അമേരിക്കയില്‍ നിന്നുള്ള ‘റയാന്‍സ് ടോയ്‌സ് റിവ്യൂ’ എന്ന യുട്യൂബ് ചാനല്‍ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ചിര പരിചിതമാണ്. ഒമ്പതു വയസുകാരനായ റയാന്‍ ഖാജിയുടെയാണ് ഈ ചാനല്‍. 2020ല്‍ യുട്യൂബില്‍ നിന്ന് ഏറ്റവും കൂടുതല്‍ വരുമാനമുണ്ടായവരുടെ ഫോബ്‌സ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് റയാന്‍. 29.5 മില്യണ്‍ ഡോളറാണ് യുട്യൂബില്‍ നിന്ന് സമ്പാദിച്ചത്. അതായത് ഇന്ത്യന്‍ കറന്‍സി മൂല്യം ഏകദേശം 217.14 കോടി രൂപ. 35 മില്ല്യണ്‍ വ്യൂ വേഴ്‌സും 47.1 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുമാണ് റയാന്റെ ചാനലിനുള്ളത്. പുതുതായി ഇറങ്ങുന്ന കളിപ്പാട്ടങ്ങളെക്കുറിച്ചും മറ്റു കളിക്കോപ്പുകളെ കുറിച്ചുമുള്ള വിശേഷങ്ങളാണ് റയാന്‍ തന്റെ ചാനലിലൂടെ വിശദീകരിക്കാറുള്ളത്. ഒരു കളിപ്പാട്ടത്തിന്റെ ഗുണഗണങ്ങളും പോരായ്മകളും കുട്ടിത്തം വിടാത്ത ഭാഷയില്‍ റയാന്‍ വിശദീകരിക്കും. ഒട്ടേറെ പ്രേക്ഷകരുള്ള ചാനലിലെ വീഡിയോകളില്‍ മിക്കപ്പോഴും റയാന്റെ ഇരട്ടസഹോദരിമാരും രക്ഷിതാക്കളും പ്രത്യക്ഷപ്പെടാറുണ്ട്.
യുട്യൂബില്‍ ഇന്ന് സര്‍വസാധാരണമായി കണ്ടുവരുന്ന അണ്‍ബോക്‌സിങ് വീഡിയോകളുടെ കുട്ടിപ്പതിപ്പാണ് റയാന്‍. 2015ല്‍ റയാന്റെ മാതാപിതാക്കള്‍ ആരംഭിച്ച ‘റയന്‍സ് വേള്‍ഡ്’ എന്ന യുട്യൂബ് ചാനല്‍ ആണ് പിന്നീട് ‘റയാന്‍ ടോയ്സ് റിവ്യൂ’ ആയി മാറ്റിയത്. ഉപഭോക്തൃ അഭിഭാഷക സംഘടനയായ ട്രൂത്ത് ഇന്‍ അഡ്വര്‍ടൈസിംഗ് യു.എസ് ഫെഡറല്‍ ട്രേഡ് കമ്മിഷന് (എഫ്ടിസി) പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് റയാന്റെ ചാനലിന്റെ പേര് മാറ്റിയത്. അന്ന് റയാന് നാല് വയസായിരുന്നു പ്രായം. റയാന്റെ നിരവധി വിഡിയോകള്‍ 100 കോടിയിലധികം വ്യൂകള്‍ നേടിയിട്ടുണ്ട്. ചാനല്‍ ഉണ്ടാക്കിയതിനുശേഷം ഇതുവരെ 4300 കോടി വ്യൂകള്‍ റയാന്‍ ടോയ്സ് റിവ്യൂന് ലഭിച്ചതായി അനലിറ്റിക്‌സ് വെബ്സൈറ്റ് സോഷ്യല്‍ ബ്ലേഡ് ഡാറ്റ വ്യക്തമാക്കുന്നു. ജിമ്മി ഡൊണാള്‍ഡ്‌സണിന്റെ മിസ്റ്റര്‍ ബീസ്റ്റ് ചാനല്‍ ആണ് പത്ത് പേരുടെ പട്ടികയില്‍ രണ്ടാംസ്ഥാനത്തുള്ളത്. 24 മില്യണ്‍ ഡോളര്‍ (ഏകദേശം 176 കോടി രൂപ) ആണ് വരുമാനം. കെട്ടിടങ്ങളുടെ മുകളില്‍ നിന്നോ ഹെലികോപ്റ്ററുകളില്‍ നിന്നോ ബാസ്‌ക്കറ്റ്‌ബോള്‍ വളയങ്ങളിലേക്ക് പന്ത് ഇടുന്നത് പോലുള്ള അസാധ്യമായ ആശയങ്ങള്‍ പരീക്ഷിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്യുന്ന ചാനലാണ് മിസ്റ്റര്‍ ബീസ്റ്റ്. വരുമാനത്തിന്റെ കാര്യത്തില്‍ ഡ്യൂഡ് പെര്‍ഫെക്റ്റ് ആണ് മൂന്നാം സ്ഥാനത്തുള്ളത്. ഡ്യൂഡ് പെര്‍ഫെക്റ്റിന്റെ 2020 ലെ വരുമാനം 23 മില്യണ്‍ ഡോളര്‍ ആണ്.
