കരിപ്പൂര്‍ വിമാനാപകടത്തിന്റെ പശ്ചാത്തലത്തില്‍ 2020ല്‍ ഏറെ ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ് ടേബിള്‍ ടോപ് റണ്‍വേകള്‍. കരിപ്പൂരിന് പുറമെ മംഗാലാപുരത്തും കണ്ണൂരും മിസോറാമിലുമൊക്കെ ടേബിള്‍ ടോപ് റണ്‍വേകളുണ്ട്. രണ്ട് മലകള്‍ക്കിടയിലുള്ള വിടവില്‍ മണ്ണിട്ട് നിറച്ച് നിരപ്പാക്കി ഉണ്ടാക്കുന്നവയാണ് ടേബിള്‍ ടോപ് റണ്‍വേ. ഒരു മേശയുടെ മുകളിലെ പ്രതലം പോലെ ചുറ്റുപാടില്‍ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന ഇത്തരം റണ്‍വേകളില്‍ അപകടസാധ്യത കൂടുതലാണെന്നു വിലയിരുത്തപ്പെടുന്നു. കുന്നിന്‍മുകളിലെ ഭൂമി നിരത്തിയെടുത്തുണ്ടാക്കുന്ന ഇത്തരം റണ്‍വേകള്‍ക്ക് നാല് ചുറ്റുമുള്ള പ്രദേശം താഴ്ചയുള്ള സ്ഥലമായിരിക്കും. പൈലറ്റിന്റെ കണക്കുകൂട്ടലുകളൊന്നു പിഴച്ചാല്‍ ടേബിളില്‍ നിന്ന് പാത്രം വീഴുന്നതു പോലെ വിമാനവും നിലം പൊത്തും. കൂടാതെ പൈലറ്റുമാര്‍ക്ക് ഇത്തരം റണ്‍വേകളില്‍ ഇറങ്ങുമ്പോള്‍ വിഷന്‍ ഇല്യൂഷന്‍ എന്ന മരീചിക പ്രതിഭാസത്തെയും അഭിമുഖികരിക്കേണ്ടതായി വരാറുണ്ട്.
മനുഷ്യകുലത്തിന്റെ നിര്‍ണായക ചുവടുവയ്പ്പുകളിലൊന്നായിരുന്നു ടെന്‍സിംഗും ഹിലാരിയും എവറസ്റ്റ് കീഴടക്കിയത്. അന്നുവരെ മനുഷ്യന് മുന്നില്‍ ശിരസുകുനിക്കാതെ നിന്ന എവറസ്റ്റിനെ വളരെ സഹാസികമായാണ് അവര്‍ കീഴടക്കിയത്. ടെന്‍സിംഗിന്റെയും ഹിലാരിയുടെയും പേരിലുള്ള ലുക്‌ല വിമാനത്താവളത്തില്‍ അല്‍പ്പം സാഹസികയുണ്ടെങ്കില്‍ മാത്രമേ പൈലറ്റുമാര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കൂ. 20 വര്‍ഷത്തിലേറെയായി ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളമായി വിമാനത്താവളം വിലയിരുത്തപ്പെടുന്നു. 1960 കളില്‍ ടെന്‍സിംഗ് നോര്‍ഗെയുടെയും എഡ്മണ്ട് ഹിലരിയുടെയും നേതൃത്വത്തിലാണ് ഇത് നിര്‍മ്മിച്ചത്. 1729 അടി നീളമുള്ള ചെറിയ റണ്‍വേയുള്ള ലുക്‌ല നേപ്പാളിലെ ഏറ്റവും തിരക്കേറിയ ആഭ്യന്തര വിമാനത്താവളങ്ങളിലൊന്നാണ്. 2008 ജനുവരിയിലാണ് നേപ്പാളിലെ ലുക്‌ല വിമാനത്താവളത്തെ ടെന്‍സിംഗ്-ഹിലരി വിമാനത്താവളം എന്ന് പുന:നാമകരണം ചെയ്തത്. എവറസ്റ്റ് സന്ദര്‍ശിക്കുന്ന ആളുകള്‍ ഈ നേപ്പാള്‍ വിമാനത്താവളം പതിവായി ഉപയോഗിക്കുന്നു. 8000 അടി (2,438 മീറ്റര്‍) ഉയരത്തിലാണ് വിമാനത്താവളം. ടേബിള്‍ ടോപ് റണ്‍വേയുള്ള ഇവിടെ ലാന്‍ഡിംഗും ടേക്ക് ഓഫ് സ്ട്രിപ്പുകളും വളരെ ഹ്രസ്വമാണ്. കൂടാതെ ആധുനിക എയര്‍ ട്രാഫിക് നിയന്ത്രണ സവിശേഷതകളില്ലാത്ത വിമാനത്താവളത്തിന് വളരെ കുറച്ച് വൈദ്യുതി മാത്രമേയുള്ളൂ.