അനുഭവങ്ങളുടെ വെയിലും മഴയും നനഞ്ഞാണ് ബഷീര്‍ മലയാളത്തത്തിന്റെ ഉമ്മറക്കോലായില്‍ എഴുതാനിരുന്നത്. വായനക്കാര്‍ക്ക് ഒട്ടും പരിചയമില്ലാതിരുന്ന ഭാഷയില്‍ അത്രയും ലളിതമായി പല ജീവിതങ്ങളും കോറിയിട്ടു. എഴുത്തുകാരനായതിനെക്കുറിച്ച് ബഷീര്‍ പറയുന്നതിങ്ങനെ. ” അത് യാദൃശ്ചികമായിരുന്നില്ല, ഒമ്പതു കൊല്ലം ലക്കും ലഗാലഗാനുമില്ലാതെ എന്നു പറഞ്ഞമാതിരി ഇന്ത്യാ മഹാരാജ്യത്ത് മുഴുവന്‍ ചുറ്റിക്കറങ്ങി. രാജ്യങ്ങള്‍ അടച്ചു വലവീശിയമാതിരിയാണ് കറങ്ങിയത്. അനിശ്ചിതമായ കാലഘട്ടം. വെയിലും മഴയും ചൂടും തണുപ്പും ഒക്കെ സഹിച്ചുള്ള സഞ്ചാരം. അവസാനം സ്വന്തം നാടായ കേരളത്തില്‍ തിരിച്ചെത്തി. ആകെ സ്വന്തമായി ഒരു പേന മാത്രമാണ് ഉണ്ടായിരുന്നത്. കുഴിമടിയന്മാരായ ബഡുക്കൂസുകള്‍ക്ക് പറ്റിയ പണിയെപ്പറ്റി തലപുകഞ്ഞാലോചിച്ചപ്പോള്‍ നിധികിട്ടിയമാതിരി ഒരെണ്ണം കിട്ടി; സാഹിത്യം. എഴുത്തുകാരനാവുക. വലിയ ബുദ്ധിയൊന്നും വേണ്ട. ചുമ്മാ എവിടെയെങ്കിലും കുത്തിയിരുന്ന് എഴുതിയാല്‍ മതി. അനുഭവങ്ങള്‍ ഇച്ചിരിപ്പിടിയോളം ഉണ്ടല്ലോ. അവനെയൊക്കെ കാച്ചിയാല്‍ മതി. എഴുതി. അങ്ങനെ ഞാന്‍ എഴുത്തുകാരനായി ” ഒരു മനുഷ്യജന്മത്തെ അക്ഷരങ്ങളിലൂടെ പ്രതിഫലിപ്പിച്ച അസാമാന്യതയുടെ പേരാണ് വൈക്കം മുഹമ്മദ് ബഷീര്‍. പൊടിപ്പും തൊങ്ങലും ജീവിതത്തില്‍ ഇല്ലാത്തത് കൊണ്ടാകണം എഴുത്തിലും അത് അദൃശ്യമായത്. അദ്ദേഹം നടന്ന വഴികളിലെ കാഴ്ചകളും അനുഭവങ്ങളുമാണ് പിന്നീട് കഥകളായത്. എല്ലാ കഥകളും കാലത്തോടൊപ്പം നിന്നു. കഥാപാത്രങ്ങള്‍ കാലാനുവര്‍ത്തിയുമായി, ജീവിത വഴികളില്‍ ബഷീറിന്റെ കഥാപാത്രങ്ങള്‍ പലപ്പോഴായി മിന്നിമറിയാറുണ്ട്. അവനമുക്ക് ഇടയില്‍ ഇപ്പോഴും ജീവിക്കുന്നുമുണ്ട്. അത്രത്തോളം സമൂഹത്തിന്റെ ഉള്ളിലെ കടലാഴങ്ങളും മനുഷ്യന്റെ ഉള്ളിലെ തിരയാഴങ്ങളും കണ്ട അക്ഷര സുല്‍ത്താനായ ബഷീര്‍ ഓർമ്മയായിട്ട് ജൂലൈ അഞ്ചിന് ഇരുപത്തിയെട്ട് വര്‍ഷമാകുന്നു.
