പാചകം ഒരു കലയാണ്, ദേശം, ഭാഷ, സംസ്‌കാരം, പ്രക്യതി എന്നിവയുടെയെല്ലാം വൈവിധ്യം പേറുന്ന അപൂര്‍വകല. ജപ്പാന്‍ സംഭാവന ചെയ്ത ഏറെ സ്വാദേറിയ വിഭവമാണ് സുഷി. അരിയും മത്സ്യവും പച്ചക്കറികളുമൊക്കെ ചേര്‍ത്താണ് ഈ വിശേഷ വിഭവം തയ്യാറാക്കുന്നത്. മിലാന്‍കാരനായ യുജിയ ഹു എന്ന ഷെഫിന് പാചകമെന്നത് ഇരട്ടകലയാണ്. സുഷി വിഭവത്തില്‍ നിന്ന് വ്യത്യസ്തമായ രൂപങ്ങളുണ്ടാക്കുകയാണ് യുജിയ ഹുവുവിന്റെ പ്രധാന വിനോദം. ഷൂസ് മുതല്‍ മനുഷ്യരൂപങ്ങള്‍ വരെ ഈ സുഷിയില്‍ വിരിയും. ‘ദി ഒനിഗിരി ആര്‍ട്ട് ‘ (theonigiriart) എന്ന ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് യുജിയ ഹു തന്റെ കലാസൃഷ്ടികള്‍ പുറം ലോകത്തെ അറിയിക്കുന്നത്. സുഷിയ്ക്ക് പുറമെ അരി, ജാപ്പനീസ് വിഭവങ്ങളായ സാഷിമി, നോറി എന്നിവ ഉപയോഗിച്ചും ആദ്ദേഹം പലതരത്തിലുള്ള സൃഷ്ടികള്‍ നടത്താറുണ്ട്. ബാസ്‌ക്കറ്റ് ബോള്‍ ഇതിഹാസം മൈക്കല്‍ ജോര്‍ദാന് ആദരമര്‍പ്പിച്ച് നിര്‍മ്മിച്ച ഷൂസായിരുന്നു യുജിയയുടെ ആദ്യ കലാസൃഷ്ടി. ഇറ്റലിയിലെ തന്റെ റെസ്‌റ്റോറന്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ പങ്കുവച്ച കലാസൃഷ്ടിക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ലഭിച്ച പ്രോത്സാഹനം യുജിയയ്ക്ക് മുന്നോട്ടുള്ള പ്രയാണത്തിന് ഇന്ധനമേകി. എന്‍.ബി.എ കളിക്കാര്‍, റാപ്പര്‍മാര്‍, സിനിമാ കഥാപാത്രങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍, പ്രകൃതി ദൃശ്യങ്ങള്‍ എന്നു വേണ്ട എന്തും യുജിയ സുഷി വിഭവത്തില്‍ ആലേഖനം ചെയ്‌തെടുക്കും.
റെസ്റ്റോറന്റിന്റെ പ്രവര്‍ത്തനം പ്രോത്സാഹിപ്പിക്കാന്‍ എന്താ വഴി എന്ന ആലോചനയില്‍ നിന്നാണ് സുഷി ആര്‍ട്ടിലെത്തുന്നത്. 2007ല്‍ അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ ആരംഭിച്ച സുഷി ബാറില്‍ 18 വയസില്‍ യുജിയ മേല്‍നോട്ടക്കാരനായി. അവിടെ നിന്നാണ് സുഷി വിഭവത്തിന്റെയും കലാസൃഷ്ടികളുടെയും ലോകത്ത് എത്തുന്നത്. മാതാപിതാക്കളും സുഹൃത്തുക്കളും ഒപ്പം നിന്നതോടെ യുജിയ വിവിധ പരീക്ഷണങ്ങള്‍ നടത്താന്‍ തുടങ്ങി. അത് ലക്ഷക്കണക്കിന് ആരാധകരെ ഉണ്ടാക്കാനും റെസ്‌റ്റോറന്റിന്റെ പ്രശസ്തി കടല്‍ കടക്കാനും കാരണമായി. റാപ്പ് ഗായകരോടുള്ള അഭിനിവേശം സംഗീത രംഗത്തും ഹുവിനെ എത്തിച്ചു. അമേരിക്കന്‍ റാപ്പര്‍മാരായ ലിന്‍ ഉസി വെര്‍ട്ട്, എമിനെം എന്നിവരൊക്കെ അടുത്ത സുഹൃത്തുക്കളായി. സൃഷ്ടികള്‍ നിര്‍മ്മിക്കുന്നത് കമ്മീഷന്‍ വഴിയാണ്. കാരണം ഒരു കഷണം വീണ്ടും ഉണ്ടാക്കാന്‍ വളരെ സമയമെടുക്കും.
