ഈജിപ്ഷ്യന്‍ ഐതീഹ്യമനുസരിച്ച് ലോകത്തിന്റെ സൃഷ്ടിയില്‍ പങ്കുവഹിച്ചതായി പറയപ്പെടുന്ന ദേവതയാണ് ബെനു. സൂര്യന്‍, സൃഷ്ടി, പുന:ര്‍ജന്മം എന്നിവയുമായൊക്കെയാണ് ബെനുവിന് ബന്ധം. 1999ല്‍ ഭൂമിയില്‍നിന്ന് 32കോടി കിലോമീറ്റര്‍ അകലെ കണ്ടെത്തിയ ഛിന്നഗ്രഹത്തിനു നല്‍കിയ പേരും ബെനു എന്നാണ്. ഛിന്നഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം സൗരയൂഥത്തിന്റെ ഉല്‍പ്പത്തി രഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ പര്യാപ്തമാണ്. ഛിന്നഗ്രഹങ്ങള്‍ക്ക് അവയുടെ രൂപീകരണത്തിനു ശേഷം അധികം പരിണാമമൊന്നും സംഭവിച്ചിട്ടില്ല. സൗരയൂഥത്തിന്റെ ഉല്‍പ്പത്തിയോളം പ്രായമുള്ളതും ഏറെയൊന്നും മാറ്റം സംഭവിച്ചിട്ടില്ലാത്തതുമായ കാര്‍ബണിക സംയുക്തങ്ങള്‍ ബെനുവിലുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ ശാസ്ത്രലോകം പരീക്ഷണം ആരംഭിച്ചു. കൂടാതെ ജീവന്റെ ഉല്‍പ്പത്തിക്കു കാരണമായ ഓര്‍ഗാനിക് തന്മാത്രകള്‍ രൂപം കൊള്ളുന്നത് ഇത്തരം കാര്‍ബണിക സംയുക്തങ്ങളില്‍ നിന്നാണ്. 436 ദിവസമാണ് ബെനുവിന് സൂര്യനെ ചുറ്റിവരാന്‍ വേണ്ടത്. ഒരോ ആറുവര്‍ഷം കൂടുമ്പോഴും ഈ ഛിന്നഗ്രഹം ഭൂമിയുടെ അരികിലെത്തുന്നു. ബെനുവിന്റെ സഞ്ചാരപഥം ഏതാണ്ട് കൃത്യമായി അറിഞ്ഞതോടെയാണ് അതിനെ കൂടുതല്‍ പഠനവിധേയമാക്കാന്‍ തുടങ്ങിയത്. നാലേകാല്‍ മണിക്കൂറുകൊണ്ട് ഭ്രമണം ചെയ്യുന്ന ബെനുവിന്റെ ഭ്രമണവേഗത ഓരോ നൂറുവര്‍ഷം കൂടുമ്പോഴും ഒരു സെക്കന്‍ഡ് വച്ചു കുറയുന്നു. ഒരു പക്ഷേ ബെനു ഭൂമിയില്‍ പതിച്ചാല്‍ അത് ഹിരോഷിമയില്‍ വീണ ആറ്റംബോംബിന്റെ എട്ടുലക്ഷം മടങ്ങ് ശക്തിയുള്ള സ്‌ഫോടനം ഉണ്ടാകുമെന്ന് കണക്കാക്കപ്പെടുന്നു. കുറച്ചു കാലമായി നാസ അയച്ച ഒസിറിസ്-റെക്‌സ് എന്നൊരു പേടകം ബെനുവിന് പിന്നാലെയുണ്ട്. എന്നാല്‍ ഇവ ഇതുവരെ പരസ്പരം തൊട്ടിരുന്നില്ല. ഒക്ടോബര്‍ 20ന് ഒസിറിസ്-റെക്‌സ് ബെനുവില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ചു. ടച്ച് ആന്‍ഡ് ഗോ എന്നാണ് ലീനിയര്‍ പ്രോജക്ടിന്റെ ഭാഗമായുള്ള ബെനു ദൗത്യത്തിന് നാസ നല്‍കിയ പേര്. ഒരു ഛിന്നഗ്രഹത്തില്‍നിന്ന് ധൂളികളും പാറകളും അടങ്ങുന്ന സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുകയെന്ന ദൗത്യത്തിന്റെ ആദ്യഘട്ടമായിരുന്നു ഇത്. 