ചരിത്രത്തിലെ മഹത്തരമായവയെ വിശേഷിപ്പിക്കുന്നത് പലപ്പോഴും തങ്കലിപികള്‍ കൊണ്ടാണ്. മാനവരാശിയോടും സംസ്‌കാരത്തോടും ഏറ്റവുമടുത്ത് നില്‍ക്കുന്ന ലോഹം ഏതെന്ന ചോദ്യത്തിന് സ്വര്‍ണം എന്നല്ലാതെ മറ്റൊരു ഉത്തരമില്ല. യാഥാര്‍ത്ഥ്യത്തിലും കാല്പനികതയിലും ഈ മഞ്ഞലോഹത്തിന് നിര്‍ണായക സ്ഥാനമാണുള്ളത്. ” സ്വര്‍ണച്ചാമരം വീശിയെത്തുന്ന സ്വപ്‌നമായിരുന്നെങ്കില്‍ ഞാന്‍ ” എന്നു കവിയെക്കൊണ്ട് പാടിപ്പിച്ചതും ഈ ലോഹത്തിന്റെ മൂല്യമാണ്. ആദിമകാലത്ത് നദീതടങ്ങളിലുണ്ടായിരുന്ന ചരലും മണലും അരിച്ചെടുത്ത് മനുഷ്യന്‍ കണ്ടെത്തിയ അത്ഭുതലോഹം കാലങ്ങളോളം തുരുമ്പെടുക്കാതെയും നശിക്കാതെയുമിരിന്നു.അവന്റെ ഭാവനയ്ക്കനുസരിച്ച് ആവശ്യാനുസരണം രൂപമാറ്റം സാധ്യമായതുമായ സ്വര്‍ണം ആഭരണമായും നാണയമായും സ്വത്തായും ഉപയോഗിച്ചു തുടങ്ങി.പ്രിയപ്പെട്ടതിനെ എന്തും വിശേഷിപ്പിക്കുന്നതിന് ” പൊന്നേ” എന്ന പദം പോലും നാം സ്വര്‍ണത്തില്‍ നിന്നു കടം കൊണ്ടു !!.
കൊറോണ മഹാമാഹി ലോകമെങ്ങും താണ്ഡവമാടുമ്പോഴും സ്വര്‍ണത്തിന്റെ വില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറിക്കൊണ്ടിരിക്കുകയാണ്. 1925ല്‍ പവന് 13 രൂപയായിരുന്നത് ഇപ്പോള്‍ 40000 രൂപയില്‍ എത്തി നില്‍ക്കുന്നു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലവര്‍ദ്ധനവാണിത്. 1965ല്‍ പവന്റെ വില 100 രൂപയ്ക്കു താഴെയായിരുന്നു. 1970ലെത്തിയപ്പോല്‍ 135 രൂപയായി ഉയര്‍ന്നു. 75ല്‍ 396 രൂപയായി. 1990കളിലാണ് വില 2,400ന് മുകളില്‍ എത്തുന്നത്. 2000മായപ്പോള്‍ 3,212 രൂപയിലേയ്ക്കും 2006 ആയപ്പോള്‍ 6,255 രൂപയിലേയ്ക്കും ഉയര്‍ന്നു. 2010ല്‍ വില 12,000 കടന്നു. 2015 ആയപ്പോള്‍ 19,000 രൂപയും കടന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. ലോകത്തെ ആകെ ഉത്പാദനത്തിന്റെ 12 ശതമാനം വരുമിത്. 399.7 ടണ്‍ ആണ് ശരാശരി ഉത്പാദനം. 312.2 ടണ്‍ ഉത്പാദിപ്പിക്കുന്ന ആസ്‌ട്രേലിയയാണ് രണ്ടാമത്. അവരുടെ ജി.ഡി.പിയുടെ എട്ട് ശതമാനവും ഇതില്‍ നിന്നാണ്. റഷ്യ(281)യാണ് മൂന്നാം സ്ഥാനത്ത്. അമേരിക്ക (253.2), കാനഡ(193 ), ഇന്ത്യോനേഷ്യ (190 ), പെറു(155.4),സൗത്ത് ആഫ്രിക്ക(123.5 ), മെക്‌സിക്കോ(121), ഘാന(101.8 ) എന്നിങ്ങനെയാണ് സ്വര്‍ണം ഉത്പ്പാദനത്തില്‍ മുന്നിലുള്ള രാജ്യങ്ങള്‍. ചൈനയും ഇന്ത്യയും അമേരിക്കയുമാണ് സ്വര്‍ണത്തിന്റെ ഉപഭോഗത്തില്‍ മുന്നിലുള്ളത്. ഏകദേശം 849 മെട്രിക് ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ ഉപഭോഗം ചെയ്യുന്നത്.