വൈക്കത്തിനടുത്ത് തലയോലപ്പറമ്പിലെ മരവ്യാപാരിയായിരുന്ന കായി അബ്ദുറഹിമന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായി ജനിച്ച ബഷീറിന്റെ വിദ്യാഭ്യാസം തലയോലപ്പറമ്പ് മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ലീഷ് സ്‌കൂളിലുമായിരുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ട കാലത്താണ് മഹാത്മാഗാന്ധി വൈക്കത്ത് വരുന്നത്. ഹെഡ്മാസ്റ്ററുടെ വിലക്ക് ലംഘിച്ച് വീട്ടില്‍നിന്ന് ഒളിച്ച് ഗാന്ധിയെ കാണാന്‍ പോയ ബഷീര്‍ തിരിച്ചുവന്ന് അഭിമാനത്തോടെ വിളിച്ചു പറഞ്ഞു, ഉമ്മാ, ഞാന്‍ ഗാന്ധീനെ തൊട്ടു. അതൊരു വഴിത്തിരിവായിരുന്നു. അടങ്ങാത്ത സ്വാതന്ത്ര്യദാഹംകൊണ്ട് പൊറുതിമുട്ടിയ ബഷീര്‍ നടന്നു എറണാകുളത്തെത്തി കോഴിക്കോട്ടേക്ക് വണ്ടികയറി സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. 1930ല്‍ ഉപ്പുസത്യഗ്രഹത്തില്‍ പങ്കെടുത്ത് ജയിലിലായി. പിന്നീട് ഭഗത് സിങ്ങിന്റെ മാതൃകയില്‍ തീവ്രവാദ സംഘടനയുണ്ടാക്കി. അതിന്റെ മുഖപത്രമായ ഉജ്ജീവനത്തിലാണ് പ്രഭ എന്ന തൂലിക നാമത്തില്‍ ബഷീറിന്റെ വാക്കുകള്‍ ആദ്യമായി അച്ചടിമഷി പുരണ്ടത്.
ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മുഹമ്മദ് ബഷീര്‍ വൈക്കം എന്ന സ്ഥലപേര് തന്നൊടൊപ്പം ചേര്‍ക്കാനും ഘടാഘടിയന്‍ കാരണമുണ്ട്. സര്‍ സി.പിക്കെതിരെ തിരുവിതാംകൂറില്‍ ശക്തമായ സമരം നടക്കുന്ന കാലം. സി.പിയെ വിമര്‍ശിച്ചും പരിഹസിച്ചും ബഷീര്‍ നിരവധി ലേഖനങ്ങളും നാടകങ്ങളും എഴുതി. ഇതോടെ ഇതൊക്കെ എഴുതുന്ന ബഷീറിനെ നേടി പൊലീസ് നാലുപാടും നടന്നു. അവര്‍ക്ക് പറവൂരുകാരന്‍ ബഷീറിനെയായിരുന്നു സംശയം. അദ്ദേഹത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് തന്റെ പേരിനൊപ്പം സ്ഥലപ്പേരു കൂടി ബഷീര്‍ സ്വീകരിച്ചത്. തലയോലപ്പറമ്പ് എന്ന സ്ഥലപ്പേരിനു ദൈര്‍ഘ്യം കൂടിയതിനാല്‍ താലൂക്കിന്റെ പേരായ വൈക്കം സ്വീകരിച്ചു. 1943ല്‍ ഉന്നതജാതീയനായ കേശവന്‍നായരുടെയും തൊഴില്‍രഹിതയായ ക്രിസ്ത്യന്‍ യുവതി സാറാമ്മയുടെയും നര്‍മം തുളുമ്പുന്ന പ്രണയകഥയായ പ്രേമലേഖനത്തോടെയാണ് ബഷീര്‍ സാഹിത്യപ്രവേശനം നടത്തിയത്. ബാല്യകാലസഖി, ന്റുപ്പുപ്പാക്കൊരാനേണ്ടാര്‍ന്ന്, ആനവാരിയും പൊന്‍കുരിശും, പാത്തുമ്മായുടെ ആട്, മതിലുകള്‍, ഭൂമിയുടെ അവകാശികള്‍, ശബ്ദങ്ങള്‍, അനുരാഗത്തിന്റെ ദിനങ്ങള്‍, സ്ഥലത്തെ പ്രധാന ദിവ്യന്‍, വിശ്വവിഖ്യാതമായ മൂക്ക്, ഭാര്‍ഗവീനിലയം കഥാബീജം, ജന്മദിനം, ഓര്‍മക്കുറിപ്പ്, പൂവന്‍പഴം, അനര്‍ഘനിമിഷം, വിഡ്ഢികളുടെ സ്വര്‍ഗം, മരണത്തിന്റെ നിഴല്‍, മുച്ചീട്ടു കളിക്കാരന്റെ മകള്‍, പാവപ്പെട്ടവരുടെ വേശ്യ, ജീവിതനിഴല്‍പ്പാടുകള്‍, വിശപ്പ്, ഒരു ഭഗവദ്ഗീതയും കുറെ മുലകളും, താരാസ്പെഷല്‍സ്, മാന്ത്രികപ്പൂച്ച, നേരും നുണയും, ഓര്‍മയുടെ അറകള്‍ ആനപ്പൂട, ചിരിക്കുന്ന മരപ്പാവ, ശിങ്കിടി മുങ്കന്‍, ചെവിയോര്‍ക്കുക! അന്തിമകാഹളം, യാ ഇലാഹി എന്നിവയാണ് ബഷീര്‍ സാഹിത്യലോകത്തിന് നല്‍കിയ അമൂല്യ സംഭാവനകള്‍.
