ഗ്രീക്ക് പുരാണത്തില്‍ അപ്പോളോയുടെ ഇരട്ട സഹോദരിയാണ് ആര്‍ടെമിസ്. അമ്പും വില്ലും പിടിച്ച് പോരാളിയായാണ് ആര്‍ടെമിസിനെ ചിത്രീകരിക്കാറുള്ളത്. കാടുകളുടെയും കുന്നുകളുടെയും സംരക്ഷകയായ അവളുടെ പേരില്‍ ചന്ദ്രനില്‍ സ്ത്രീസാന്നിദ്ധ്യം അറിയിക്കാന്‍ നാസ ഒരുങ്ങുന്നു. 1969ല്‍ മനുഷ്യനെ ആദ്യമായി ചന്ദ്രനിലെത്തിച്ചത് നാസയുടെ അപ്പോള 11 എന്ന ദൗത്യമായിരുന്നു. 2024 ഓട് കൂടി ആദ്യത്തെ സ്ത്രീയെ ചന്ദ്രനിലെത്തിക്കുകയാണ് ആര്‍ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യം. ചന്ദ്രനില്‍ നിന്ന് ചൊവ്വ പര്യവേഷണം നടത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിന് പുറമെ നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ചന്ദ്രോപരിതലത്തില്‍ കൂടുതല്‍ പര്യവേഷണവും നടത്തനാകും.
ചന്ദ്രപര്യവേക്ഷണ ചരിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച കഴിവുറ്റ പല സ്ത്രീകള്‍ക്കും അവരുടെ പരിശ്രമത്തിന്റെ ക്രെഡിറ്റ് ലഭിക്കുകയോ അവര്‍ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് കടന്നു വരാനോ സാധിച്ചിട്ടില്ല. പരിശീലനം ലഭിച്ചിട്ടും ബഹിരാകാശ യാത്ര നടത്താന്‍ കഴിയാതെ പോയ വനിതകളുമുണ്ട് ഇക്കൂട്ടത്തില്‍. ബഹിരാകാശ ഗവേഷണരംഗത്തെ നിര്‍ണായക തീരുമാനങ്ങളിലും സുപ്രധാന ഗവേഷണങ്ങളിലും കഴിവുണ്ടായിട്ടും സ്ത്രീകള്‍ പലപ്പോഴും പരിഗണിക്കപ്പെട്ടില്ല. ബഹിരാകാശയാത്രികരുടെ സ്യൂട്ടുകള്‍ പോലും പുരുഷന്മാര്‍ക്ക് യോജിക്കും വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് മന:പൂര്‍വം ആയിരുന്നില്ല. 1970കളുടെ അവസാനം വരെ സ്ത്രീകളെ ബഹിരാകാശ പ്രോഗ്രാമില്‍ അനുവദിച്ചിരുന്നില്ല. 1983ല്‍ സാലി റൈഡ് ബഹിരാകാശത്തെ ആദ്യത്തെ അമേരിക്കന്‍ വനിതയാകുന്നതുവരെ ആരും പറന്നിരുന്നുമില്ല. അതുകൊണ്ട് സ്‌പേസ് സ്യൂട്ട് അടക്കം നിര്‍മ്മിച്ചത് പുരുഷശരീരത്തെ മാത്രം ലക്ഷ്യം വച്ചായിരുന്നു. എങ്കിലും ഇന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്രകളിലും ബഹിരാകാശ ഗവേഷണങ്ങളിലുമൊക്കെയുള്ള സ്ത്രീ സാന്നിധ്യം സജീവമാണ്. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാന്‍-2 ദൗത്യത്തിനു ചുക്കാന്‍ പിടിച്ചത് റിതു കരിധാള്‍, മുത്തയ്യ വനിത എന്നി രണ്ടു സ്ത്രീകളായിരുന്നു.
സമസ്യകള്‍ പൂരിപ്പിക്കുക
അമേരിക്കന്‍ ബഹിരാകാശയായ നാസ വാണിജ്യ, അന്താരാഷ്ട്ര പങ്കാളികളുമായി ആദ്യമായി കൈകോര്‍ക്കുന്നുവെന്നത് ആര്‍ടെമിസ് ദൗത്യത്തിന്റെ സവിശേഷതയാണ്. ഈ ദശകത്തിന്റെ അവസാനത്തോടെ സുസ്ഥിര ചാന്ദ്രപര്യവേഷണം നടത്തുകയും ചെയ്യും. ദൗത്യത്തില്‍ ഓറിയോണ്‍ പേടകമാണ് മനുഷ്യനെ വഹിക്കുക. ഒരു വനിതയെ ചന്ദ്രനില്‍ ഇറക്കുക, ചന്ദ്രോപരിതലത്തില്‍ പരമാവധി പര്യവേക്ഷണങ്ങള്‍ നടത്തി ഇനിയും ഉത്തരം കിട്ടാത്ത പല സമസ്യകളും പൂരിപ്പിക്കുക, അങ്ങനെ ലഭ്യമാവുന്ന അറിവുകള്‍ അടിസ്ഥാനമാക്കി ഭാവി ചാന്ദ്രദൗത്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുക എന്നിവയൊക്കെ ആര്‍ടെമിസ് ദൗത്യത്തിന്റെ ലക്ഷ്യങ്ങളാണ്. 2028 ഓടെ ഓരോ വര്‍ഷവും ചാന്ദ്രയാത്രകള്‍, ചന്ദ്രനില്‍ സ്ഥിരമായ മനുഷ്യസാന്നിധ്യം എന്നി ലക്ഷ്യങ്ങളും നാസ മുന്നില്‍ക്കാണുന്നു. ഭാവി ചൊവ്വാ പര്യവേക്ഷണങ്ങളിലേക്കുള്ള ഒരു ചുവടുവയ്പു കൂടിയാണിതെന്നും നാസ പറയുന്നു.