സുവര്‍ണ ചരിത്രം
സ്വര്‍ണം അതിന്റെ ഏറ്റവും പ്രാഥമികവും പ്രകൃതിദത്തവുമായ അവസ്ഥയില്‍ അരുവികളിലും മലയിടുക്കുകളിലും പുരാതന ലോകത്ത് കണ്ടെത്തിയിട്ടുണ്ട്. ഇന്നത്തെ കിഴക്കന്‍ യൂറോപ്പിനെ കേന്ദ്രീകരിച്ചുള്ള ഒരു സംസ്‌കാരം അലങ്കാരവസ്തുക്കള്‍ രൂപകല്പന ചെയ്യാന്‍ സ്വര്‍ണം ഉപയോഗിച്ചിരുന്നു. ആല്‍പ്‌സ് പര്‍വതത്തില്‍ നിന്നോ പംഗയോണ്‍ പ്രദേശത്തു നിന്നോ ആയിരിക്കാം ഇത് ലഭിച്ചതെന്നു കരുതപ്പെടുന്നു. ബി.സി 40000ല്‍ സ്‌പെയ്‌നിലെ ഗുഹകളില്‍ നിന്ന് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. സ്വര്‍ണത്തിനായുളള ആദ്യ അന്വേഷണം തുടങ്ങിയത് ഈജിപ്റ്റുകാരാണ്. 3600കളില്‍ തടവറക്കാരെയും അടിമകളെയും കൊടും കുറ്റവാളികളെയുമെല്ലാമുപയോഗിച്ച് ഇവര്‍ സ്വര്‍ണഖനി വേട്ട നടത്തിയതായി ചരിത്രം പറയുന്നു. ബി.സി 2600ല്‍ മെസപ്പെട്ടോമിയന്‍ ജനത ആഭരണമായും അലങ്കാരമായും സ്വര്‍ണം ഉപയോഗിച്ചിരുന്നു. ബി.സി 1223ല്‍ നിര്‍മ്മിച്ച ഈജിപ്ഷ്യന്‍ ഫറവോ ആയിരുന്ന തുത്തന്‍ഖാമന്റെ ശവകുടീരം, ബി.സി 950യിലെ ഇസ്രായേലിലെ സോളമന്‍ രാജാവിന്റെ പ്രസിദ്ധമായ ക്ഷേത്രം ഇങ്ങനെ സ്വര്‍ണം കൊണ്ടുളള നിരവധി നിര്‍മ്മിതികള്‍ പുരാതന കാലത്തുണ്ടായിട്ടുണ്ട്. ബി.സി 564ല്‍ ലിഡിയയിലെ ക്രൊയേഷ്യസ് രാജാവ് സ്വര്‍ണത്തിന്റെ ശുദ്ധീകരണ രീതികള്‍ മെച്ചപ്പെടുത്തുകയും ആദ്യത്തെ അന്താരാഷ്ട്ര സ്വര്‍ണ കറന്‍സി സ്ഥാപിക്കുകയും ചെയ്യും. പണം എന്ന ആശയം സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് സ്വര്‍ണമായിരുന്നു. 700 ബി.സിയിലെ ആദ്യത്തെ സ്വര്‍ണ നാണയങ്ങളില്‍ ചിലത് ക്രമേണ കറന്‍സിയായി മാറി. എ.ഡി 250ല്‍ ഗുപ്ത രാജാക്കന്‍മാര്‍ ആദ്യമായി രാജ്യത്ത് സ്വര്‍ണ നാണയം പുറത്തിറക്കി. മുഗള്‍ഭരണകാലത്ത് ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മയൂര സിംഹാസനം ചരിത്രപ്രസിദ്ധമാണ്.
