പ്രകൃതിയും അതില്‍ മനുഷ്യന്‍ തീര്‍ത്ത കരവിരുതുകളും എക്കാലത്തെയും വിസ്മയങ്ങളാണ്. ഏഴ് ലോകാത്ഭുതങ്ങളില്‍ തെളിയുന്നതും ആ കരവിരുതുകളാണ്. വാസ്തുവിദ്യയുടെ ചരിത്രത്തിനു മനുഷ്യനോളം തന്നെ പഴക്കമുണ്ട്. ഈജിപ്തിലെയും മറ്റു പുരാതന യൂറോപ്യന്‍ രാജ്യങ്ങളിലെയും നാഗരികത ഉടലെടുത്തതോടെയാണ് വാസ്തുവിദ്യയും സജീവമാകുന്നത്. അന്നത്തെ രാജാക്കന്മാര്‍ക്കിടയില്‍ സംഗീതജ്ഞനെക്കാള്‍ വാസ്തു വിദ്വാനയിരുന്നു പ്രാധാന്യം. ഈജിപ്തിലെ പിരമിഡും ആഗ്രയിലെ താജ്മഹലും പെറുവിലെ മാച്ചു പിച്ചുവും ചൈനയിലെ വന്‍മതിലും പോലുള്ള ലോകാത്ഭുത നിര്‍മിതികള്‍ ശാസ്ത്ര പുരോഗതിക്ക് മുമ്പ് ഉണ്ടായിട്ടുള്ളതാണ്. ആവശ്യങ്ങളും ഉപാധികളുമാണ് ആദ്യകാലങ്ങളില്‍ വാസ്തുവിദ്യ യ്ക്ക് അടിസ്ഥാനമായത്. ഈജിപ്ത്, മൊസോപൊട്ടോമിയ തുടങ്ങിയ പ്രാചീന സംസ്‌കാരങ്ങളിലെ വാസ്തുവിദ്യയില്‍ അവരുടെ ആദ്ധ്യാത്മിക കാര്യങ്ങളും സംസ്‌കാരവും പ്രതിഫലിച്ചിരുന്നു. ഗ്രീസിലെ പാര്‍ഥിനോണ്‍ ക്ഷേത്രം പൗരാണിക വാസ്തുവിദ്യയുടെ മകുടോദ്ധാഹരണമാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലൂയിസ് സള്ളിവന്‍ മുന്നോട്ട് വച്ച ആശയങ്ങളാണ് ആധുനിക വാസ്തുവിദ്യയ്ക്ക് അടിത്തറയായത്. ആധുനിക എന്‍ജിനിയറിംഗിന്റെ വിസ്മയം ഏതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് പനാമ കനാല്‍. പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മനുഷ്യനിര്‍മ്മിതമായ അത്ഭുതങ്ങളിലൊന്നായ പനാമ കനാല്‍ ഗതാഗതത്തിന് തുറന്നു കൊടുത്തിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു.ഇന്നേവരെ നടപ്പിലാക്കപ്പെട്ടിട്ടുള്ള എന്‍ജിനിയറിംഗ് പദ്ധതികളില്‍ വച്ച് ഏറ്റവും വലുതും പ്രയാസമേറിയതുമാണ് പനാമ കനാല്‍ നിര്‍മ്മാണം. രണ്ട് സമുദ്രങ്ങളെ ബന്ധപ്പെടുത്തി ചരക്ക് നീക്കത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ പനാമക്കടുത്ത് ഒരു രണ്ടുവരി കനാല്‍ എന്ന ആശയം രൂപം കൊണ്ടത് പതിനാറാം നൂറ്റാണ്ടിലാണ്. എന്നാല്‍ അതിനുള്ള ആദ്യ ശ്രമം നടത്തിയത് 1880 ഫ്രഞ്ചുകാരുടെ നേതൃത്വത്തിലായിരുന്നു.