ചന്ദ്രനില്‍ മനുഷ്യകോളനികള്‍ എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ആര്‍ടെമിസ് ദൗത്യത്തിലൂടെ ലഭിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ സഹായകമാവുമെന്നാണ് പ്രതീക്ഷ. ചന്ദ്രോപരിതല പര്യവേക്ഷണത്തിന് റോബോട്ടിക് സംവിധാനങ്ങളും പ്രയോജനപ്പെടുത്തും. ചന്ദ്രോപരിതല രഹസ്യങ്ങള്‍, ചന്ദ്രനിലെ മനുഷ്യജീവിതം, എന്‍ജിനിയറിങ് സാധ്യതകള്‍ എന്നിവയൊക്കെ അതിസൂക്ഷ്മമായി വിശകലനം ചെയ്യുന്നത് അതിവിദൂരമല്ലാത്ത ഭാവിയില്‍ത്തന്നെ ചന്ദ്രനിലെ സ്ഥിരമായ മനുഷ്യവാസത്തിനുള്ള മുന്നൊരുക്കങ്ങള്‍ക്ക് സഹായിക്കും.
ചാന്ദ്ര വീടുകള്‍, ചന്ദ്രോപരിതലത്തിലെ വിപുലമായ ഗവേഷണ സാധ്യതകള്‍ എന്നിവയൊക്കെ ഈ ദൗത്യത്തിന് ഊര്‍ജം പകരുന്നു. മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചൊവ്വാ യാത്രയില്‍ ചന്ദ്രനെ ഇടത്താവളമാക്കുക എന്നതാണ് മറ്റൊരു പ്രധാന ലക്ഷ്യം. എന്നാല്‍ മനുഷ്യന്റെ ചൊവ്വാ യാത്രയ്ക്കു മുമ്പ് ഇത്രയും നീണ്ട ബഹിരാകാശപ്പറക്കലില്‍ മനുഷ്യശരീരം എങ്ങനെയൊക്കെയാവും പ്രതികരിക്കുക എന്നതിനെക്കുറിച്ച് വിശദമായി ശാസ്ത്രജ്ഞര്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. യാത്രികരെ തിരിച്ചു ഭൂമിയിലെത്തിക്കുക എന്നതും വെല്ലുവിളിയാണ്.
പലഘട്ടം ഒരു ലക്ഷ്യം
ചാന്ദ്രയാത്രയില്‍ യാത്രികരുടെ സുരക്ഷ അതിപ്രധാനമായതുകൊണ്ടു തന്നെ അതുറപ്പുവരുത്താന്‍ ആര്‍ടെമിസ് ദൗത്യം പല ഘട്ടങ്ങളായാണ് നടത്തുന്നത്. ഇതില്‍ ആദ്യഘട്ടമായ ആര്‍ടെമിസ് 1 ആളില്ലാ ദൗത്യമാണ്. എസ്.എല്‍.എസ് (സ്‌പേസ് ലോഞ്ച് സിസ്റ്റം) റോക്കറ്റും ഓറിയോണ്‍ ബഹിരാകാശ പേടകവും ടെസ്റ്റ് ചെയ്യാനാണ് ഈ പരീക്ഷണപ്പറക്കല്‍. അടുത്ത ഘട്ടമായ ആര്‍ടെമിസ് 2 രണ്ട് മനുഷ്യരെയും വഹിച്ചുകൊണ്ട് ചന്ദ്രനു ചുറ്റുമുള്ള ഒരു പരീക്ഷണപ്പറക്കലായിരിക്കും. അതും കഴിഞ്ഞാണ് 2024-ല്‍ ആണ് ആര്‍ടെമിസ് 3 ദൗത്യം. ഈ ദൗത്യത്തിലാണ് ഒരു വനിയടക്കമുള്ള യാത്രികരെ ഉള്‍ക്കൊള്ളുന്ന ഓറിയോണ്‍ പേടകത്തെയും വഹിച്ചുകൊണ്ട് റോക്കറ്റ് ഭൂമിയില്‍ നിന്നു കുതിച്ചുയരുക.
