മലയാളത്തിന്റെ തുലാവര്‍ഷ പച്ചയായിരുന്നു സുഗതകുമാരിയുടെ എഴുത്തും ജീവിതവും. കനലും കണ്ണീരും കവിതയും പോറ്റി ഉയര്‍ത്തിയ എട്ടര പതിറ്റാണ്ടിന്റെ കര്‍മ്മസാഫല്യം. കവിതയുടെ രാത്രിമഴ പെയ്യിച്ച സുഗതകുമാരി അന്‍പതുകള്‍ക്ക് ഒടുക്കം വരെ കവിയത്രി, എഴുപതുകള്‍ക്ക് ഒടുക്കം തൊട്ടിന്നുവരെ പ്രകൃതിക്കും മനുഷ്യര്‍ക്കും വേണ്ടി കലഹിച്ച പോരാളി, തൊണ്ണൂറുകളുടെ തുടക്കം മുതല്‍ ഉപേക്ഷിക്കപ്പെട്ട ആയിരങ്ങള്‍ക്ക് അത്താണി ഇങ്ങനെ പല പല വേഷങ്ങള്‍ അണിഞ്ഞു. എഴുത്താനും പൊതുസേവനത്തിനും ഇന്നാട്ടില്‍ പലരുമുണ്ട് എന്നാല്‍ ഇവ രണ്ടും ആര്‍ദ്രമായി ഇങ്ങനെ സമന്വയിപ്പിച്ച പ്രതിഭകള്‍ സുഗതകുമാരിയെ പോലെ അപൂര്‍വം ചിലരെ ഉണ്ടായിരുന്നുള്ളൂ. വികാരസാന്ദ്രവും കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിട്ടു. പ്രകൃതി ചൂഷണം നേരിട്ടപ്പോള്‍ കവി പോരാളിയായി. സൈലന്റ്വാലി സമരത്തിലെ ഇടപെടലാണ് പരിസ്ഥിതി പ്രവര്‍ത്തകയായി അടയാളപ്പെടുത്തിയത്. എഴുത്തുകാര്‍ക്ക് സാമൂഹ്യ ഉത്തരവാദിത്വമുണ്ടെന്ന ബോധ്യം പിതാവിന്റെ സ്വാധീനത്തില്‍ നിന്നാവണം രൂപപ്പെട്ടത്. മരത്തിനു സ്തുതി കവിത സൈലന്റ്വാലി പ്രക്ഷോഭ കാലത്ത് ആക്ടിവിസ്റ്റുകളുടെ പ്രതികരണങ്ങളുടെ പരിഛേദമായി. അക്കാലത്ത് പ്രചാരണങ്ങളിലെല്ലാം അത് ചൊല്ലപ്പെട്ടു. തിരുവനന്തപുരം മനോരോഗാശുപത്രിയില്‍ സുഗതകുമാരി നടത്തിയ സന്ദര്‍ശനത്തില്‍നിന്നാണ് അഭയ ആരംഭിക്കാനുള്ള തീരുമാനം.
ആറന്മുളയിലെ വഴുവേലി തറവാട്ടില്‍ ഗാന്ധിയനും കവിയും കേരളനവോത്ഥാന പ്രവര്‍ത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ മകളായി 1934യിലാണ് ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്‌കൃതം പണ്ഡിതയായ വി. കെ കാര്‍ത്യായനി ടീച്ചറായിരുന്നു അമ്മ. തത്വശാസ്ത്രത്തില്‍ തിരുവനന്തപുരം യൂണിവേഴ്സ്റ്റി കോളേജില്‍ നിന്നും ബിരുദാനന്തര ബിരുദമെടുത്തു. സാമൂഹിക സാംസ്‌കാരികയിടങ്ങളില്‍ മാതാപിതാക്കള്‍ നടത്തിയ ഇടപെടലുകള്‍ സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പിതാവിന്റെ കവിത്വവും സാമൂഹ്യപ്രവര്‍ത്തനങ്ങളും ദേശസ്‌നേഹവും സുഗതകുമാരിയെ വളരെയധികം സ്വാധീനിച്ചിരുന്നു. പ്രാഥമിക വിദ്യാഭ്യാസ കാലത്ത് തന്നെ സുഗതകുമാരി എഴുത്തുകളുടെയും വായനകളുടെയും ലോകത്തെത്തി.
തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പല്‍, തളിര് മാസികയുടെ പത്രാധിപ, സംസ്ഥാന വനിതാ കമ്മിഷന്റെ അദ്ധ്യക്ഷ എന്നി സ്ഥാനങ്ങള്‍ വഹിച്ചു. മനുഷ്യരെ പോലെ പ്രകൃതിയേയും കരുതലോടെ കാണണമെന്ന വാദം ഉയര്‍ത്തിപ്പിടിച്ച അവര്‍ പ്രകൃതി സംരക്ഷണ സമിതിയുടെ സ്ഥാപക സെക്രട്ടറി പദവി വഹിച്ചു. സുഗതകുമാരി സൈലന്റ് വാലി പ്രക്ഷോഭവും ആഞ്ഞടിച്ചപ്പോള്‍ സേവ് സൈലന്റ് വാലി പ്രതിഷേധത്തില്‍ വലിയ പങ്കുവഹിച്ചു. 1961ല്‍ പുറത്തിറങ്ങിയ മുത്തുചിപ്പി എന്ന കൃതിയിലൂടെയാണ് സുഗതകുമാരി എഴുത്തിന്റെ വിശാലതയിലേക്ക് പടികടന്ന് എത്തിയത്. സ്വപ്നഭൂമി, പാതിരാപ്പൂക്കള്‍, പ്രണാമം എന്നി കൃതികള്‍ വായനക്കാരെ പിടിച്ചിരുത്തിയതോടെ മലയാളിയുടെ പ്രിയ എഴുത്തുകാരുടെ നിരയിലേക്ക് സുഗതകുമാരിയും നടന്നു കയറി. രാധയെവിടെ, ദേവദാസി, കുറിഞ്ഞിപ്പൂക്കള്‍, പാവം മാനവഹൃദയം, രത്രിമഴ, കാവുതീണ്ടല്ലേ , ഇരുള്‍ച്ചിറകുകള്‍, തുലാവര്‍ഷപ്പച്ച, മണലെഴുത്ത്, കൃഷ്ണകവിതകള്‍ എന്നി കൃതികളും പുറത്തുവന്നു. മുപ്പതോളം കാവ്യസമാഹാരങ്ങളും നിരവധി ഗദ്യരചനകളും സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചു.
ആദ്യകാല കവിതകള്‍ സ്നേഹത്തിനുവേണ്ടിയുള്ള ദുരന്താത്മക അന്വേഷണമായിരുന്നു. ഭാവഗീത പ്രധാനമായ ആ ഘട്ടത്തില്‍നിന്നും സാമൂഹ്യ തിന്മകള്‍ക്കും അനീതിക്കുമെതിരായ പ്രതികരണങ്ങളായി കവിത ഭാവാന്തരപ്പെട്ടു. പാരിസ്ഥിതിക പ്രശ്നങ്ങളും സമകാലിക സ്ഥിതികളും അവയില്‍ വിഷയമായി. പ്രതികരണക്ഷമതയും തത്വചിന്താപരമായ ഉള്‍ക്കാഴ്ചയും നിറഞ്ഞതായിരുന്നു പല രചനകളും. കാല്‍പനിക ഭാവഗീതിയ്ക്ക് പുതുജീവന്‍ കൈവന്നു. സ്ത്രീപ്രശ്നങ്ങളുടെ അകത്തളങ്ങളിലേക്കുള്ള അന്വേഷണമായി പിന്നീട്. സ്ത്രീപുരുഷ ബന്ധത്തിലെ ആന്തരിക സൂക്ഷ്മതയിലേക്കും കടന്നുചെന്നു. കവിതയിലെന്ന പോലെ സാമൂഹ്യ ജീവിതത്തിലും സ്ത്രീനീതിക്കുവേണ്ടി ശബ്ദമുയര്‍ത്തി. ആത്മദു:ഖവും അസന്തുഷ്ടിയും ആവിഷ്‌ക്കരിച്ച ആ കവിതകള്‍ പാരമ്പര്യ ശൈലിയെ കൈവെടിഞ്ഞില്ല.
‘ എന്റെ വൈകാരിക വിക്ഷോഭങ്ങളെയാണ് കവിതയാക്കിയത്, ചിലത് സന്തോഷത്തിന്റെ നിമിഷങ്ങളും പങ്കുവയ്ക്കുന്നുവെന്നു സുഗതകുമാരി പറയുന്നു.2006ല്‍ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച സുഗതകുമാരിയെ തേടി കേരളസാഹിത്യ അക്കാഡമി അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, സരസ്വതി സമ്മാന്‍, മാതൃഭൂമി സാഹിത്യപുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളെത്തി. ഹൃദയത്തെ തൊട്ടാല്‍ പ്രതിഭ തുളുമ്പുന്ന കാവ്യമുഖം, പ്രകൃതിയെ തൊട്ടാല്‍ പ്രതിഷേധം തുളുമ്പുന്ന സമരം, ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് മുന്നില്‍ സ്‌നേഹം തുളുമ്പുന്ന അഭയമുഖം… പലമുഖങ്ങളാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിയ്ക്ക്.