”എന്റെ സൃഷ്ടികള്‍ വൈറലായപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ധാരാളം ആളുകള്‍ അവ പരീക്ഷിച്ചു നോക്കി. ഞാന്‍ അവരെ ‘സുഷി ഹീറ്ററുകള്‍’ എന്ന് വിളിക്കാന്‍ തുടങ്ങി. യുജിയ പറയുന്നു. വിവിധ തരത്തിലുള്ള ഷൂസുകളാണ് കലാസൃഷ്ടികളില്‍ ഏറ്റവും ജനപ്രിയം. ട്യൂണ ഗുച്ചി ലോഫറുകള്‍, ഡോള്‍സ് & ഗബ്ബാന മേരി ജെയ്ന്‍ പാദരക്ഷ, സാല്‍മണ്‍ കൊണ്ട് നിര്‍മ്മിച്ച കണങ്കാല്‍-സ്ട്രാപ്പ്, നോറിയില്‍ റെന്‍ഡര്‍ ചെയ്ത ഫെന്‍ഡി ബൂട്ട്‌സ്, നൈക്ക് എയര്‍ ജോര്‍ദാന്‍ ഷൂസ് എന്നിവയെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മിലാനിലെ പാദരക്ഷാ വ്യാപാര ഷോയായ മൈക്കാമില്‍ സുഷി നിര്‍മ്മാണത്തിന്റെ തത്സമയ പ്രകടനം പോലും ഹു നടത്തിയിട്ടുണ്ട്.
”ഞാന്‍ സൃഷ്ടിക്കുന്ന ഓരോ കലയ്ക്കും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. പ്രത്യേകിച്ചും എനിക്ക് ഒരു പ്രത്യേക വിശദാംശങ്ങള്‍ സൃഷ്ടിക്കേണ്ടിവരുമ്പോള്‍, യുജിയ ഹു പറയുന്നു. മുഖത്തിന്റെ ആകൃതി, പുരികം, എല്ലാ കഥാപാത്രങ്ങള്‍ക്കുമുള്ള താടി, കമ്മല്‍, പച്ചകുത്തല്‍ അല്ലെങ്കില്‍ ഒരു പ്രത്യേക വസ്ത്രം എന്നിവയൊക്കെ രൂപപ്പെടുത്തുന്നത് ബുദ്ധിമുട്ടേറിയതാണെങ്കിലും താന്‍ ഏറെ ആസ്വദിക്കുന്നുവെന്ന് ഈ കലാകാരന്‍ സാക്ഷ്യപ്പെടുത്തുന്നു. ലോഗോയും അക്ഷരങ്ങളും വീണ്ടും സൃഷ്ടിക്കുക എന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ഹു പറയുന്നു. ഭക്ഷ്യയോഗ്യമായ കലാസൃഷ്ടികളുടെ ജനപ്രീതിയില്‍ ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ 54000 ഫോളോവേഴ്‌സാണ് യുജിയ ഹു എന്ന കലാകാരനുള്ളത്.