550 ബി.സിയില്‍ മെഡിറ്ററേനിയന്‍, മിഡില്‍ ഈസ്റ്റേണ്‍ പ്രദേശങ്ങളില്‍ ഗ്രീക്കുകാര്‍ സ്വര്‍ണ ഖനനം ആരംഭിച്ചു. സ്വര്‍ണത്തിന്റെ ഉത്ഭവത്തെക്കുറിച്ച് പ്ലേറ്റോയില്‍ നിന്നും അരിസ്റ്റോട്ടിലില്‍ നിന്നുമാണ് അനുമാനങ്ങള്‍ ലഭിച്ചിട്ടിട്ടുള്ളത്. ആഫ്രിക്കന്‍ രാജ്യമായ മാലിയിലെ പതിമൂന്നാം നൂറ്റാണ്ടിലെ രാജാവായ മാന്‍സാ മൂസ ചരിത്രത്തിലെ ഏറ്റവും ധനികനായതിന് കാരണമായ ലോഹവും സ്വര്‍ണം തന്നെയാണ്. അലാവുദ്ദീനും അത്ഭുതവിളക്ക് പോലെയുളള വിസ്മയ കഥകളിലും വലിയ സ്വര്‍ണ നിധികളുടെ ചിത്രീകരണവുമുണ്ട്. എങ്കിലും മനുഷ്യര്‍ ആദ്യമായി സ്വര്‍ണം ഉപയോഗിക്കാന്‍ തുടങ്ങി എന്നതിന് പുരാവസ്തു-ശാസ്ത്ര സമൂഹം സമവായം കണ്ടെത്തേണ്ടിയിരിക്കുന്നു. ആദ്യകാല നാഗരികതകള്‍ സ്വര്‍ണത്തെ ദേവന്മാരുമായും ഭരണാധികാരികളുമായും മഹത്വം വിളിച്ചോതുന്നതിനായി ഉപയോഗിച്ചു. ശക്തി, സൗന്ദര്യം, സാംസ്‌കാരികം, വരേണ്യവര്‍ഗം എന്നിവയുടെ പ്രതിബിംബങ്ങളായും ഈ മഞ്ഞലോഹം വിലയിരുത്തപ്പെട്ടു. എന്നാല്‍ കാലഘട്ടം മാറിയതിനുസരിച്ച് എല്ലാത്തരം ആളുകളിലും സ്വര്‍ണം എത്തിതുടങ്ങി.
ലോകത്തിലെ സ്വര്‍ണഖനികള്‍
മിക്ക രാജ്യങ്ങളുടെയും സാമ്പത്തിക വളര്‍ച്ചയിലും ജി.ഡി.പിയിലും മുഖ്യപങ്കു വഹിക്കുന്നത് സ്വര്‍ണ നിക്ഷേപങ്ങളാണ്. ഘാന, സുഡാന്‍, ബുള്‍ക്കിനിഫാസോ, മാലി തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളുടെയൊക്കെ സാമ്പത്തിക നട്ടെല്ലുകൂടിയാണ് ഈ മഞ്ഞലോഹം. ലോകത്തിലെ പ്രധാന സ്വര്‍ണഖനികളെക്കുറിച്ച്.
മുരുന്റാവൂ
ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണഖനികളിലൊന്നാണ് ഉസ്‌ബെകിസ്ഥാനിലെ മുരുന്റാവൂ. 2018ല്‍ ഏകദേശം 2.4 ദശലക്ഷം ടണ്‍ സ്വര്‍ണമാണ് ഇവിടെ നിന്ന് ഖനനം ചെയ്‌തെടുത്തത്. ഉസ്‌ബെകിസ്ഥാന്‍ സര്‍ക്കാരിന്റെയും നവോയി മൈനിംഗ് എന്ന കമ്പനിയുടെയും ഉടമസ്ഥതയിലുള്ള ഇവിടെ ഇനിയും കുഴിച്ചെടുക്കുന്നതിന് 5000 ടണ്‍ സ്വര്‍ണമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 25 നീലത്തിമിംഗലത്തിന്റെ വലുപ്പമുണ്ടാകും ഇത്രയും സ്വര്‍ണത്തിന്. 3.3 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയും 600 മീറ്റര്‍ ആഴത്തിലുമുള്ളതാണ് ഈ ഖനി.
പ്യൂബ്ലോ വീജോ
ദക്ഷിണ അമേരിക്കന്‍ ഖനിയായ പ്യൂബ്ലോ വീജോയില്‍ സ്വര്‍ണനിക്ഷേപം മാത്രമല്ല വെള്ളിയുമുണ്ട്. ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാന നഗരമായ സാന്റോ ഡൊമിംഗോയില്‍ നിന്ന് 100 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കനേഡിയന്‍ കമ്പനികളായ ബാരിക് ഗോള്‍ഡ് കോര്‍പ്പറേഷന്‍, ഗോള്‍ഡ് കോര്‍പ്പ് ഇന്‍ക് എന്നിവയ്ക്കാണ് ഖനന ചുമതല.