2016 സെപ്തംബര്‍ 8 നാണ് ഒസിറിസ്-റെക്സ് എന്ന പേടകമയച്ചത്. ബെനുവില്‍ ഇറങ്ങാതെയാണ് പേടകം ധൂളികളും പാറകളും അടങ്ങുന്ന സാമ്പിള്‍ ശേഖരിച്ചത്. ഉപരിതലത്തില്‍ ഉറച്ച യന്ത്രക്കൈയില്‍ നിന്ന് നൈട്രജന്‍ വാതകം ശക്തിയില്‍ ബെനുവിലേക്കു ചീറ്റിച്ച് അതിന്റെ ശക്തിയില്‍ ഉയരുന്ന പൊടിപടലങ്ങളും ചെറിയ പാറക്കഷണങ്ങളുമാണ് യന്ത്രക്കൈയിലെ തന്നെ സാമ്പിള്‍ ശേഖരിച്ചത്. പരുന്ത് ഇരയെ റാഞ്ചും പോലെ സാമ്പിളുകള്‍ ശേഖരിച്ചു ! ഒക്ടോബര്‍ 20ന് രാത്രി ഇന്ത്യന്‍ സമയം 11.20ന് പേടകം തന്റെ ഓര്‍ബിറ്റില്‍നിന്ന് വ്യതിചലിച്ച് പതിയെ ബെനുവിന്റെ ഉപരിതലത്തിന് അടുത്തേക്കു യാത്ര തിരിച്ചു. ഏതാണ്ട് മുക്കാല്‍ കിലോമീറ്ററോളം താഴെയാണ് ബെനു. രണ്ട് കിലോഗ്രാം വരെ ധൂളി ശേഖരിക്കാനുള്ള സാങ്കേതിക മികവ് പേടകത്തിനുണ്ട്. ധൂളികളും മറ്റും ശേഖരിക്കുന്നതിന് യന്ത്രക്കൈയ്ക്ക് ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ വേണ്ടി വന്നുള്ളു. എന്നിരുന്നാലും എത്ര സാമ്പിള്‍ ശേഖരിച്ചുവെന്ന് സ്ഥിരീകരിക്കാന്‍ ഇനിയും സമയം വേണ്ടി വരും. ഇതു കൂടി കണക്കിലെടുത്തു മാത്രമേ പേടകത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര നിശ്ചയിക്കുകയുള്ളൂ. സൗരയൂഥത്തിന്റെ ഉല്‍പ്പത്തി, പരിണാമം, അതിനുമുമ്പുള്ള അവസ്ഥ, ഗ്രഹരൂപീകരണത്തിന്റെ ആദ്യനിമിഷങ്ങള്‍, ഓര്‍ഗാനിക് സംയുക്തങ്ങളുടെ ഉത്ഭവം, ജീവന്റെ ഉല്‍പ്പത്തി എന്നീ മേഖലകളിലുള്ള പഠനമാണ് ഒസിറിസ്-റെക്സ് ദൗത്യം ലക്ഷ്യം വയ്ക്കുന്നത്.
കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടന്നാല്‍ ഒസിറിസ്-റെക്‌സ് എന്നെന്നേയ്ക്കുമായി ബെനുവിനോടു വിടപറയും. ഇപ്പോഴത്തെ അവസ്ഥ വച്ച് 2023ല്‍ പേടകം ഭൂമിയിലെത്താനാണ് സാധ്യത. 800 മില്യണ്‍ യു.എസ് ഡോളറാണ് പേടകത്തിന്റെ നിര്‍മ്മാണ ചെലവ്. വിക്ഷേപണവാഹനമായ അറ്റ്ലസ് -5 റോക്കറ്റിന്റെ ചെലവാകട്ടേ 183.5 മില്യണ്‍ ഡോളറും. മൂന്ന് മീറ്റര്‍ വശങ്ങളുള്ള ക്യൂബിന്റെ ആകൃതിയിലുള്ള പേടകത്തിന്റെ ഭാരം 1529 കിലോഗ്രാമാണ്. ലോക്ഹീഡ് മാര്‍ട്ടിന്‍ കോര്‍പറേഷനാണ് പേടകം നിര്‍മ്മിച്ചിരിക്കുന്നത്. സോളാര്‍ പാനലുകളാണ് പേടകത്തിന് ഊര്‍ജം നല്‍കുന്നത്. ഊര്‍ജം ശേഖരിച്ചുവയ്ക്കാന്‍ ലിഥിയം അയോണ്‍ ബാറ്ററിയും സജീകരിച്ചിട്ടുണ്ട്. പേടകത്തിന്റെ തിരിച്ചുള്ള യാത്രയില്‍ ഇന്ധനമായി 1100 കിലോഗ്രാം ഹൈഡ്രാസിന്‍ ഉപയോഗിക്കും.