പനാമ എന്ന കുഞ്ഞന്‍ രാജ്യത്തെക്കാള്‍ പ്രശസ്തമാണ് അവിടുത്തെ ആ കനാല്‍. പനാമയിലെ ഇസ്തുമസിന് കുറുകെ കനാല്‍ നിര്‍മ്മിക്കാന്‍ 1534ല്‍ റോമന്‍ ചക്രവര്‍ത്തിയും സ്‌പെയിനിലെ രാജാവുമായ ചാള്‍സ് അഞ്ചാമന്‍ ആശയം അവതരിപ്പിച്ചു. കടലില്‍ മണ്ണ്, എക്കല്‍, പവിഴപ്പാറകള്‍ എന്നിവ അടിഞ്ഞുകൂടിയുണ്ടാകുന്ന തുരുത്താണ് ഇസ്തുമസ്. സ്‌പെയിനും പെറുവിനും ഇടയില്‍ യാത്ര ചെയ്യുന്ന കപ്പലുകളുടെ യാത്ര സുഗമമാക്കുന്നതിന് അമേരിക്കയിലൂടെയുള്ള ഒരു റൂട്ടിനായി ഒരു സര്‍വേയ്ക്ക് രാജാവ് ഉത്തരവും ഇറക്കി. പോര്‍ച്ചുഗീസുകാരെക്കാള്‍ സൈനിക നേട്ടമുണ്ടാക്കാനായിരുന്നു സ്പാനിഷുകാരുടെ ശ്രമം. അറ്റ്‌ലാന്റിക് സമുദ്രത്തെ പസഫിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന പനാമയിലെ 82 കിലോമീറ്റര്‍ (51 മൈല്‍) കൃത്രിമ ജലപാതയാണ് പനാമ കനാല്‍. കനാല്‍ തുറന്നതോടെ തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്തുള്ള ഡ്രേക്ക് പാസേജും ഹോണ്‍ മുനമ്പും വഴിയുള്ള ദൈഘ്യമേറിയ ജലമാര്‍ഗത്തിന് ആവശ്യക്കാര്‍ കുറഞ്ഞു. ന്യൂയോര്‍ക്ക് മുതല്‍ സാന്‍ഫ്രാന്‍സിസ്‌കോ വരെ സഞ്ചരിക്കുന്ന ഒരു കപ്പല്‍ ഹോണ്‍ മുനമ്പ് ചുറ്റിയാണെങ്കില്‍ 22,500 കിലോമീറ്ററും പനാമ കനാല്‍ വഴിയാണെങ്കില്‍ വെറും 9,500 കിലോമീറ്ററുമാണ് സഞ്ചരിക്കേണ്ടത്. അമേരിക്കയുടെ പണവും ഫ്രഞ്ച് സാങ്കേതികവിദ്യയുമായിരുന്നു പനാമ കനാല്‍ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്. 1904 മുതല്‍ 1914 വരെയുള്ള കാലഘട്ടത്തില്‍ അമേരിക്കയുടെ ഏറ്റവും വലിയ ദേശീയ ചെലവായിരുന്നു പനാമ കനാലിന്റെ നിര്‍മ്മാണം. നിര്‍മ്മാണവേളയില്‍ പലതരം ആശങ്കകള്‍ ഉയര്‍ന്നിരുന്നു. പനാമ എന്ന രാജ്യം തന്നെ കടലിനടിയിലായി പോകുമെന്നായിരുന്നു ആശങ്ക.’മകളെ പ്രസവിക്കുന്നതോടെ മാതാവ് മരിക്കും’ എന്ന പ്രവചനം വരെയുണ്ടായി. 1900കളുടെ തുടക്കമാണ് അമേരിക്ക കനാല്‍ നിര്‍മ്മാണം ഏറ്റെടുത്തത്. കനാലിന്റെ നിര്‍മ്മാണ സമയത്ത് മലേറിയയും മഞ്ഞപ്പനിയും തുടങ്ങിയ മഹാമാരികള്‍ നടമായിയതിനു പുറമെ മണ്ണൊലിപ്പും തടസമായെത്തി. കനാല്‍ പൂര്‍ത്തിയായപ്പോഴേക്കും ഫ്രാന്‍സിന്റെയും അമേരിക്കയുടേയും 27,500 തൊഴിലാളികളുടെ ജീവനാണ് നഷ്ടമായത്. 1914 ആഗസ്റ്റ് 15 നാണ് പനാമാ കനാല്‍ അന്താരാഷ്ട്ര കപ്പല്‍ഗതാഗതത്തിനായി ഔദ്യോഗികമായി തുറന്നുകൊടുത്തു. പ്രകൃതിദത്തമായ നിരവധി അനുകൂല സാഹചര്യങ്ങള്‍ മുതലാക്കിയാണ് കനാലിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഏകദേശം 37 കോടി ഡോളറാണ് നിര്‍മ്മാണ ചെലവ്.