സവിശേഷതകള്‍ ഏറെയുള്ള ചന്ദ്രനിലെ ദക്ഷിണധ്രുവമാണ് പരീക്ഷണത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്. ഇവിടുത്തെ ജലസാന്നിധ്യം തന്നെ ഇതിനു പ്രധാന കാരണം. അതുകൊണ്ട് ഇവിടെ മനുഷ്യവാസത്തിന് അനുയോജ്യമായിരിക്കും എന്നാണ് പ്രതീക്ഷപ്പെടുന്നത്. ദീര്‍ഘകാല ഉപയോഗത്തിന് അനുയോജ്യമായ മറ്റു വിഭവങ്ങളും തിരയും. ചന്ദ്രനിലെ ജലത്തിന്റെ ചരിത്രം സംബന്ധിച്ച പഠനങ്ങള്‍ പുതിയ ചാന്ദ്രരഹസ്യങ്ങളിലേക്ക് വെളിച്ചം വീശിയേക്കാം. ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജന്‍ റോക്കറ്റ് ഇന്ധനമായും ഓക്‌സിജന്‍ ശ്വസിക്കാനായും ഉപയോഗിക്കാം എന്ന സാധ്യതയുമുണ്ട്. ഭൂമിയുടെയും ചന്ദ്രന്റെയും ചൊവ്വയുടെയും ഉത്ഭവരഹസ്യങ്ങള്‍, പരിണാമം ഇവ താരതമ്യം ചെയ്ത് വ്യത്യാസങ്ങളും സാദൃശ്യങ്ങളും സൂക്ഷ്മമായി വിശകലനം ചെയ്തു മനസിലാക്കല്‍ ഭാവി ഗോളാന്തര യാത്രകള്‍ അസൂത്രണം ചെയ്യുക എന്നിവയൊക്കെ ആര്‍ടെമിസ് ദൗത്യത്തില്‍ ഉള്‍പ്പെട്ടതാണ്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്വപ്‌നദ്ധതി കൂടിയാണ് ആര്‍ടെമിസ്. രണ്ടാം തവണയും പ്രസിഡന്റായാല്‍ നാസയ്ക്ക് വാരിക്കോരി ഡോളര്‍ നല്‍മെന്ന ട്രംപിന്റെ വെളിപ്പെടുത്തലിന് പിന്നാലെ 2028 ല്‍ നാസ നടത്താന്‍ നിശ്ചയിച്ചിരുന്ന ദൗത്യം 2024ലാകുമെന്ന് വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് പ്രഖ്യാപിച്ചു.
ഒന്‍പത് ആര്‍ടെമിസ് ദൗത്യങ്ങള്‍ക്കായി ആറ് അധിക വിമാനങ്ങളെ പിന്തുണയ്ക്കുന്നതിനായി സ്‌പേസ് ലോഞ്ച് സിസ്റ്റം സോളിഡ് റോക്കറ്റ് ബൂസ്റ്റുകള്‍ നിര്‍മ്മിക്കാനുള്ള നടപടികള്‍ നാസ സ്വീകരിച്ചു വരുന്നു. അടുത്തവര്‍ഷം മുതല്‍ വാണിജ്യ ഡെലിവറികളുടെ ചന്ദ്ര ഉപരിതലത്തിലേക്ക് ശാസ്ത്ര ഉപകരണങ്ങളും സാങ്കേതിക പ്രകടനങ്ങളും നടത്തുന്ന പേടകങ്ങളെ അയയ്ക്കും. ചൊവ്വ നാസയുടെ ചക്രവാള ലക്ഷ്യമായി തുടരുമ്പോള്‍, ചന്ദ്രന്റെ മുഴുവന്‍ ഉപരിതലവും മനുഷ്യനും റോബോട്ടുകളുമായി പര്യവേഷണം ചെയ്യുന്നതിലാണ് ആദ്യ ശ്രദ്ധ. ചന്ദ്രന്റെ ദക്ഷിണദ്രുവത്തില്‍ തുടങ്ങി പുതിയ സ്ഥലങ്ങളിലേക്ക് ബഹിരാകാശയാത്രികരെ അയയ്ക്കും. ചന്ദ്രനില്‍ കാലുകുത്തുന്ന ആദ്യ സ്ത്രീ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം കാത്തിരിക്കുകയാണ് മാനവരാശി. ചന്ദ്രനിലെ മനുഷ്യജീവിതം ഒരിക്കലും ഭൂമിയിലേതു പോലെയായിരിക്കില്ല. സങ്കല്‍പ്പത്തിനപ്പുറമുള്ള പല വെല്ലുവിളികളും അതിജീവിക്കേണ്ടതായും വന്നേക്കും. ഇതൊക്കെ മുന്നില്‍ക്കണ്ടു തന്നെ ചന്ദ്രനില്‍ മനുഷ്യവാസം എന്ന സ്വപ്നം കൈപ്പിടിയില്‍ ഒതുക്കാന്‍ ഒരുങ്ങുകയാണ് ബഹിരാകാശ ഗവേഷണ രംഗം.