ചരിത്രത്തില്‍ സുവര്‍ണലിപികളാല്‍ എഴുതപ്പെട്ടവയായിരുന്നു ഉയരങ്ങളിലേക്കുള്ള മനുഷ്യന്റെ സ്വപ്‌നാടനം. മനുഷ്യന്‍ ആദ്യമായി ബഹിരാകാശത്ത് ഇറങ്ങിയതും എവറസ്റ്റ് കീഴടക്കിയതുമൊക്കെ മാനവചരിത്രത്തിലെ പ്രധാനപ്പെട്ട നാഴികക്കല്ലുകളാണ്. യൂറി ഗഗാറിനും നീല്‍ ആംസ്‌ട്രോംങും ടെന്‍സിംഗ് നോര്‍ഗയും എഡ്മണ്ട് ഹിലാരിയുമൊക്കെ വാഴ്ത്തപ്പെട്ടവരായി തീര്‍ന്നത് ഉയരങ്ങളിലെ വിസ്മയങ്ങളില്‍ കാലുകുത്തിയതു കൊണ്ടാണ്. ഉയരംകൂടും തോറും സ്വന്തമാക്കുന്ന നേട്ടത്തിന്റെ സ്വാദും കൂടും. 1975 മേയ് പതിനേഴിന് ലോകത്തിന്റെ ശിരസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന എവറസ്റ്റിന്റെ മുകളില്‍ ഒരു സ്ത്രീയുടെ കാല്‍പ്പാദം പതിഞ്ഞു. ആണുങ്ങള്‍ക്ക് മുന്നില്‍ മാത്രം കീഴടങ്ങിയ മൗണ്ട് എവറസ്റ്റ് ജുങ്കോ താബെ എന്ന ജപ്പാന്‍കാരിക്കു മുന്നില്‍ ശിരസു നമിച്ചു ! ഹിലാരിക്കും നോര്‍ഗെയ്ക്കും ശേഷം ലോകത്തിന്റെ നെറുകയില്‍ പുതിയൊരു ചരിത്രം പിറക്കുകയായിരുന്നു. ഒരു കാലത്ത് ലോകം അസാധ്യമെന്ന് വിശേഷിപ്പിച്ച ആ ദൗത്യം ജുങ്കോ താബെ പൂര്‍ത്തിയാക്കി. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ മൗണ്ട് എവസ്റ്റ് കീഴടക്കാന്‍ സ്ത്രീകള്‍ക്ക് വഴികാട്ടിയും പ്രചോദനവുമായി താബെയുടെ പോരാട്ടം. ജപ്പാനിലെ ഏറ്റവും വലിയ പര്‍വതമായ മൗണ്ട് ഫുജിയുടെ ഉയരങ്ങളിലേക്ക് സുനാമി ദുരന്തത്തിന്റെ സാക്ഷികളാകേണ്ടി വന്ന ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കൈപിടിച്ചു കയറുമ്പോള്‍ ജുങ്കോ താബെയ്ക്ക് പ്രായം എഴുപത്തിയൊന്നു വയസ് ! നടന്നുകയറിയ മലനിരകളത്രയും പ്രശസ്തിയിലേക്കുള്ള ചവിട്ടുപടികള്‍ മാത്രമായിരുന്നില്ല മറിച്ച് ജീവിതമായിരുന്നു.

ജപ്പാനിലെ ഫുക്കുഷിമയ്ക്കടുത്ത് മിഹാരുവില്‍ 1939 ലായിരുന്നു ജുങ്കോ താബെയുടെ ജനനം. ചെറുപ്പത്തില്‍ സ്ഥിരം അസുഖക്കാരിയായിരുന്ന പെണ്‍കുട്ടി പത്താം വയസുമുതലാണ് ഉയരങ്ങളെ സ്‌നേഹിച്ചു തുടങ്ങിയത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപികയ്‌ക്കൊപ്പം ജപ്പാനിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ നാസുവിലേക്ക് യാത്രപോയതാണ് താബെയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. അവിടെ തുടങ്ങുകയായിരുന്നു ഉയരങ്ങളോടുള്ള അഭിനിവേശം. സ്ത്രീ എന്ന നിലയില്‍ താബെയ്ക്ക് പരിധികളുണ്ടായിരുന്നു. ഉയരങ്ങളോടുള്ള പ്രണയത്തിന് പക്ഷേ അതൊന്നു തടസമായില്ല. ബിരുദ പഠനത്തിനുശേഷം 1969ല്‍ താബെ ലേഡീസ് ക്ലൈമ്പിംങ് ക്ലബ് രൂപീകരിച്ച് തന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു നല്‍കി. സ്ത്രീകള്‍ വീട്ടുജോലികള്‍ക്കു മാത്രമെന്ന പൊതുകാഴ്ചപ്പാടില്‍ നിന്നും ജപ്പാന്‍ സമൂഹവും തീര്‍ത്തും സ്വതന്ത്രമല്ലാതിരുന്ന കാലത്തായിരുന്നു താബെയുടെ ധീരമായ ചുവടുവയ്പ്പ്. 