
മലയാളികളെ സംബന്ധിച്ചിടത്തോളം അറുപതുകളില്‍ തുമ്പ ചെറിയൊരു മത്സ്യബന്ധന ഗ്രാമം മാത്രമായിരുന്നു. എന്നാല്‍ രാജ്യത്തെ ബഹിരാകാശ ശാസ്ത്രഞ്ജര്‍ക്ക് അതു സ്വപ്‌നഭൂമിയായിരുന്നു. അവരുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നീട് അഗ്‌നിച്ചിറക് നല്‍കിയ ഭൂമി ! തുമ്പയെന്ന കടലോര ഗ്രാമത്തില്‍ നാലു നൂറ്റാണ്ടിലേറെ ചരിത്രമുള്ള സെന്റ് മേരി മഗ്ദലന കത്തോലിക്ക പള്ളിയില്‍ നിന്നാണ് ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ ചരിത്രം ആരംഭിച്ചത്. 1963 നവംബര്‍ 21 ന് ചെറിയൊരു അമേരിക്കന്‍ നിര്‍മ്മിത നൈക്ക്-അപാഷെ റോക്കറ്റ് അവിടെ നിന്ന് കുതിച്ചുയര്‍ന്നതോടെ ഇന്ത്യയുടെ ബഹിരാകാശ ദൗത്യം ലോകം ശ്രദ്ധിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ ബഹിരാകാശ വകുപ്പോ, ബഹിരാകാശഗവേഷണ സ്ഥാപനമായ ഐ.എസ്.ആര്‍.ഒയോ സ്ഥാപിതമാകുന്നതിനു മുമ്പായിരുന്നു തുമ്പയില്‍ നിന്നുള്ള റോക്കറ്റ് വിക്ഷേപണം. പള്ളിയും അടുത്തുള്ള ബിഷപ്പ് ഹൗസും തുമ്പ ഇക്വറ്റേറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ ആയി മാറി. അവിടുത്തെ ഗ്രാമവാസികളായ മത്സ്യത്തൊഴിലാളികള്‍ക്കും പള്ളിക്കാര്‍ക്കും ഏതാനും കിലോമീറ്റര്‍ അകലെ പള്ളിത്തുറയില്‍ പുതിയ ഗ്രാമം നിര്‍മ്മിച്ചുകൊടുത്തു. ആദ്യ റോക്കറ്റ് കൂട്ടിയോജിപ്പിച്ചത് പള്ളിയിലെ അള്‍ത്താരയ്ക്ക് മുമ്പില്‍ വെച്ചാണ് ! സമീപത്തെ ബിഷപ്പ് ഹൗസ് വിക്ഷേപണ കേന്ദ്രം ഡയറക്ടറുടെ ഓഫീസായി. പള്ളിക്കു മുന്നിലെ തെങ്ങിന്‍ തോപ്പിലായിരുന്നു വിക്ഷേപണത്തറ. അടുത്തുള്ള പ്രൈമറി സ്‌കൂള്‍ കെട്ടിടം ആദ്യം ലോഞ്ച് ഓഫീസായും പിന്നീട് ടെക്നിക്കല്‍ ലൈബ്രറിയായും രൂപംമാറി. അവിടുത്തെ പഴയൊരു കാലിത്തൊഴുത്ത് സ്പേസ് ലാബായി. റോക്കറ്റിന്റെ ഭാഗങ്ങളും ഉപഗ്രഹവുമൊക്കെ സൈക്കിളിന്റെ പിന്നില്‍ വച്ചു കെട്ടി വിക്ഷേപണത്തറയിലേക്കു കൊണ്ടു പോകുന്നത് അന്നു സ്ഥിരം കാഴ്ചയായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്ര്‌റുവും ആറ്റോമിക്ക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ ഹോമി ഭാഭയും ഇന്ത്യന്‍ ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന ഡോ. വിക്രം സാരാഭായിയുമായിരുന്നു ആ ചരിത്ര ദൗത്യത്തിന്റെ ശില്പികള്‍.

ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഒരു വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുന്നതിന് ശാസ്ത്ര സംഘം ഇന്ത്യയില്‍ ഇരുന്നൂറോളം സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇങ്ങനെ കണ്ടെത്തിയ കേന്ദ്രങ്ങളില്‍ കൊച്ചി, തിരുവനന്തപുരം ജില്ലയിലെ വര്‍ക്കല, തുമ്പ, കൊല്ലം ജില്ലയിലെ വെള്ളനാതുരുത്ത്, കരുനാഗപ്പള്ളി എന്നി പ്രദേശങ്ങള്‍ ഉണ്ടായിരുന്നു. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖ കടന്നുപോകുന്ന തുമ്പയാണ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാന്‍ അനുയോജ്യമായ സ്ഥലം എന്ന് സംഘം കണ്ടെത്തി. 1960ലാണ് തുമ്പ എന്ന മത്സ്യബന്ധന ഗ്രാമം തേടി വിക്രം സാരാഭായ് എത്തുന്നത്. ബഹിരാകാശ കേന്ദ്രം സ്ഥാപിക്കാനായി ഭൂമധ്യരേഖയോട് സാമീപ്യമുള്ള പ്രദേശം വിട്ടുനല്‍കണമെന്ന ആവശ്യവുമായി അദ്ദേഹം അന്നത്തെ ബിഷപ്പ് റവ. പീറ്റര്‍ ബര്‍ണാര്‍ഡ് പെരേരയെ സമീപിച്ചു. രണ്ടാമതൊന്നു ആലോചിക്കാതെ സെന്റ് മേരീസ് മഗ്ദലന ദേവാലയവും അതു സ്ഥിതി ചെയ്തിരുന്ന 61 ഏക്കറും കൈമാറാമെന്ന് ബിഷപ്പ് സമ്മതിച്ചു. ഒപ്പം തുമ്പയില്‍ താമസിച്ചിരുന്ന 183 കുടുംബങ്ങളുടെ വീടും സ്ഥലവും പള്ളിത്തുറ സ്‌കൂളിന്റെ വക 3.39 ഹെക്ടര്‍ ഭൂമിയും ഉള്‍പ്പെടെ 89.32 ആര്‍ ഭൂമിയാണ് സര്‍ക്കാരിനു വിട്ടുകൊടുത്തത്. മുന്നൂറ്റിയമ്പതോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു.

റോക്കറ്റ് വിക്ഷേപിച്ച് പരിചയമുള്ള വിദഗ്ധരും ആ സമയത്ത് രാജ്യത്തുണ്ടായിരുന്നില്ല. നാസയില്‍ അയച്ച് ധൃതിയില്‍ പരിശീലനം നല്‍കിയ ഏതാനും എന്‍ജിനിയര്‍മാരുടെ സാന്നിധ്യവും വിക്രം സാരാഭായി പോലൊരാളുടെ കരുത്തുറ്റ നേതൃത്വവും ആവോളം ആത്മവിശ്വാസവും മാത്രമേ ഇന്ത്യയുടെ ആദ്യ റോക്കറ്റ് വിക്ഷേപണത്തിനുണ്ടായിരുന്നുള്ളൂ. ബഹിരാകാശരംഗത്ത് ഒന്നിച്ച് പരീക്ഷണങ്ങള്‍ നടത്തുന്നതിനും സാങ്കേതികവിദ്യകള്‍ കൈമാറുന്നതിനും രാജ്യങ്ങള്‍ തമ്മില്‍ സഹകരണമുള്ള കാലമായിരുന്നു അത്. ഇന്ത്യ നടത്തുന്ന ബഹിരാകാശ പരീക്ഷണങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിന് അമേരിക്ക, റഷ്യ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ജര്‍മനി എന്നി രാജ്യങ്ങള്‍ സമ്മതിച്ചിട്ടുണ്ടായിരുന്നു. തുമ്പയിലെ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനും തുടര്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനും നാസ സഹായം വാഗ്ദാനം ചെയ്തിരുന്നു.
അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്തെക്കുറിച്ച് പഠിക്കാനുള്ള സൗണ്ടിങ് റോക്കറ്റുകളുടെ ഗണത്തില്‍ പെട്ടതായിരുന്നു ആ നൈക്ക്-അപാഷെ റോക്കറ്റ്. ഡി. ഈശ്വര്‍ദാസ് റോക്കറ്റ് അസംബിള്‍ ചെയ്തു. സുരക്ഷാചുമതല വഹിച്ചത് പില്‍ക്കാലത്ത് രാഷ്ട്രപതിയായ എ.പി.ജെ.അബ്ദുള്‍ കലാമും. 1963 നവംബര്‍ 21ന് വൈകീട്ട് 6.25 ന് ഇരുപത്തിയേഴ് അടി നീളമുള്ള നൈക്ക് അപാഷെ റോക്കറ്റ് തുമ്പയിലെ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷനില്‍ (ടേള്‍സ്) നിന്നും ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നു. 180 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് പേലോഡില്‍ നിന്നും സോഡിയം വാതകം ആകാശത്തില്‍ പരത്തി. അന്തരീക്ഷപഠനത്തിന്റെ ഭാഗമായി നിരവധി ഫോട്ടോകളും എടുത്തു. 57 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ആ ചുവടു വയ്പ്പാണ് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തിന്റെ അടിത്തറ. തുമ്പയില്‍ നിന്ന് ഇതുവരെ മൂവായിരത്തോളം റോക്കറ്റുകളാണ് വിക്ഷേപിച്ചിട്ടുള്ളത്.

തുമ്പ ഇക്വിറ്റോറിയല്‍ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ എന്ന പേര് ശാസ്ത്രജ്ഞന്‍ ഡോ. വിക്രം സാരാഭായിയുടെ മരണശേഷം അദ്ദേഹത്തിന്റെ സ്മരണാരത്ഥം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) എന്ന് പുനര്‍നാമകരണം ചെയ്തു. ആദ്യകാലത്ത് തുമ്പയിലെ തെങ്ങുകളില്‍ ഘടിപ്പിച്ചായിരുന്നു റോക്കറ്റുകളുടെ ക്ഷമത പരിശോധിച്ചിരുന്നത്. റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷന്‍ നിലവില്‍ വന്ന് നാലുവര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ഇന്ത്യന്‍ നിര്‍മ്മിത റോക്കറ്റ് ആദ്യമായി തുമ്പയില്‍നിന്ന് വീണ്ടും പറന്നു. ഒരു മീറ്റര്‍ നീളവും ഏഴു കിലോയില്‍ താഴെ ഭാരവുമുള്ള രോഹിണി 75 റോക്കറ്റ് 1967 ലാണ് വിക്ഷേപിച്ചത്. പിന്നീട് 1971ല്‍ ശ്രീഹരിക്കോട്ടയിലെ പുതിയ ബഹിരാകാശ ഗവേഷണകേന്ദ്രവും വിക്ഷേപണ കേന്ദ്രവും വിക്ഷേപണ കേന്ദ്രവും നിലവില്‍ വന്നതോടെ ഉപഗ്രഹ വിക്ഷേപണമുള്‍പ്പെടെ സുപ്രധാന വിക്ഷേപണങ്ങള്‍ അവിടേക്കു മാറി. വിക്രം സാരാഭായി വിഭാവനം ചെയ്തതു പോലെ രാജ്യപുരോഗതി ലക്ഷ്യമാക്കി ബഹിരാകാശ പദ്ധതി മുന്നേറുമ്പോള്‍ തന്നെ ഗോളാന്തരപര്യവേക്ഷണങ്ങള്‍ നടത്താന്‍ പാകത്തില്‍ ഇന്ത്യ വളര്‍ന്നിരിക്കുന്നു. 2008ലെ ചന്ദ്രയാന്‍ ഒന്ന് ദൗത്യവും 2014ല്‍ ചൊവ്വാദൗത്യമായ മംഗള്‍യാനും വിജയിപ്പിച്ച് ചരിത്രം സൃഷ്ടിച്ചു. മാത്രമല്ല സ്വന്തമായി ബഹിരാകാശ ടെലസ്‌കോപ്പുള്ള രാജ്യം കൂടിയാണ് ഇന്ത്യ.