കപ്പല്‍ കനാലിലൂടെ കടന്ന് പോകുന്നത് വലിയ അളവില്‍ സാങ്കേതികവിദ്യയും എന്‍ജിനിയറിംഗ് വൈദഗ്ധ്യവും പ്രയോജനപ്പെടുത്തിയാണ്. കനാല്‍ പൂര്‍ണമായും കടലിന്റെ ഭാഗമല്ല, കടലിന്റെയും തടാകത്തിന്റേയും സ്വഭാവം ഈ ജലപാതയ്ക്കുണ്ട്. കനാല്‍ യാത്ര തുടങ്ങാന്‍ ആദ്യം കടലില്‍നിന്ന് കനാലിലേക്ക് കപ്പല്‍ കയറ്റണം. പിന്നീട് കടലിലേക്ക് തന്നെ തിരിച്ചിറങ്ങണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം സമുദ്രജലനിരപ്പും കനാല്‍ ജലനിരപ്പും തമ്മില്‍ ഉയരത്തില്‍ വ്യത്യാസമുണ്ടെന്നതാണ്. സമുദ്രജലത്തെ അപേക്ഷിച്ച് ലവണസാന്ദ്രതയിലും പ്ലവക്ഷബലത്തിന്റെ കാര്യത്തിലും കനാലിലെ ജലം വിഭിന്നമാണ്. കൂടാതെ കനാല്‍ സ്ഥിതി ചെയ്യുന്നത് ഒരു പര്‍വതഭാഗത്താണ്. ഇത്തരം വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ കടലിനെ അപേക്ഷിച്ച് കനാല്‍ ഉയര്‍ന്ന ജലവിതാനമായി നിലകൊള്ളുന്നു. ഇതുമൂലം കപ്പലുകള്‍ക്ക് കനാലിലേക്ക് കയറുമ്പോഴും തിരിച്ചി റങ്ങുമ്പോഴും പ്രശ്നമുണ്ടാകുന്നു. ഇതു പരിഹരിക്കുന്നതിനായി കനാലില്‍ ചിപ്പ് സംവിധാനമുള്ള മൂന്ന് ലോക്കുകളുണ്ട്. ഗാറ്റുണ്‍, പെഡ്രോ, മിഗ്വല്‍ ആന്‍ഡ് മിറാഫ്ളോര്‍സ എന്നിവയാണിവ. കനാല്‍ മുഖത്തെത്തുന്ന കപ്പലുകള്‍ കുറച്ചുനേരം അവിടെ നിറുത്തിയിടുന്നു. കപ്പലുകളുടെ മുന്‍ഭാഗം ഉയര്‍ത്തിയെടുത്തെങ്കില്‍ മാത്രമെ കനാലിലേക്ക് പ്രവേശിക്കാനാകൂ. ബൈക്ക് മുന്‍വശം ഉയര്‍ത്തി അഭ്യാസം കാണിക്കുന്നതിനു സമാനമാണിത്. കനാലിന്റ പ്രവേശന കവാടത്തില്‍ ഒരു അറയുണ്ട്. സമുദ്രനിരപ്പിലുള്ള ജലവിതാനമാണ് അവിടെ. കപ്പല്‍ ചേമ്പറില്‍ കയറ്റി ലോക്ക് ചെയ്യുന്നു. അവിടെ ചിപ്പ് സംവിധാനവുമുണ്ട്. ഈ ചിപ്പ് തുറന്ന് ജലം പമ്പ് ചെയ്യുന്നു. ഇതിനായി പ്രത്യേക ഡാം പണിഞ്ഞ് വന്‍തോതില്‍ ജലം ശേഖരിച്ച് വച്ചിട്ടുണ്ട്. ചിപ്പ് തുറന്ന് ജലമെത്തുന്നതോടെ കപ്പലാകെ ഉയര്‍ത്തപ്പെടുന്നു. കപ്പല്‍ മുന്നോട്ടെടുത്ത് കനാലിലേക്ക് പ്രവേശിക്കുന്നു. പിന്നീട് അടുത്ത ഘട്ടത്തില്‍ ഇതുപോലെ വേറൊരു ചേമ്പറില്‍ കപ്പല്‍ പിന്നെയും ഉയര്‍ത്തപ്പെടുന്നു. അങ്ങനെ ക്രമമായി 25 മീറ്റര്‍വരെ കപ്പല്‍ ഉയരുന്നു. കനാല്‍ മറികടന്നശേഷം മറുവശത്ത് കപ്പല്‍ എത്തുമ്പോള്‍ വീണ്ടും നിറുത്തിയിടുന്നു. ശേഷം കനാലില്‍നിന്ന് ചീപ്പുകള്‍ ഉപയോഗിച്ച് ജലം പിന്‍വലിച്ച് ഉയരം കുറച്ച് കപ്പലിന്റെ മുന്‍വശം മെല്ലെ കടലിലേക്ക് ഇറക്കുന്നു. അവിടെയും സമാനമായ ചേമ്പറുണ്ട്. കപ്പല്‍ ക്രമേണ വലിയൊരു താഴ്ചയിലേക്ക് പോകുന്നതായി തോന്നും. ഒന്നിലധികം കപ്പലുകള്‍ക്ക് കനാലിലൂടെ ഒരേസമയം സഞ്ചരിക്കാം. പക്ഷെ ഒരുസമയം ഒരു കപ്പലിന് മാത്രമേ കയറുകയോ ഇറങ്ങുകയോ ചെയ്യാനാവൂ. കനാലിന്റെ ദൂരത്തിന്നിടയ്ക്ക് നിരവധി പോയിന്റുകളില്‍ കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യമുണ്ട്.
