മഹാമാരികള്‍ പ്രമേയമാക്കിയ ചലച്ചിത്ര ഭാഷ്യങ്ങള്‍ അഭ്രപാളിയിലെ എക്കാലത്തെയും വലിയ വിസ്മയങ്ങളാണ്. യാഥാര്‍ത്ഥ്യങ്ങളുടെ പിന്‍ബലത്തില്‍ ഭാവനകളുടെ വിശാല ലോകം പടുത്തുയര്‍ത്തുകയാണ് ഇവയെല്ലാം. തിരശീലകള്‍ക്ക് നിറഭേദങ്ങള്‍ വരും മുമ്പ് മഹാമാരികള്‍ കഥാതന്തുവായ ചലച്ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. അതില്‍ ഏറെ ശ്രദ്ധേയമായിരുന്നു 1964ല്‍ പുറത്തിയങ്ങിയ ദ ലാസ്റ്റ് മാന്‍ ഓണ്‍ എര്‍ത്ത്. സിഡ്‌നി സാല്‍ക്കോവ്, ഉബാള്‍ഡോ ബി റങ്കോണ എന്നിവര്‍ സംവിധാനം ചെയ്ത ഈ ബ്ലാക്ക് ആന്‍ഡ് ചിത്രം പ്ലേഗ് ബാധിച്ച് മാനവരാശി തന്നെ ഇല്ലാതാകുന്നതിനെ പറ്റിയാണ് പറയുന്നത്. ശാസ്ത്രബോധത്തിന് മുമ്പേ സഞ്ചരിച്ച സിനിമകളില്‍ ഒന്നായിരുന്നു ഇത്. വൈറസുകള്‍ പ്രമേയമായ സിനിമകള്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം ബോക്‌സോഫീസുകള്‍ കീഴടക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിട്ടുണ്ട്.
റിച്ചാര്‍ഡ് മത്യേസണിന്റെ ഐയാം ലെജന്‍ഡ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ദ ലാസ്റ്റ് മാന്‍ ഓണ്‍ എര്‍ത്ത് എന്ന ഇറ്റാലിയന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. പ്ലേഗ് പകര്‍ച്ചവ്യാധിക്കു ശേഷമുള്ള ലോകത്ത് ശാസ്ത്രജ്ഞനായ റോബര്‍ട്ട് മോര്‍ഗന്‍ മാത്രമാണ് മഹാമാരിയില്‍ നിന്ന് പ്രതിരോധശേഷി കൈവരിച്ച ഒരേയൊരു മനുഷ്യന്‍. രോഗം ഭൂമിയിലെ മുഴുവന്‍ ജനങ്ങളെയും വാമ്പയര്‍ പോലുള്ള രക്തമൂറ്റിക്കുടിക്കുന്ന ജീവികളാക്കി മാറ്റി. ഈ ഭീകര ലോകത്ത് മാനവരാശിയെ നിലനിറുത്താനുള്ള മോര്‍ഗണിന്റെ പരിശ്രമങ്ങളാണ് ചിത്രം പറയുന്നത്. വിന്‍സെന്റ് പ്രൈസ്, ഫ്രാന്‍ക ബെറ്റോയ എമ ഡാനിയേലി എന്നിവരൊക്കെ മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച്ചവച്ചിരിക്കുന്നത്.
