കറുപ്പും വെളുപ്പും നിറഞ്ഞ അറുപ്പത്തിനാലുകളങ്ങളില്‍ നിന്ന് കണ്ണൊന്നു തെറ്റിയാല്‍ അവളുടെ ഒട്ടിയ വയറ്റില്‍ അന്നു പൈപ്പ് വെള്ളത്തിന് മാത്രമേ സ്ഥാനമുള്ളൂ. ഒരു കോപ്പ കുറുക്കിന് വേണ്ടിയാണ് ഫിയോന മുറ്റെസി ചെസ് കളിച്ചിരുന്നത്. പട്ടിണി ചവച്ചിറക്കി ജീവിതത്തോട് പോരാടുമ്പോള്‍ ചതുരംഗക്കളത്തിന്റെ പോര്‍ക്കളത്തില്‍ കാലാളും ആനയും കുതിരയും തേരുമെല്ലാം അവളുടെ നീക്കത്തിന് മുന്നില്‍ വഴിമാറും. പട്ടിണി പാവങ്ങളുടെ നാടായ ഉഗാണ്ടയില്‍ ഫിയോന എന്ന പെണ്‍കുട്ടി ചെസ് ഇതിഹാസമായ ഗാരി കാസ്പറോവിനൊപ്പം കരുനീക്കുമെന്ന് പറഞ്ഞാല്‍ ഒട്ടിയ വയറുകള്‍ വരെ നിര്‍ത്താതെ ചിരിക്കുമായിരുന്നു !! എന്നാല്‍ ഇന്ന് ലോകത്തിന് മുന്നില്‍ ഏറ്റവും അധ:കൃതമായ ആഫ്രിക്കയും അവിടുത്തെ തന്നെ ഇരുണ്ടചേരിയായ കാത്ത്വേയും അറിയപ്പെടുന്നത് ഫിയോനയുടെ പേരിലാണ്.
ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിലെ കുപ്രസിദ്ധ ചേരിയായ കത്ത്വേയില്‍ 1996ല്‍ ആണ് ഫിയോന മുറ്റെസി ജനിച്ചത്. കടുത്ത പട്ടിണിക്ക് പുറമെ മാരക രോഗങ്ങളും ആ ചേരിയുടെ ശാപമായിരുന്നു. അമ്പതു ശതമാനത്തിലധകം കൗമാരക്കാരികളും അമ്മയായ ചേരിയില്‍ അവളുടെ ബാല്യം പിച്ചവച്ചുതുടങ്ങി. മൂന്നാമത്തെ വയസില്‍ അച്ഛന്‍ എയ്ഡ്‌സ് ബാധിച്ചു മരിച്ചു. താമസിയാതെ സഹോദരങ്ങള്‍ പേരറിയാത്ത അസുഖം മൂലം മരിച്ചു. സ്‌കൂളിലെ ഫീസ് കൊടുക്കാന്‍ അമ്മയ്ക്ക് യാതൊരു വഴിയില്ലാത്തതതിനാല്‍ ഫിയോന 2005ല്‍ ഒമ്പതാം ക്ലാസില്‍ പഠിത്തം നിറുത്തി. ഒട്ടിയവയറുമായി വിശപ്പുതാങ്ങാന്‍ വയ്യാതെ തെരുവിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു പള്ളിയുടെ മുന്നില്‍ കുട്ടികളുടെ ഒരുകൂട്ടം കണ്ടത്. വിശപ്പിനെ തത്ക്കാലേത്തക്ക് മറക്കാന്‍ അവര്‍ നിശബ്ദരായി ചെസ് കളിക്കുകയായിരുന്നു. നന്നായി കളിക്കുന്നവര്‍ക്ക് ഒരു കോപ്പ കുറുക്കായിരുന്നു സമ്മാനം.
കുട്ടികള്‍ ഇത്രയേറെ നിശബ്ദരായിരുന്ന് ചെസില്‍ മുഴുകുകയും സന്തോഷം അനുഭവിക്കുകയും ചെയ്യുന്നത് ഫിയോനയെ ആത്ഭുതപ്പെടുത്തി. റോബര്‍ട്ട് കതാന്റെ എന്ന ചെസ് പരിശീലകന്‍ ഫിയോനയെ കളിക്കാന്‍ വിളിച്ചു. അതുവരെ ജീവിതത്തിലെ കറുപ്പ് മാത്രം കണ്ടുപരിയചമുള്ള അവള്‍ ചെസ് ബോര്‍ഡില്‍ പ്രതീക്ഷയുടെയും സ്വപ്‌നങ്ങളുടെയും വെളുത്ത നിറം കണ്ടു. അതുവരെ ചെസ് എന്താണെന്ന് പോലും അറിവില്ലാത്ത ഫിയോന മെല്ലെ കരുക്കള്‍ നീക്കാന്‍ തുടങ്ങി. അതായിരുന്നു അവളുടെ ജീവിതം തന്നെ മാറ്റി മറിച്ച കളങ്ങളുടെ പോരാട്ടത്തിന്റെ തുടക്കം. പിന്നീട് കുറുക്ക് കിട്ടുമെന്നായേപ്പാള്‍ ചെസ് ജീവിതത്തിന്റെ ഭാഗമായി. അവളുടെ മിന്നല്‍ നീക്കങ്ങള്‍ക്കു മുമ്പില്‍ എതിരാളികള്‍ ഒന്നൊന്നായി നിലം പൊത്തിക്കോണ്ടേയിരുന്നു. ഒരു നേരത്തെ അന്നത്തിനായി തുടങ്ങിയ ചതുരംഗ പോരാട്ടം ഫിയോനയുടെ ജീവിതം തന്നെ മാറ്റി മറിച്ചു.
