സാമ്പത്തികമായി ആകെ തകർന്ന ശ്രീലങ്ക വായ്പ പോലും ലഭിക്കാതെ വലയുന്നു. കൃത്യമായ പ്ലാനുകളോ ആശയങ്ങളോ ഇല്ലാതെ ഭാവി തുലാസിലായ ആ രാജ്യത്തെ സഹായിച്ചാൽ അതു തിരികെ ലഭിക്കുമെന്ന് സമ്പന്ന രാജ്യങ്ങൾക്കൊന്നും പ്രതീക്ഷയില്ല. അമേരിക്ക ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളും ആസിയാൻ രാഷ്ട്രങ്ങളും ലങ്കയുടെ ഉഭയ-ബഹുമുഖ കക്ഷികളാണെങ്കിലും സാധാരണ രീതിയിലുള്ള സാമ്പത്തിക സഹായ ഇടപാടുകൾ നടത്തുവാൻ ഇപ്പോൾ തയ്യാറല്ല. ഈ അവസ്ഥയിലാണ് ശ്രീലങ്ക ഇന്ത്യയോട് ‘ഗ്യാരന്റർ’ നിൽക്കാനഭ്യർത്ഥിച്ച് സമീപിച്ചിട്ടുള്ളത്. കൂടാതെ ഐ എം എഫിൽ നിന്നും ആവശ്യമായ തുക ലഭ്യമാകുന്നതുവരെ ഇന്ത്യയുടെ നിലവിലുള്ള വായ്പാ സഹായങ്ങൾ തുടരണമെന്നും രജപക്സെ സർക്കാർ ആവശ്യപ്പെടുന്നു.ഐ എം എഫുമായുള്ള ശ്രീലങ്കൻ ചർച്ച ഏപ്രിൽ 18 നാണ് നിശ്ചയിച്ചിട്ടുള്ളത്. അയല്പക്കത്ത് അത്ര ഹിതകരമല്ലാത്ത രീതിയിലുള്ള ചൈനീസ് ഇടപെടലിനെ അല്പം അസഹിഷ്ണുതയോടെ ഇന്ത്യ നോക്കിക്കാണുന്നതിനിടയിലാണ് നിലവിലെ ശ്രീലങ്കൻ പ്രതിസന്ധി.