ്രാം ഭക്ഷ്യ പാഴാക്കലിനെക്കുറിച്ചും അത് തടയുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും ശ്രദ്ധ ആകര്‍ഷിക്കുന്നതിന് ചൈന ക്ലീന്‍ പ്ലേറ്റ് ക്യാമ്പയിന്‍ ആരംഭിച്ചു. ഇതിനായി ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിന് നിരവധി ശ്രമങ്ങള്‍ ആരംഭിച്ചു.
അതിനൊരു ഉദാഹരണമാണ് അതിഥികള്‍ക്ക് വിളമ്പുന്ന വിഭവങ്ങളുടെ എണ്ണം ഒരു വിഭവമായി പരിമിതപ്പെടുത്താന്‍ വുഹാന്‍ കാറ്ററിംഗ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ റെസ്റ്റോറന്റുകളോട് ആവശ്യപ്പെട്ടത്. ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുന്നതിന് ‘അതിരു കടന്ന’ വിവാഹങ്ങളിലേക്ക് ക്ഷണിക്കുന്ന അതിഥികളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുള്ള നയം പരിഗണിക്കുന്നതായി 2018 നവംബറില്‍ ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കോവിഡ് 19 വ്യാപനംമൂലം വിവാഹങ്ങളിലും മറ്റു ചടങ്ങുകളിലും അതിഥികളുടെ എണ്ണം കുറച്ചുവെന്നതില്‍ സംശയമില്ല. എന്നാല്‍ സാധാരണ നിലയിലേക്ക് മാറുന്നതോടെ പൂര്‍വസ്ഥിതിയില്‍ എത്തുകയും ഭക്ഷണം പാഴാക്കാന്‍ സാധ്യതയുമുണ്ട്.വിതരണ ശൃംഖലയുടെ ഉപഭോഗഘട്ടത്തില്‍ 11 ശതമാനം ഭക്ഷണം പാഴാക്കുന്നു.
അതേസമയം ഭക്ഷ്യസേവനങ്ങളും ചില്ലറ വില്പനശാലകളും യഥാക്രമം അഞ്ച് ശതമാനം, രണ്ട് ശതമാനം നിരക്കില്‍ ഭക്ഷണം പാഴാക്കുന്നു. ഭക്ഷണം പാഴാക്കുന്നതിലൂടെ ആഗോള തലത്തില്‍ ഹരിതഗൃഹ വാതകം പുറന്തള്ളുകയും ചെയ്യുന്നു. ആഗോളതലത്തില്‍ ഹരിതഗൃഹവാതകത്തിന്റെ പുറന്തള്ളലിന്റെ 8-10 ശതമാനം ഉപഭോഗം ചെയ്യാത്ത ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭക്ഷണം പാഴാക്കല്‍ സുസ്ഥിര വികസന ലക്ഷ്യ നേട്ടത്തിനെയും ചോദ്യം ചെയ്യുന്നു. ഭക്ഷ്യമാലിന്യങ്ങള്‍ കുറയ്ക്കുന്നത് ഹരിതഗൃഹ വാതകത്തിന്റെ അളവ് കുറയ്ക്കുകയും പരിസ്ഥിതി മലിനീകരണത്തിന്റെ തോത് കുറയ്ക്കുകയും ഭക്ഷണലഭ്യത വര്‍ധിപ്പിക്കുകയും അതിലൂടെ ഒരു പരിധി വരെ പട്ടിണിയും ദാരിദ്ര്യവും കുറയ്ക്കാനും സാധിക്കും. ആഗോള തലത്തില്‍ തന്നെ വീടുകളിലെ ഭക്ഷ്യ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള നിക്ഷേപം ഗണ്യമായി വര്‍ധിപ്പിച്ചില്ലെങ്കില്‍ 2030ല്‍ സുസ്ഥിര വികസനലക്ഷ്യ നേട്ടത്തിലെത്താന്‍ സാധിക്കില്ല. ഭക്ഷണത്തിനുള്ള ലഭ്യത കുറവ്, വിട്ടുമാറാത്ത ദാരിദ്ര്യം, തെറ്റായ ഭക്ഷ്യ വിതരണം, സംഘര്‍ഷങ്ങള്‍, ഉയര്‍ന്ന ജനസംഖ്യ ഉയര്‍ത്തുന്ന ഭീഷണികള്‍, ഭക്ഷണം പാഴാക്കല്‍ എന്നിവയെല്ലാം പ്രശ്‌നം രൂക്ഷമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. ഭക്ഷണം പാഴാക്കല്‍ ഹ്രസ്വകാലാടിസ്ഥാനത്തില്‍ ഡിമാന്‍ഡ് നിലനിര്‍ത്തുന്നുവെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇത് വിഭവങ്ങളുടെ വലിയ രീതിയിലുള്ള പാഴാക്കലാണ്. ഭൂമി, മണ്ണ്, വെള്ളം, ഇന്ധനങ്ങള്‍, അധ്വാനം, സംഭരണം എന്നിവ ഭക്ഷണം പ്ലേറ്റിലെത്തിക്കാന്‍ പാഴാക്കുന്നു. ഇവയിലെ സമ്മര്‍ദ്ദം കുറയുകയാണെങ്കില്‍ മെച്ചപ്പെട്ട ഇതര ഉപയോഗങ്ങളില്‍ ഉള്‍പ്പെടുത്താം.