കനാല്‍ പനാമയേക്കാളും അമേരിക്കയുടെയും യൂറോപ്യന്‍ ശക്തികളുടെയും ആവശ്യമായിരുന്നു. പനാമയുടെ പരാമാധികാരത്തിന് മുകളില്‍ അമേരിക്കയുടെ കടന്നുകയറ്റമായും കനാല്‍ നിര്‍മ്മാണം വിലയിരുത്തപ്പെട്ടു. എന്നാല്‍ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം കപ്പല്‍ ഗതാഗതാരംഗത്ത് സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളെ വിജയകരമായി ഉള്‍ക്കൊണ്ടുകൊണ്ട് തന്നെ പനാമ കനാല്‍ ഇന്നും വിജയകരമായി മുന്നോട്ട് പോകുന്നു. പനാമ എന്ന ചെറു രാജ്യത്തിന്റെ സാമ്പത്തികവ്യവസ്ഥയുടെ നട്ടെല്ലാണ് ഈ കനാല്‍. പനാമയുടെ മൊത്തം ദേശീയ വരുമാനത്തിന്റെ 80 ശമാനവും കനാലില്‍ നിന്നാണ്. കൊളംബിയയുടെ കോളനിയായിരുന്ന പനാമ 1903 ലാണ് സ്വതന്ത്രമായത്. 1979 വരെ കനാല്‍ മേഖലയ്ക്ക് മേല്‍ പനാമയ്ക്ക് പൂര്‍ണ അധികാരം ഉണ്ടായിരുന്നില്ല. 1979 ല്‍ നിലവില്‍ വന്ന അമേരിക്കകൂടി ഉള്‍പ്പെട്ട പനാമാ കമ്മിഷന്‍ കരാര്‍ പ്രകാരം പനാമയ്ക്ക് കനാല്‍പ്രദേശത്ത് സ്വയംഭരണാധികാരവും 2000ജനുവരിയില്‍ പൂര്‍ണനിയന്ത്രണവും ലഭ്യമാക്കി. 2000 വരെ കനാലിന്റെ ഭരണപരമായ ചുമതലകള്‍ നിര്‍വഹിച്ചിരുന്നത് അമേരിക്കയായിരുന്നു. പനാമയ്ക്കും അമേരിക്കയ്ക്കും ഇടയില്‍ പലപ്പോഴും തര്‍ക്കവിഷയമായിരുന്നു ഈ കനാല്‍. അയ്യായിരത്തോളം കപ്പലുകളെ മാത്രം ഉള്‍ക്കൊള്ളാന്‍ കഴിവുള്ള കനാലില്‍ മൂന്നാമതൊരു വരികൂടി ഉള്‍പ്പെടുത്തി പതിനാലായിരത്തോളം കപ്പലുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കൈവരിച്ചിരിക്കുകയാണ്. പനാമ കനാല്‍ നിര്‍മിച്ച് 102 വര്‍ഷങ്ങള്‍ക്ക് ശേഷം 2007ലായിരുന്നു കനാലിന്റെ മൂന്നാം വരിയുടെ നിര്‍മാണമാരംഭിച്ചത്.