” തൊപ്പിമാറ്റൂ ആകാശമേ ഞാനിതാ വരുന്നൂ ” 1963 ജൂണ്‍ 16ന് ഇരുപത്തിയേഴുകാരിയായ വാലന്റീന തെരഷ്‌കോവ ബഹിരാകാശത്തെ നോക്കി ഇങ്ങനെ പറഞ്ഞു. അന്നാണ് ഒരു സ്ത്രീ ആദ്യമായി ഭൂമിയ്ക്ക് പുറത്ത് കാലു കുത്തിയത് ! റഷ്യയുടെ വോസ്തോക് 6 ബഹിരാകാശ വാഹനത്തിലാണ് വാലന്റീന തെരഷ്‌കോവ ചരിത്രപരമായ ബഹിരാകാശ യാത്ര നടത്തിയത്. മധ്യറഷ്യയിലെ മസലെനിക്കോവ് എന്ന ഗ്രാമത്തില്‍ 1937 മാര്‍ച്ച് 6ന് ആണ് തെരഷ്്‌കോവ ജനിച്ചത്. അച്ഛന്‍ വ്‌ളാഡിമിര്‍ തെരേഷ്‌കോവ് ട്രാക്ടര്‍ ഡ്രൈവറും സോവിയറ്റ് ആര്‍മിയിലെ ഒരു ടാങ്കിന്റെ കമാന്‍ഡിലെ സര്‍ജന്റുമായിരുന്നു. രണ്ടാം ലോകമഹാ യുദ്ധസമയത്ത് ഫിന്നിഷ് ശൈത്യകാല യുദ്ധത്തില്‍ തെരേഷ്‌കോവയ്ക്ക് രണ്ട് വയസുള്ളപ്പോള്‍ അദ്ദേഹം മരിച്ചു. അതോടെ അമ്മ എലീന തെരേഷ്‌കോവയെയും മൂന്ന് മക്കളെയും കൂട്ടി യരോസ്ലാവലിലേക്ക് താമസം മാറി. അവിടെ കോട്ടണ്‍ മില്ലില്‍ ജോലി ചെയ്തു. എട്ടു വയസുള്ളപ്പോള്‍ തെരസ്‌കോവ സ്‌കൂളില്‍ ചേര്‍ന്നു. പതിനാറാമത്തെ വയസില്‍ സ്‌കൂളിന്റെ പടിയിറങ്ങി. പിന്നീട് വിദൂര വിദ്യാഭ്യാസം വഴി പഠനം തുടര്‍ന്നു. ടയര്‍ ഫാക്ടറിയിലും ടെക്സ്റ്റൈല്‍ മില്ലിലും ജോലി ചെയ്തു കൊണ്ട് പതിനേഴാം വയസില്‍ ബിരുദം നേടി. ചെറുപ്രായം മുതല്‍ തന്നെ പാരച്യൂട്ടിംഗില്‍ താല്‍പര്യം പ്രകടിപ്പിച്ച തെരഷ്‌കോവ പ്രാദേശിക എയ്‌റോക്ലബില്‍ സ്‌കൈ ഡൈവിംഗില്‍ പരിശീലനം നേടിയിട്ടുണ്ട്.
1961ല്‍ യൂറി ഗഗാറിന്‍ ആദ്യമായി ബഹിരാകാശത്തേക്ക് പോയതിനു ശേഷം ഒരു വനിതയെ ബഹിരാകാശത്തേക്കയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. അമേരിക്ക ഈ നേട്ടം കൈവരിക്കുന്നതിനു മുമ്പ് റഷ്യ സ്വന്തമാക്കുകയായിരുന്നു ലക്ഷ്യം. അതിനായി മുപ്പത് വയസിന് താഴെയുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 400 അപേക്ഷകരില്‍ അഞ്ച് പേരെ തിരഞ്ഞെടുത്തു. അതില്‍ തെരഷ് കോവയുമുണ്ടായിരുന്നു. അവര്‍ക്ക് സൈനിക പരിചയമില്ലാത്തതിനാല്‍ സോവിയറ്റ് വ്യോമസേനയിലെ സ്വകാര്യ പദവിയില്‍ നിന്നാണ് അവര്‍ ആരംഭിച്ചത്. പരിശീലനത്തില്‍ ഇന്‍സുലേഷന്‍ ടെസ്റ്റുകള്‍, സെന്‍ട്രിഫ്യൂജ് ടെസ്റ്റുകള്‍, തെര്‍മോ-ചേംബര്‍ ടെസ്റ്റുകള്‍, ഡീകംപ്രഷന്‍ ചേംബര്‍ ടെസ്റ്റിംഗ്, മിഗ് -15 യുടിഐ ജെറ്റ് യുദ്ധവിമാനങ്ങളില്‍ പൈലറ്റ് പരിശീലനം എന്നിവ ഉള്‍പ്പെട്ടിരുന്നു. മാസങ്ങള്‍ നീണ്ട പരിശീലനങ്ങള്‍ക്കു ശേം 1963 മെയ് 23ന് നടന്ന യോഗത്തില്‍ ബഹിരാകാശത്തേക്ക് തെരഷ്്കോവയയെ അയയ്ക്കാന്‍ തീരുമാനിച്ചു.
1963 ജൂണ്‍ 16ന് വോസ്‌ക് 6 ല്‍ വാലന്റീന തെരഷ്‌കോവ ബഹിരാകാശ യാത്ര നടത്തി ചരിത്രം സൃഷ്ടിച്ചു. മൂന്നു ദിവസം ബഹിരാകാശത്ത് ചെലവഴിച്ച തെരഷ്‌കോവ ഭൂമിയെ 48 പ്രാവശ്യം വലംവച്ചു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വോസ്താക്ക് 6 പേടകം പ്രവേശിച്ചതിന് ശേഷം പാരച്യൂട്ട് വഴി തെരേഷ്‌കോവ മധ്യേഷ്യയിലെ കസാക്കിസ്ഥാനിലെ കരഗണ്ടയില്‍ പറന്നിറങ്ങി. യാത്രയ്ക്ക് ശേഷം എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ നിന്ന് കോസ്മനോട്ട് എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. 1977 ല്‍ പി.എച്ച്.ഡിയും. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ സജീവമായിരുന്ന തെരസ്‌കോവ 1963 നവംബര്‍ മൂന്നിന് ആന്‍ഡിയന്‍ നികോലലാവിനെ വിവാഹം കഴിച്ചു. തെരഷ്‌കോവയ്ക്ക് ഓര്‍ഡര്‍ ഓഫ് ലെനിന്‍, ഹീറോ ഓഫ് സോവിയറ്റ് യൂണിയന്‍ അവാര്‍ഡുകള്‍ ലഭിച്ചു. 1966ല്‍ യു.എസ.്എസ.് ആറിന്റെ ദേശീയ പാര്‍ലമെന്റായ സുപ്രീം സോവിയറ്റില്‍ അംഗമായി. കൂടാതെ നിരവധി അന്താരാഷ്ട്ര വനിതാ സംഘടനകളുടെയും പരിപാടികളുടെയും സോവിയറ്റ് പ്രതിനിധിയായി അവര്‍ സേവനമനുഷ്ഠിച്ചു.