വെള്ളിത്തിരയിലെ മറ്റ് വൈറസ് സിനിമകളെക്കുറിച്ച്:
ദി ഫ്ളൂ
കൊറിയന്‍ സിനിമകള്‍ എക്കാലത്തും ഭാവന സമ്പന്നമാണ്. കിം കി ഡുക്കും ബേംഗ് ജോന്‍ ഹോയും എല്ലാം ദക്ഷിണകൊറിയയുടെ യശ്ശസ് ഉയര്‍ത്തിയ സംവിധായകരില്‍ ചിലര്‍ മാത്രമാണ്. വൈറസ് ബാധ പ്രമേയമാക്കി 2013ല്‍ ഇറങ്ങിയ കൊറിയന്‍ ചിത്രമാണ് ദി ഫ്്‌ളൂ. കിം സംഗ് സു സംവിധാനം ചെയ്ത ചിത്രം പകര്‍ച്ചവ്യാധികളുടെ ഭീകരത വരച്ചു കാട്ടുന്നു. അനധിക്യതമായി ഒരുകൂട്ടം മനുഷ്യരെ ഷിപ്പിംഗ് കണ്ടെയ്‌നറിലാക്കി കടത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. പുറപ്പെടുന്ന സമയത്ത് ഒരാള്‍ക്ക് പനിയും ചുമയും ഉണ്ടായിരുന്നുവെങ്കിലും അത് കാര്യമാക്കാതെ കൊണ്ടു പോകുന്നു. പിന്നീട് കൊറിയന്‍ തലസ്ഥാനമായ സോളിലെത്തി തുറന്നു നോക്കിയപ്പോള്‍ അതിലുണ്ടായിരുന്നവരെല്ലാം മരിച്ചിരുന്നു. ചീഞ്ഞ് ദുര്‍ഗന്ധം വന്ന ശവശരീരങ്ങള്‍ക്കിടയില്‍ ഒരാള്‍ മാത്രം ജീവനോടെ ഉണ്ടായിരുന്നു. പക്ഷേ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ പുറത്തേക്ക് ഓടി മറഞ്ഞു. അയാളില്‍ നിന്ന് എച്ച്5 എന്‍1 വൈറസ് നഗരത്തിലാകെ പടര്‍ന്നു പിടിച്ചു. നിരത്തുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ട്രാഫിക്കുകള്‍ എന്നു വേണ്ട എല്ലായിടങ്ങളിലും ആളുകള്‍ രക്തം ഛര്‍ദ്ദിച്ചു വീഴാന്‍ തുടങ്ങി. ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറഞ്ഞു. 36 മണിക്കൂറിനുള്ളില്‍ ആളുകള്‍ മരിച്ചു വീണു തുടങ്ങി.
കണ്ടെയ്‌നറിലെ മൃതദേഹത്തില്‍ നിന്ന് വൈറസ് വാഹകരായി എലികളും നഗരത്തിലിറങ്ങിയതോടെ സ്ഥിതിഗതികള്‍ രൂക്ഷമായി. സ്വന്തം ജീവന്‍ പോലും പണയം വച്ച് റെസ്‌ക്യൂ സേവനം നടത്തുന്ന ഒരു കൂട്ടമാളുകളുടെ അതിജീവനത്തിന്റെ കഥയാണ് ദി ഫ്്‌ളൂ പറയുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. പാര്‍ക്ക് സൂ ഐ, ജാങ് ഹൈക്ക്, പാര്‍ക്ക് മിന്‍ ഹാ, മാ ഡോംഗ് സീക്ക് എന്നിവരുടെയൊക്കെ പ്രകടനങ്ങള്‍ നെഞ്ചിടിപ്പോടെ മാത്രമേ കാണാന്‍ സാധിക്കൂ.
കണ്ടേജിയന്‍
എക്കാലത്തെയും മികച്ച വൈറസ് സിനിമകളില്‍ മുന്‍പന്തിയിലാണ് കണ്ടേജിയന് സ്ഥാനം. 2011ല്‍ സ്റ്റീവന്‍ സോഡര്‍ബര്‍ഗ് സംവിധാനം ചെയ്ത ചിത്രം മള്‍ട്ടിനേറ്റീവ് ഹൈപ്പര്‍ ലിങ്ക് ശൈലിയിലാണ് ഒരുക്കിയിട്ടുള്ളത്. ബിസിനസ് ആവശ്യത്തിന് ഹോങ്കോങ്ങിലെത്തുന്ന ബെത്ത് എന്ന യുവതിക്ക് വൈറസ് ബാധയേല്‍ക്കുന്നു. പിന്നീട് തിരികെ അമേരിക്കയിലെത്തിയ ബെത്ത് വീട്ടില്‍ കുഴഞ്ഞുവീഴുന്നു. ഭര്‍ത്താവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബെത്തിന്റെ മകനും സമാനരീതിയില്‍ മരണത്തിന് കീഴടങ്ങുന്നു. രണ്ടു മരണങ്ങളുടെയും കാരണം എംഇവി-1 എന്ന മാരക വൈറസാണെന്നു കണ്ടെത്തുന്നു. വൈറസിന്റെ പ്രഭവകേന്ദ്രം കണ്ടെത്തി പ്രതിരോധമാര്‍ഗം വികസിപ്പിക്കുമ്പോഴേക്കും ലോകത്താകെ ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നു. വൈറസിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളാണ് സിനിമയുടെ പ്രമേയം.
