ശരീരം കൊണ്ട് അകന്നും മനസുകൊണ്ട് അടുത്തുമാണ് മാനവരാശി ഇത്തവണത്തെ ക്രിസ്മസിനെ വരവേറ്റത്. കൊവിഡ് 19 മഹാമാരിയുടെ താണ്ഡവത്തില്‍ ക്രിസ്മസിന് ആഘോഷ പരിപാടികള്‍ കുറവായിരുന്നു. ക്രിസ്മസ് ആചാരങ്ങള്‍ കൊണ്ടും പാരമ്പര്യങ്ങള്‍ കൊണ്ടും വ്യത്യസ്തമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തികച്ചും അസാധാരണവും വ്യത്യസ്തവുമായ രീതികളില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ നടക്കാറുണ്ട്. ഫിലിപ്പിനീസിലെ ക്രിസ്മസ് കാപ്പിറ്റല്‍ എന്നറിയപ്പെടുന്ന സാന്‍ ഫെര്നാഡോയിലാണ് വിചിത്രമായ ജയന്റ് ലാന്റോണ് ഫെസ്റ്റിവല്‍ നടക്കുന്നത്. ക്രിസ്മസിനു തൊട്ടുമുന്‍പുള്ള ശനിയാഴ്ചയാണ് ഇത് അരങ്ങേറുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഈ ഫെസ്റ്റിവലില്‍ പങ്കെടുക്കുവാനായി നിരവധി ആളുകള്‍ എത്തിച്ചേരും. ഉള്ളിലെ വിളക്ക് താരതമ്യേന ചെറുതായിരിക്കുമെങ്കിലും കടലാസു കൊണ്ടുള്ള പ്രത്യേക അലങ്കാരമാണ് ഈ ലാന്റോണുകളുടെ പ്രത്യേകത. ആറു മീറ്റര്‍ വരെ നീളത്തില്‍ നിര്‍മ്മിക്കുന്ന ദീപാലങ്കാരങ്ങള്‍ ഇവിടെ കാണാം.
കുറച്ച് പേടിപ്പിക്കുമെങ്കിലും രസകരമാണ് ഓസ്ട്രിയയിലെ ക്രിസ്മസ്. കുട്ടികളെ ഭയപ്പെടുത്തുന്നതും മോശമായവരെ ശിക്ഷിക്കുന്നതും നഗരവീഥികളില്‍ അലഞ്ഞുനടക്കുന്ന ഒരു മൃഗം പോലെയുള്ള ഒരു രാക്ഷസജീവിയാണ് ഇവിടുത്തെ താരം. ക്രാമ്പസ് എന്നാണിതിന്റെ പേര്. ഓസ്ട്രിയന്‍ പാരമ്പര്യത്തില്‍ സെന്റ് നിക്കോളാസ് കുട്ടികള്‍ക്ക് സമ്മാനം നല്കുമ്പോള് ക്രാമ്പസ് ഏറ്റവും മോശം കുട്ടികളെ പിടികൂടുകയും അവരെ ചാക്കില്‍ കൊണ്ടുപോവുകയും ചെയ്യുമെന്നാണ് വിശ്വാസം. ഡിസംബര്‍ ആദ്യ വാരത്തില്‍, ചെറുപ്പക്കാര്‍ ക്രാമ്പസ് ആയി വേഷമിട്ട് കുട്ടികളെ ചങ്ങലകളും മണികളും കൊണ്ട് ഭയപ്പെടുത്തുന്നത് സ്ഥിരം കാഴ്ചയാണ്.
ജപ്പാനില്‍ ക്രിസ്മസ് വലിയ പ്രാധാന്യമില്ലെങ്കിലും സമീപ വര്‍ഷങ്ങളിലായി രസകരമായ പാരമ്പര്യം ഉയര്‍ന്നുവന്നിട്ടുണ്ട് -കെന്റക്കി ഫ്രൈഡ് ചിക്കന്റെ ക്രിസ്മസ് ദിനാഘോഷം. ക്രിസ്മസ് സമയത്ത് കെ.എഫ.്സി ജപ്പാന് വെബ്സൈറ്റില്‍ മെന്യു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരസ്യം ചെയ്യും. ക്രിസ്മസ് പ്രമേയമുള്ള സ്റ്റാന്‍ഡേര്‍ഡ് ബക്കറ്റ് മുതല്‍ പ്രീമിയം റോസ്റ്റ് ബേര്‍ഡ് വരെ മെന്യുവില്‍ ഉള്‍പ്പെടുത്തിട്ടുണ്ട്. ക്രിസ്മസിന് 13 ദിവസങ്ങള്‍ക്കു മുന്‍പേ കുട്ടികളെ സന്ദര്‍ശിക്കുവാനെത്തുന്ന കഥാപാത്രങ്ങളാണ് ഐസ്ലന്ഡിലെ പ്രത്യേകത. ക്രിസ്മസിന് മുന്നോടിയായുള്ള 13 ദിവസങ്ങളില്‍ 13 തന്ത്രപരമായ ട്രോള്‍ പോലുള്ള കഥാപാത്രങ്ങള്‍ ആണിത്. യൂലെറ്റൈഡിന്റെ ഓരോ രാത്രിയും കുട്ടികള്‍ അവരുടെ ഏറ്റവും മികച്ച ഷൂസ് ജനാലയില്‍ വെച്ചു കിടന്നുറങ്ങും. വ്യത്യസ്തമായ യൂള്‍ ലാഡ് സന്ദര്‍ശനങ്ങള്‍ നല്ല പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും വികൃതികള്‍ക്കായി ചീഞ്ഞ ഉരുളക്കിഴങ്ങ് സമ്മാനമായി നല്‍കുകയും ചെയ്യുന്നു. ഡിസംബര്‍ 6 ന് അര്‍ദ്ധരാത്രിയില്‍ സാന്റക്ലോസ് കഴുതപ്പുറത്ത് യാത്ര ചെയ്ത് ജര്മ്മനിയിലെമ്പാടുമുള്ള നല്ല കുട്ടികളുടെ ചെരിപ്പുകളില്‍ നാണയങ്ങള്‍, ചോക്ലേറ്റ്, ഓറഞ്ച്, കളിപ്പാട്ടങ്ങള്‍ എന്നിവ നിക്ഷേപിക്കുന്നു എന്നാണ് വിശ്വാസം. പ്രത്യേകിച്ച് ബവേറിയന്‍ മേഖലയില്‍ ആണ് സാന്റാ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നത്. സെന്റ് നിക്കോളാസും കുട്ടികള്‍ക്ക് സമ്മാനം വിതരണം ചെയ്യുവാനായാണ് വരുന്നത്. സെന്റ് നിക്കോളാസ് സ്കൂളുകളിലോ വീട്ടിലോ കുട്ടികളെ സന്ദര്‍ശിക്കുന്നു. മധുരപലഹാരങ്ങള്‍ അല്ലെങ്കില്‍ ഒരു ചെറിയ സമ്മാനത്തിന് പകരമായി ഓരോ കുട്ടിയും ഒരു കവിത ചൊല്ലുകയോ ഒരു ഗാനം ആലപിക്കുകയോ അല്ലെങ്കില്‍ ചിത്രം വരയ്ക്കയോ ചെയ്യണം.
ലോകത്തിലെ ഏറ്റവും പുരാതനമായ ക്രിസ്മസ് ആചാരങ്ങള്‍ കാണുവാന്‍ സാധിക്കുന്ന നാടാണ് നോര്‍വേ. അവിടെ ഇന്നും ക്രിസ്മസ് തലേന്ന് വീടുകളിലെ ചൂല് ഒളിപ്പിച്ചു വയ്ക്കുന്നു. ക്രിസ്മസ് ദിനത്തില്‍ ദുരാത്മാക്കളും ദുര്മന്ത്രവാദികളും പുറത്തിറങ്ങുമെന്നും സഞ്ചരിക്കുവാനായി ചൂലുകള്‍ തിരയുമെന്നുമാണ് വിശ്വാസം. ഇതിന് അവരെ അനുവദിക്കുവാതിരിക്കുവാനാണ് ആളുകള്‍ ചൂല് വീടിനുള്ളില്‍ ഒളിപ്പിച്ചു വയ്ക്കുന്നത്. എല്ലാ ക്രിസ്മസ് രാവിലും, നഗരവാസികള്‍ അതിരാവിലെ പള്ളിയിലേക്ക് പോകുന്നതാണ് വെനിസ്വലേയുടെ ക്രിസ്മസ് പാരമ്പര്യം. റോളര്‍ സ്കേറ്റിലാണ് അവര്‍ പള്ളിയിലേക്ക് പോകുന്നത്. ഇതിനു പിന്നിലുള്ള കാരണം വ്യക്തമല്ലെങ്കിലും വളരെ ആസ്വദിച്ചാണ് ഇവരിത് ചെയ്യുന്നത്. അന്നേ ദിവസം രാവിലെ വാഹനങ്ങള്‍ ഒന്നും നിരത്തിലിറങ്ങില്ല. അതുകാരണം തടസങ്ങള്‍ കൂടാതെ ആളുകള്‍ക്ക് യാത്ര ചെയ്യുവാനും സാധിക്കുന്നു. കൊളംബിയയില്‍ ഉടനീളം ക്രിസ്മസ് സീസണിന്റെ ആരംഭം കുറിക്കുന്നത് ചെറിയ മെഴുകുതിരികളുടെ ദിനമാണ്. കന്യാമറിയത്തിന്റെയും ഇമ്മാക്കുലേറ്റ് കണ്സെപ്ഷന്റെയും ബഹുമാനാര്‍ത്ഥം ആളുകള്‍ അവരുടെ ജാലകങ്ങളിലും ബാല്‍ക്കണിയിലും മുന്‍വശത്തെ മുറ്റങ്ങളിലും മെഴുകുതിരികളും പേപ്പര്‍ വിളക്കുകളും സ്ഥാപിക്കുന്നു. ഈ പാരമ്പര്യം വളര്‍ന്ന് ഇന്ന് രാജ്യം മുഴുവന്‍ എത്തിനില്‍ക്കുന്നു. രാജ്യത്തെ മിക്ക നഗരങ്ങളിലും തിരികളുടെ പ്രദര്‍ശനങ്ങള്‍ കാണാന്‍ സാധിക്കും.