യുട്യൂബ് കാശുവാരുന്ന ലോകം
2005ല്‍ വാലന്‍ന്റൈന്‍സ് ദിനത്തില്‍ മൂന്ന് സുഹൃത്തുകള്‍ ചേര്‍ന്ന് ആരംഭിച്ച യുട്യൂബ് എന്ന വീഡിയോ ഷെയറിംഗ് വെബ്‌സൈറ്റ് വിനോദത്തിന്റെ ഹബ്ബിനപ്പുറം വരുമാനമാര്‍ഗമായി മാറി. വ്യത്യസ്തമായ ആശയങ്ങള്‍ വീഡിയോയിയൂടെ അവതരിപ്പിക്കുമ്പോള്‍ ഇഷ്ടം പോലെ കാശിങ്ങ് പോരും. ഒരൊറ്റ വീഡിയോ മതി ലോകം നിങ്ങളെ അറിയാനും അതില്‍ നിന്നും മികച്ച വരുമാനം നേടാനും. യുട്യൂബില്‍ മികച്ച വരുമാനം തരുന്നൊരു ലോകമാണ്. കേരളക്കരയെ ഇളക്കിമറിച്ച ജിമിക്കി കമ്മല്‍ എന്ന ഗാനത്തിന് ജിമ്മി കിമ്മല്‍ ചുവടുവച്ചതും യുട്യൂബിന്റെ സ്വീകാര്യകതയുടെ ഉദാഹരണമായിരുന്നു.
സൈബര്‍ ലോകത്തെ വീഡിയോ ഉള്ളടക്കങ്ങള്‍ കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ തുടങ്ങിയത് ഫോര്‍ജിയുടെ കടന്നുവരവോടെയാണ്. ശരാശരി മൂന്നുകോടി ആളുകള്‍ യുട്യൂബ് കാണുന്നുവെന്നാണ് കണക്ക്. ഇത് ടെലിവിഷന്‍ മേഖലയ്ക്ക് കടുത്ത വെല്ലുവിളിയാണ്. 54 ഭാഷകളില്‍ യുട്യൂബ് ഇന്ന് ലഭ്യമാണ്. നിലവില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ യുട്യൂബില്‍ നിന്നു മാത്രമേ നേരിട്ട് വരുമാനം ലഭിക്കുന്നുള്ളൂ. വീഡിയോ നിര്‍മ്മിച്ച് യുട്യൂബില്‍ അപ്‌ലോഡ് ചെയ്യുന്നവരെയാണ് യുട്യൂബര്‍ എന്നറിയപ്പെടുന്നത്. ഇങ്ങനെ ആര്‍ക്കു വേണമെങ്കിലും യുട്യൂബ് ചാനല്‍ തുടങ്ങാം. 4000 മണിക്കൂര്‍ വാച്ച് ടൈമും 1000 സബ്‌സ്‌ക്രൈബേഴ്‌സുമുള്ള ചാനലുകള്‍ക്കാണ് യുട്യൂബ് വരുമാനം നല്‍കുന്നത്. ചാനലിന്റെ വിഷയം, സ്വഭാവം, ക്രിയേറ്റിവിറ്റി എന്നിവയെല്ലാം ഇതില്‍ പ്രധാനമാണ്. നിരവധി പേരാണ് യുട്യൂബ് ചാനലിലൂടെ കാശു വാരുന്നത്. അതിവേഗം മാറികൊണ്ടിരിക്കുന്ന സമൂഹമാധ്യമങ്ങളില്‍ തിളങ്ങാന്‍ സ്ഥിര സാമീപ്യം അത്യാവശ്യമാണ്. നിങ്ങളുടെ ഫോളോവേഴ്‌സിന് കൃത്യമായ ഇടവേളകളില്‍ ആകര്‍ഷകവും പ്രയോജനകരവുമായ ഉള്ളടക്കങ്ങള്‍ നല്‍കികൊണ്ടിരിക്കുക. സ്ഥിരതയുണ്ടെങ്കില്‍ യുട്യൂബ് തന്നെ വീഡിയോകള്‍ ബൂസ്റ്റ് ചെയ്യും.