ശക്തമായ കാറ്റിലൂടെ പൈലറ്റിന് മലയോര മേഖലയിലൂടെ സഞ്ചരിക്കേണ്ടതിനാല്‍ ലാന്‍ഡിംഗ് ഏറെ ബുദ്ധിമുട്ടാണ്. മൗണ്ട് എവറസ്റ്റ് ബേസ് ക്യാമ്പിന് സമീപം സ്ഥിതിചെയ്യുന്നതിനാല്‍ ഏറ്റവും ഉയര്‍ന്ന വിമാനത്താവളമായി ഇത് കണക്കാക്കപ്പെടുന്നു. നേര്‍ത്ത വായു, ലാന്‍ഡിംഗ് സമയം കുറവ്, വിമാനത്താവളം പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ടത് എന്നിവയൊക്കെ പൈലറ്റുമാര്‍ക്ക് കടുത്തവെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. കാലാവസ്ഥ ഏതു സമയവും മാറുമെന്നതിനാല്‍ പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരാണ് ഇവിടെ സേവനം അനുഷ്ഠിക്കുന്നത്.
എവറസ്റ്റ്, നേപ്പാളിലെ ഖുംബു പ്രദേശങ്ങളിലേക്കുള്ള പ്രവേശന കവാടമാണ് ലുക്‌ലയില്‍ ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം സഞ്ചാരികളാണ് എത്തുന്നത്. ഭൂരിഭാഗം പേരും ട്രക്കിംഗിനായി വരുന്നവരാണ്. 2000 മുതല്‍ ഏഴ് വിമാനപകടങ്ങളിലായി 50ലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. 2008 ഒക്ടോബര്‍ 8 ന് യെതി എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 103 വിമാനത്തിന് തീപിടിക്കുകയും പതിനെട്ട് പേര്‍ മരിക്കുകയും ചെയ്തു. വിമാനത്തിന്റെ ക്യാപ്റ്റന്‍ മാത്രമാണ് രക്ഷപ്പെട്ടത്. സംഭവസമയത്തെ പ്രതികൂല കാലാവസ്ഥയാണ് അപകടത്തിന് കാരണം. പത്തിലധികം അപകടങ്ങളാണ് ടെന്‍സിംഗ് ഹിലാരി വിമാനത്താവളത്തില്‍ ഇതുവരെയുണ്ടായിരിക്കുന്നത്.
കുന്നും മലകളും നിറഞ്ഞ നോപ്പാളിലെ പ്രധാനപ്പെട്ട ഒമ്പത് വിമാനത്താവളങ്ങളില്‍ അഞ്ചും ടേബിള്‍ ടോപ് റണ്‍വേകളാണുള്ളത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എട്ട് കൊടുമുടികളും സ്ഥിതി ചെയ്യുന്ന നേപ്പാളില്‍ ഇത്തരം വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കാനേ സാധിക്കൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മന്‍മായ റായ്്, ടാല്‍ച്ച്, ത്രിഭുവന്‍, ടുംലിഗര്‍ എന്നി വിമാനത്താവളങ്ങളില്‍ ടേബിള്‍ ടോപ് റണ്‍വേയാണ്. നേപ്പാളിലെ ആഭ്യന്തര-അന്താരാഷ്ട്ര യാത്രകള്‍ ഭൂരിഭാഗവും ഈ എയര്‍പോര്‍ട്ടുകളെ ആശ്രയിച്ചാണിരിക്കുന്നത്. അമേരിക്ക, നെതര്‍ലന്‍ഡ്, സെന്റ് ഹെലെന, ഫാറി ഐസ്‌ലന്‍ഡ്‌സ് എന്നിവടങ്ങളിലാണ് ടേബിള്‍ ടോപ് റണ്‍വേ വിമാനത്താവളങ്ങള്‍ ഉള്ളത്.