മുഷിഞ്ഞ കുപ്പായമിട്ട് ഒരു കോപ്പ കുറുക്കിനായി പള്ളി വരാന്തയില്‍ ചെസ് കളിച്ചിരുന്ന പെണ്‍കുട്ടി 2011ല്‍ ഉഗാണ്ടയിലെ ജൂനിയര്‍ ചാമ്പ്യനായി ഏവരെയും ഞെട്ടിച്ചു. പുരുഷന്‍മാര്‍ക്കൊപ്പം മത്സരിച്ച് വിജയക്കൊടി പാറിച്ച ഫിയോന രാജ്യത്താകെ സംസാരവിഷയമായി മാറിയിരുന്നു. 40ാമത് ചെസ് ഒളിമ്പ്യാഡിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ വുമണ്‍കാന്‍ ഡിഡേറ്റ് മാസ്റ്റര്‍ നേട്ടം സ്വന്തമാക്കി. ഉഗാണ്ടയുടെചെസ് ചരിത്രത്തില്‍ ഈനേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി. ഇന്റര്‍നാഷണല്‍ ചില്‍ഡ്രന്‍സ് ചെസ് ടൂര്‍ണമെന്റില്‍ കിരീടവുമായി തിരിച്ചെത്തി ഫിയോന പ്രതിസന്ധികള്‍ക്ക് മീതെ ഫീനീക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്നു. ചെസ് ഇതിഹാസം ഗാരികാസ്പറോവിനൊപ്പം കരുക്കള്‍ നീക്കിയത് ഫിയോനയുടെ ജീവിതത്തിലെ അവിസ്മരണീയമായ ഏടായിരുന്നു. 2013ല്‍ യു.എസില്‍ നടന്നലോക വനിതാ ഉച്ചക്കോടിയിലായിരുന്നു ഈ അവസരം ലഭിച്ചത്. വുമണ്‍ ഒഫ് ഇംപാക്ട് പുരസ്‌കാരവും ഫിയോന അതേവേദിയില്‍ വച്ച് ഏറ്റുവാങ്ങി. ഫിനോയുടെ അവിശ്വസനീയ പ്രഭാവത്തില്‍ ഉഗാണ്ടയിലെനിരവധി കുട്ടികള്‍ വിശപ്പുമാറ്റാനും ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനും ചെസ് ബോര്‍ഡിലേക്ക് ചേക്കേറി. പോരാട്ടമാണ് ഓരോ മനുഷ്യ ജീവിതവും. ഇതിനുള്ള ഊര്‍ജം ലഭിക്കുന്നത് ജയിക്കണം എന്നുള്ള മനസില്‍ നിന്നാണ്.
ഫിയോനയുടെ ജീവിതത്തെ ആസ്പദമാക്കി ഇന്തോ-അമേരിക്കന്‍ സംവിധായകയും എഴുത്തുകാരിയുമായ മീരനായര്‍ സംവിധാനം ചെയ്ത സിനിമയാണ് ക്വീന്‍ ഓഫ് കാത്ത്വേ. ടീം കര്‍തെര്‍സിന്റെ ക്വീന്‍ ഒഫ് കാത്ത്വേ എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചലച്ചിത്രം. മഡിന നല്‍വങ്ക, ഡേവിഡ് ഒയില്‍വോ, ലുപ്റ്റിനോ നയാങ്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആഫ്രിക്കന്‍ അമേരിക്കന്‍ ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്‍ മികച്ച 10 സിനികളുടെ ഗണത്തില്‍പ്പെടുത്തിയതിയിട്ടുണ്ട്. ആഫ്രിക്ക മൂവി അക്കാഡമിയുടെ അവാര്‍ഡ്, വുമണ്‍ഫിലിം ക്രിട്ടിസൈസ് സര്‍ക്കിള്‍ അവാര്‍ഡ് എന്നിവയ്ക്കും ഈ സിനിമ അര്‍ഹമായി.