ചൈനയിലെ ഒരു മഴക്കാടുകള്‍ വെട്ടിമാറ്റുന്നതിനിടയില്‍ ഈന്തപ്പനകളെ നശിപ്പിക്കുന്നു. ഇത് ചില വവ്വാലുകളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ ശല്യപ്പെടുത്തുന്നു. ഒരുവവ്വാല്‍ ഒരു പന്നി ഫാമില്‍ അഭയം കണ്ടെത്തുന്നു. അവിടെ വച്ച് വൈറസ് പന്നിയിലേക്കും പിന്നീട് ആതിന്റെ ഇറച്ചി കഴിക്കുന്നതിലൂടെ മനുഷ്യനിലും എത്തുന്നതായി ചിത്രം പറയുന്നു. കൊറോണ മഹാമാരി മനുഷ്യരിലെത്തിയ സാഹചര്യവുമായി ചിത്രത്തിന്റെ കഥയ്ക്ക് ബന്ധമുണ്ടായതും കൗതുകമാണ്. മാറ്റ് ഡാമോന്‍, മാരിന്‍ കോറ്റിലാര്‍ഡ്, കേറ്റ് വിന്‍സലെറ്റ് എന്നിവരൊക്കെ മികച്ച പ്രകടനം കാഴ്ചവച്ചിരിക്കുന്നു.
ട്രെയിന്‍ ടു ബുസാന്‍
സിനിമാ പ്രേമികളെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കൊറിയന്‍ ചിത്രമാണ് 2016ല്‍ പറത്തിറങ്ങിയ ട്രെയിന്‍ ടു ബുസാന്‍. നഗരത്തില്‍ പടര്‍ന്നുപിടിക്കുന്ന അസാധാരണ രോഗം ബാധിക്കുന്നവര്‍ സോംബി അഥവാ മനുഷ്യനും മൃഗവുമല്ലാത്ത രൂപം ആയി മാറുന്നു. ഈ സാഹചര്യത്തെ ട്രെയിന്‍ യാത്രയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രം. രോഗം ബാധിച്ച സ്ത്രീ ട്രെയിനില്‍ ഓടിക്കയറുന്നു. പിന്നാലെ സോംബിയാകുന്നു. യാത്രക്കാര്‍ രോഗം ബാധിക്കാതെ രക്ഷപ്പെടാനായി നടത്തുന്ന പ്രതിരോധമാണ് ചിത്രം പറയുന്നത്. കൊറിയയിലെ ഒരു നഗരത്തില്‍ ജോലി നോക്കുന്ന സിയോക് വൂ മകളോടൊപ്പം ബുസാനിലേക്ക് ട്രെയിനില്‍ പുറപ്പെടുന്നിടത്തു നിന്നാണ് ചിത്രം ആരംഭിക്കുന്നത്. അവര്‍ ട്രെയിനില്‍ കയറുമ്പോള്‍ പുറത്ത് ഈ സമയം ആളുകള്‍ക്ക് ഒരു അസുഖം പടര്‍ന്നു പിടിക്കുകയാണ്. രോഗം ബാധിക്കുന്നവര്‍ സോംബികള്‍ ആയി മാറുന്നു. ട്രെയിന്‍ വിടാന്‍ തുടങ്ങുന്ന സമയം അത്തരത്തില്‍ മുറിവുകളുമായി ഒരു പെണ്‍കുട്ടി ട്രെയിനില്‍ കയറുകയും പിന്നീട് സോംബി ആയി മാറുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. ട്രെയിന്‍ യാത്രക്കാരുടെ ജീവന് വേണ്ടിയുള്ള പോരാട്ടവും നിസാഹായത നിറഞ്ഞ രംഗങ്ങളും സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു. നെഞ്ചിടിപ്പോടെ മാത്രം കണ്ടിരിക്കാവുന്ന ചിത്രം യോന്‍ സാങ് ഹോ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.