അരികുവല്‍ക്കരിക്കപ്പെട്ട ജനതയെ മുഴുവന്‍ ബഷീര്‍ കേന്ദ്ര കഥാപാത്രങ്ങളാക്കി. മലയാളസാഹിത്യ ലോകത്തില്‍ അക്കാലത്ത് നിലനിന്നിരുന്ന സവര്‍ണ ലോബിയെ അതിജീവിക്കുക എളുപ്പമല്ലായിരുന്നു. അവര്‍ക്ക് മുമ്പില്‍ ബഷീര്‍ ഒറ്റയാനായിരുന്നു. എല്ലാ വിയോജിപ്പുകളെയും അദ്ദേഹത്തിന്റെ കഥകള്‍ നിസാരമായി അതിജീവിച്ചു. ലോകത്തെ നാനാവിധ പച്ച മനുഷ്യരെയും മാങ്കോസ്റ്റിന്‍ മരത്തണലില്‍ തന്റെ ചാരുകസേരക്ക് ചുറ്റും ബഷീര്‍ ഊഴം പാര്‍ത്ത് നിര്‍ത്തി. അവിടെ പോക്കറ്റടിക്കാരും ജയില്‍ പുള്ളികളും വേശ്യകളും സന്യാസിമാരും വരെ ഉണ്ടായിരുന്നു. അതുവരെ ജാതി കൊണ്ടും സാമൂഹിക പദവികൊണ്ടും സമൂഹത്തില്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തിയിരുന്നവരുടെ കഥകള്‍ വായിച്ച സമൂഹത്തിന് ബഷീറിന്റെ കഥാപാത്രങ്ങള്‍ നല്‍കിയ ഊര്‍ജം ചെറുതല്ലായിരുന്നു. അന്യാദൃശ്യമായ പ്രമേയങ്ങള്‍, അന്യൂനമായ പാത്രസൃഷ്ടി, അനുപമമായ ആഖ്യാനശൈലി എന്നിവയായിരുന്നു ബേപ്പൂര്‍ സുല്‍ത്താന്‍ എന്ന് സ്‌നേഹവായ്‌പോടെ മലയാളികള്‍ വിളിച്ചിരുന്ന ബഷീറിന്റെ കൃതികളുടെ സവിശേഷത. പ്രണയം, ദാരിദ്ര്യം, പരുക്കന്‍ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ എന്നിങ്ങനെ ബഷീറിന്റെ തൂലികയ്ക്ക് വിഷയീഭവിക്കാത്തതായി ഒന്നുമില്ല. ലളിതമായതും നര്‍മ്മരസം തുളുമ്പുന്നതുമായ സവിശേഷമായ ഒരു രചനാരീതിയാണ് അദ്ദേഹത്തിന്റെ ചെറുകഥകള്‍ക്കും നോവലുകള്‍ക്കുമെല്ലാം പൊതുവേയുള്ളത്. എന്നാല്‍ ശക്തമായ ആക്ഷേപഹാസ്യവും ചിലപ്പോള്‍ രൂക്ഷ പരിഹാസം തന്നെയും വരികള്‍ക്കിടയില്‍ ഒളിപ്പിച്ച് വച്ച് വായനക്കാരെ കേവലാഹ്ലാദത്തില്‍ നിന്ന് ആഴത്തിലുള്ള ചിന്തകളിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന ബഷീര്‍ശൈലി താരതമ്യങ്ങള്‍ക്കതീതമാണ്. ജീവിതത്തിന്റെ എല്ലാ അണുവിലും സ്വന്തം പ്രത്യയശാസ്ത്രം ആയിരുന്നു ബഷീറിന്റെ ഉത്തമരേഖ. ” ഞാന്‍ ആരാധനാലയങ്ങളില്‍ പോകാറില്ല, പക്ഷെ കരുണാമയനായ ദൈവത്തില്‍ എനിക്ക് വിശ്വാസമുണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. അനന്തമായ പ്രാര്‍ത്ഥനയാണ് ജീവിതം’. കഥകളുടെ സുല്‍ത്താന്‍ വ്യക്തമാക്കുന്നു. ഉണങ്ങാന്‍ പോകുന്ന ചെടിക്ക് വെള്ളമൊഴിച്ച് ജീവന്‍ നിര്‍ത്തുക എന്നതു കൂടിയാണ് ബഷീറിന്റെ പ്രാര്‍ത്ഥനയുടെ അര്‍ത്ഥതലം.