1975ലെ എവറസ്റ്റ് ദൗത്യത്തില്‍ എല്‍.സി.സി.യുടെ 15 അംഗങ്ങള്‍ ജുങ്കോ താബെയെ അനുഗമിച്ചു. മൂന്നു വയസുള്ള മകളെ ഭര്‍ത്താവിന്റെ കൈകളില്‍ ഏല്‍പ്പിച്ചായിരുന്നു ലോകത്തെ ഏറ്റവും വലിയ കൊടുമുടി കീഴടക്കാന്‍ അവര്‍ ഇറങ്ങിത്തിരിച്ചത്. അവരുടെ ഓരോ ചുവടും ചരിത്രത്തിന്റെ താളുകളിലാണ് പതിഞ്ഞത്. അതുവരെ പുരുഷന്‍മാരുടെ മാത്രം കാല്‍പ്പാട് പതിഞ്ഞ കൊടുമുടിയുടെ നെറുകില്‍ മേയ് 16ന് ജുങ്കോ താബെ ചവിട്ടി. 1980ല്‍ ആഫ്രിക്കയിലെ കിളിമഞ്ചാരോ, 1987ല്‍ സൗത്ത് അമേരിക്കയിലെ മൗണ്ട്മക്കന്‍ലി (ദനാലി) 1991ല്‍ അന്റാര്‍ട്ടിക്കയിലെ വില്‍സണ്‍ മാസിഫ്, ആസ്‌ട്രേലിയയിലെ കൊഷ്യൂസ്‌കോം പുന്‍കാക്ക് ജയ എന്നി ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഏഴ് വന്‍കരകളിലെയും ഏറ്റവും വലിയ കൊടുമുടികള്‍ കീഴടക്കിയ ആദ്യ വനിതയെന്ന പെരുമയും ജുങ്കോ താബെ സ്വന്തമാക്കി. പര്‍വതങ്ങള്‍ യാദൃശ്ചികമായും അല്ലാതെയും വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു ജുങ്കോയുടെ ജീവിതത്തില്‍. എന്തിനു വേണ്ടിയാണ് പര്‍വതാരോഹണം നടത്തുന്നതെന്ന ചോദ്യത്തിന് കൊടുമുടികളുടെ ശിരസില്‍ നിന്ന് നോക്കുമ്പോള്‍ ജീവിതത്തിലെ പ്രതിസന്ധികളെല്ലാം നിസാരമായി തോന്നും എന്നാണ് താബെയുടെ ഉത്തരം. ജീവിതത്തെ വിശാലമായി നോക്കിക്കാണാനുള്ള ശേഷി ഓരോ ദൗത്യത്തില്‍ നിന്നും ലഭിച്ചിരുന്നെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു.

ജീവിത പങ്കാളിയായ മസനോബു താബെയെ ജുങ്കോ ആദ്യമായി കണ്ടുമുട്ടിയതും പര്‍വതാരോഹണത്തിനിടയില്‍ തന്നെയായിരുന്നു. മുന്‍ധാരണകളെ അവഗണിക്കാനുള്ള ധൈര്യവും സ്ത്രീകള്‍ പുറത്തിറങ്ങരുതെന്ന് സമൂഹം വിലക്കിയപ്പോഴും പിന്തുണയും സ്‌നേഹവും നല്‍കി ഒപ്പം നിന്ന ഭര്‍ത്താവുമാണ് എന്റെ വിജയത്തിനു പിന്നിലെന്ന് ജുങ്കോ പറയുന്നു. മലനിരകളിലെ പ്രശാന്തത സംരക്ഷിക്കുവാനെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ജപ്പാനിലെ ഹിമാലയന്‍ അഡ്വഞ്ചര്‍ ട്രസ്റ്റിന്റെ ഡയറക്ടറായും താബെ പ്രവര്‍ത്തിച്ചിട്ടുണ്ട്്. പര്‍വതങ്ങളോട് മനുഷ്യനുള്ള സമീപനം മാറുന്നതില്‍ താബെ ആശങ്കപ്പെട്ടിരുന്നു. പര്‍വതാരോഹണം പ്രശസ്തിയിലേക്കുള്ള എളുപ്പമാര്‍ഗമായി പലരും കാണുന്നുവെന്നാണ് അവരുടെ പക്ഷം. ഉയരങ്ങളോടുള്ള അടങ്ങാത്ത അഭിനിവേശമായിരുന്നു എഴുപത്തിയേഴാം വയസില്‍ ഈ ലോകത്തു നിന്ന് വിടപറയും വരെ താബെയുടെ ജീവിതം. 190 രാജ്യങ്ങളിലും ഏറ്റവും ഉയരത്തിലെത്തുക എന്ന സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ താബെയ്ക്ക് സാധിച്ചില്ല. തബെയുടെ നേട്ടങ്ങളുടെ ബഹുമാനാര്‍ത്ഥം 2019 നവംബറില്‍ പ്ലൂട്ടോയിലെ ഒരു പര്‍വതനിരയ്ക്ക് അവരുടെ പേര് നല്‍കി. 2020 ജൂണ്‍വരെ 630 വനിതകളാണ് ജുങ്കോ താബെയുടെ പാത തുടര്‍ന്ന് എവറസ്റ്റ് കീഴടക്കിയത്.