12 മങ്കീസ്
ലോകത്തിലെ പാതി ജനസംഖ്യയെ കൊന്നൊടുക്കിയ വൈറസിനെ നശിപ്പിക്കാന്‍ പഴയ കാലത്തേക്ക് യാത്രചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ സിനിമയാണ് 12 മങ്കീസ്. 1995ല്‍ പുറത്തിറങ്ങിയ ചിത്രം ടെറി ഗില്ലിയന്‍ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. വൈറസിനെ അതിജീവിച്ച ബാക്കിയുള്ള മനുഷ്യരെല്ലാം ഭൂമിക്കടിയില്‍ അഭയം പ്രാപിക്കുന്നു. പുറംലോകം വന്യജീവികളുടെ കൈപ്പിടിയിലൊതുങ്ങുന്നു. ആര്‍മി ഓഫ് ദി 12 മങ്കീസ് എന്നറിയപ്പെട്ടിരുന്ന ഒരു സംഘമാളുകളായിരുന്നു വൈറസ് വ്യാപനത്തിന് പിന്നില്‍. വൈറസിന്റെ ഉറവിടം കണ്ടെത്തി അതിന് തടയിടാനായി 2035ല്‍ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ ജെയിംസ് കോള്‍ എന്ന തടവുകാരന് പ്രത്യേക പരിശീലനം നല്‍കി ഭൂതകാലത്തിലേക്ക് (1996ലേക്ക്) ടൈം മെഷീനിലൂടെ പറഞ്ഞയക്കുന്നതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം. ക്രിസ് മാര്‍ക്കര്‍ ഒരുക്കിയ ഹ്രസ്വചിത്രം ‘ലാ ജെറ്റി’യില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയത്. ഇതേ പേരില്‍ 2015ല്‍ ടെലിവിഷന്‍ പരമ്പരയും പുറത്തിറങ്ങിയിട്ടുണ്ട്.
ഇനിയുമെറേ വൈറസുകള്‍
വുള്‍ഫ് പീറ്റേഴ്‌സണിന്റെ ഔട്ട് ബ്രേക്ക്, അലക്‌സ് പാസ്റ്ററുടെ കാരിയേഴ്‌സ്, മസായുകി ഒച്ചായിയുടെ ഇന്‍ഫെക്ഷന്‍, സ്റ്റീവ് ഗുകാസിന്റെ 93 ഡെയ്്‌സ്, ബ്രെക്ക് എസ്‌നറുടെ ദി ക്രെസൈസ് , അല്‍ഫോണ്‍സോ ക്യുറോണിന്റെ ചില്‍ഡ്രന്‍ ഓഫ് മെന്‍ എന്നിവയെല്ലാം മഹാരികളുമായി ബന്ധപ്പെട്ട ചലച്ചിത്രങ്ങളാണ്. ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രം മിരുതന്‍, നിപ്പാ വൈറസ് ബാധയെ ആസ്പദമാക്കി ആഷിക് അബു അണിയിച്ചൊരുക്കിയ വൈറസ് എന്നിവയൊക്കെ ഈ ഗണത്തില്‍പ്പെടുത്താവുന്ന ഇന്ത്യന്‍ സിനിമകളാണ്.