ഗോള്‍ഡ് സ്‌ട്രൈക്ക്
കാനഡയിലെ ബാരിക് ഗോള്‍ഡ് കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഈ ഖനി സ്ഥിതി ചെയ്യുന്നത് അമേരിക്കയിലെ നെവാഡ സ്റ്റേറ്റിലാണ്. 2018ല്‍ ഈ ഖനിയില്‍ നിന്ന് 2.1 ദശലക്ഷം ടണ്‍ സ്വര്‍ണം കുഴിച്ചെടുത്തു. തുറന്ന കുഴിയും ഭൂഗര്‍ഭ പ്രവര്‍ത്തനങ്ങളും ഖനിയിലുണ്ട്. 1986 ല്‍ ബാരിക്ക് ഗോള്‍ഡ് സ്‌ട്രൈക്ക് സ്വന്തമാക്കിയതിനു ശേഷം 42 മീറ്റര്‍ ഓണ്‍സ് സ്വര്‍ണം ഉത്പാദിപ്പിച്ചു.
കാര്‍ലിന്‍ ട്രെന്‍ഡ്
അമേരിക്കയിലെ നെവാഡ സ്റ്റേറ്റിലുടനീളമുള്ള പല ഇടങ്ങളിലായിട്ടാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. 1983-ല്‍ പര്യവേക്ഷണം നടത്തിയത് അമേരിക്കയിലുള്ള ന്യൂമോണ്ട് മൈനിംഗ് കോര്‍പ്പറേഷനാണ്. 56 കിലോമീറ്റര്‍ നീളുമുള്ള കാര്‍ലിന്‍ ട്രെന്‍ഡ് ജിയോളജിസ്റ്റുകളായ ജോണ്‍ ലിവര്‍മോറും അലന്‍ കൂപ്പും ചേര്‍ന്നാണ് കണ്ടുപിടിച്ചത്. 2018 ല്‍ 927,000 ഔണ്‍സ് സ്വര്‍ണം ഉത്പാദിപ്പിച്ചു.
ഒളിമ്പിയാഡ
റഷ്യയിലെ ഏറ്റവും വലിയ ഖനികളിലൊന്നായ ഇത് പ്രവര്‍ത്തനം ആരംഭിച്ചത് 1996ലാണ്. നിലവില്‍ മോസ്‌കോ ആസ്ഥാനമായുള്ള കമ്പനിയുടെ കീഴിലാണിത്. അവരുടെ മൊത്തം സ്വര്‍ണ ഉത്പാദനത്തിന്റെ പകുതിയോളവും ഒളിമ്പിയാഡയില്‍ നിന്നാണ്. പ്രതിവര്‍ഷം 13 ദശലക്ഷം ടണ്‍ അയിര് ശേഷിയുള്ള മൂന്ന് പ്ലാന്റുകളിലാണ് ഈ സ്ഥലത്ത് ഖനനം നടക്കുന്നത്. 2018 ല്‍ 1.3 ദശലക്ഷം ഔണ്‍സ് സ്വര്‍ണം ഉത്പാദിപ്പിച്ചു.
ലിഹിര്‍
മധ്യപസഫിക് സമുദ്രത്തിലെ പപ്പുവ ന്യൂഗിനിയ ദ്വീപുകള്‍ക്ക് നടുവിലുള്ള ഓഷ്യാനിയയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. ആസ്‌ത്രേലിയയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലും മറ്റും പ്രവര്‍ത്തിക്കുന്ന ലിഹിര്‍ ഗോള്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയുടേതായിരുന്നു. വംശനാശം സംഭവിച്ച അഗ്‌നിപര്‍വത ഗര്‍ത്തമായ ലൂയിസ് കാല്‍ഡെറയ്ക്കകത്താണ് ലിഹിറിലെ സ്വര്‍ണ നിക്ഷേപം. 2018 ല്‍ 976,000 ഔണ്‍സ് സ്വര്‍ണം ഉത്പാദിപ്പിച്ചു.
ഗ്രാസ്‌ബെര്‍ഗ്
ഇന്തോനേഷ്യന്‍ പ്രവിശ്യയായ പാപ്പുവയിലാണ് ഈ ഖനി സ്ഥിതി ചെയ്യുന്നത്. 2018 ല്‍ ഏകദേശം 2.7 ദശലക്ഷം ഓണ്‍സ് സ്വര്‍ണം ഉത്പാദിപ്പിച്ചു. 1936 ല്‍ ഒരു ഡച്ച് ജിയോളജിസ്റ്റാണ് നിക്ഷേപം കണ്ടെത്തിയത്. 30,000 പേര്‍ ജോലി ചെയ്യുന്ന ഖനി സമുദ്രനിരപ്പില്‍ നിന്ന് 4,100 മീറ്റര്‍ ഉയരത്തില്‍ പപ്പുവയിലെ ഏറ്റവും ഉയരമുള്ള പര്‍വ്വതമായ പുന്‍കക് ജയയ്ക്ക് സമീപമാണ് സ്ഥിതി ചെയ്യുന്നത്.