അരിസോണ യൂണിവേഴ്സിറ്റിക്കു കീഴിലുള്ള ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി ലബോറട്ടറി, നാസയ്ക്കു കീഴിലുള്ള ഗോദാര്‍ദ് സ്പേസ് ഫ്ളൈറ്റ് സെന്റര്‍, ലോക്ഹീഡ് മാര്‍ട്ടിന്‍ സ്പേസ് സിസ്റ്റംസ് എന്നി സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് ഒസിറിസ് റെക്സ് പദ്ധതി വികസിപ്പിച്ചത്. ഛിന്നഗ്രഹത്തില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മാത്രം ഉയരത്തില്‍നിന്ന് ചിത്രങ്ങളെടുക്കുകയും വിവിധ തരത്തിലുള്ള പഠനങ്ങള്‍ നടത്തുകയും ചെയ്തു. അതിനൊടുവിലാണ് യന്ത്രക്കൈകള്‍ ഉപയോഗിച്ചുള്ള ധൂളി ശേഖരണം നടത്തിയത്. ഈജിപ്ഷ്യന്‍ മിത്തോളജിയിലെ പാതാള ദേവനാണ് ഒസിറിസ്. റെക്സ് എന്ന ലാറ്റിന്‍ വാക്കിന് രാജാവ് എന്നാണര്‍ത്ഥം. ഇതില്‍ നിന്നാണ് നാസ ഈ ദൗത്യത്തിന് ഒസിറിസ്-റെക്സ് എന്ന പേര് നല്‍കിയത്. ഓരോ ആറുവര്‍ഷം കൂടുമ്പോഴും ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്ന ബെനുവിന്റെ ഭ്രമണപഥം അപഗ്രഥിച്ചപ്പോള്‍ ശാസ്ത്രജ്ഞര്‍ക്ക് ഒരു കാര്യം ബോധ്യപ്പെട്ടു. 2169 നും 2199 നും ഇടയില്‍ ഭൂമിയുമായി ബെനു കൂട്ടിമുട്ടാന്‍ സാധ്യതയുണ്ട്. 0.071 ശതമാനമാണ് ഇതിനുള്ള സാധ്യത.
ഇതുപോലെ ഭൂമിയുമായി കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള ഛിന്നഗ്രഹങ്ങളെ കണ്ടെത്താനും ഭൂമിക്ക് അപകടകരമായ രീതിയില്‍ സഞ്ചരിക്കുന്ന അത്തരം ദ്രവ്യപിണ്ഡങ്ങളുടെ ഭ്രമണപഥത്തില്‍ വ്യതിയാനമുണ്ടാക്കി അപകടം ഒഴിവാക്കുന്നതിനും ഒസിറിസ്-റെക്സ് ദൗത്യം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ലീനിയര്‍ കണ്ടെത്തിയ സൗരയൂഥത്തിലുള്ള രണ്ടേകാല്‍ ലക്ഷത്തിലേറെ ചെറിയ വസ്തുക്കളില്‍ 2423 എണ്ണം ഭൂമിയ്ക്കടുത്തുള്ള ഛിന്നഗ്രഹങ്ങളും 279 എണ്ണം ധൂമകേതുക്കളും ആണ്. സൗരയൂഥത്തിന്റെ രഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ കഴിയുന്ന ഗവേഷണങ്ങള്‍ക്ക് ഒസിറികസ്-റെക്‌സ് ദൗത്യം വഴിത്തിരിവാകുമെന്നാണ് ശാസ്ത്രലോകത്തിന്റെ വിലയിരുത്തല്‍.
ജപ്പാന്റെ ഹയാബൂസ 2 ബഹിരാകാശ പേടകം റ്യുഗു എന്ന ഛിന്നഗ്രഹത്തില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് ഡിസംബറില്‍ ഭൂമിയില്‍ തിരിച്ചെത്തും. ആസ്ട്രേലിയന്‍ ബഹിരാകാശ ഏജന്‍സിയുമായി സഹകരിച്ചാണ് ജാപ്പാന്റെ എയ്റോസ്പേസ് എക്സ്പ്ലോറേഷന്‍ ഏജന്‍സി (ജാക്സ) ദൗത്യം നടത്തിയത്. ഡിസംബര്‍ ആറിന് ദക്ഷിണകൊറിയയിലെ 122,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ജാക്സയുടെ ലാന്‍ഡിംഗ് സൈറ്റ്.