മുംബൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി സംഘടിപ്പിച്ച ശാസ്ത്രസാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ സാരിയുടുത്തൊരു സുന്ദരിയായിരുന്നു താരം.
ലോകത്തു വളര്‍ന്നു വരുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച അവര്‍ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് മനുഷ്യരോട് നിര്‍ദേശിച്ചു. 20 മിനിട്ടോളം
സംവദിച്ച ആ സാരിക്കാരിയൊരു മനുഷ്യസ്ത്രീയല്ലായിരുന്നു !! സൗദി അറേബ്യപൗരത്വം നല്‍കിയ സോഫിയ എന്ന റോബോട്ടായിരുന്നു ആ സാരിക്കാരി. ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ വിപ്ലവങ്ങള്‍ക്ക് ഊര്‍ജ്ജമേകുന്ന ഇന്ധനം ഏതെന്നു ചോദിച്ചാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അഥവാ നിര്‍മ്മിത ബുദ്ധി എന്ന ഉത്തരമാകും കൂടുതല്‍ മുഴങ്ങികേള്‍ക്കുക.
ഒരു രാജ്യം പൗരത്വം വരെ നല്‍കാന്‍ തക്കവിധത്തില്‍ ഹ്യൂമനോയിഡ് റോബോട്ടുകള്‍ വളര്‍ന്നിരിക്കുന്നു. ശക്തമായ ചലനങ്ങളാവും സമീപ ഭാവിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുക. ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ചെറുകിട വില്പന, ബാങ്കിങ് എന്നുവേണ്ട എല്ലാ മേഖലകളിലും ഇന്നു നാം ചിന്തിക്കുന്നതിലും വിപുലമായ തോതിലായിരിക്കും ഇതിന്റെ സ്വാധീനം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു കൗതുക വസ്തു എന്നതിനപ്പുറം പ്രായോഗിക ജീവിതത്തില്‍ ഉപയോഗപ്രദമായ സാങ്കേതികശാഖയായി മാറിക്കഴിഞ്ഞു. നിത്യജീവിതത്തില്‍ പല രംഗങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുമ്പോള്‍ അത് എ.ഐ ആണെന്ന് തിരിച്ചറിയാന്‍ കഴിയാത്തവിധം നമ്മുടെ ശീലങ്ങളുടെയും ഭാഗമായിക്കഴിഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു വശത്ത് വിശാലമായ തൊഴില്‍മേഖല തുറന്നിടുമ്പോള്‍ മറുവശത്ത്മനുഷ്യന്‍ ചെയ്യേണ്ട ജോലികള്‍ റോബോട്ടുകള്‍ കൈയടക്കുമോ എന്ന വലിയ ഭീതികള്‍ നിലനില്‍ക്കുന്നു.
എന്താണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ?
കമ്പ്യൂട്ടറിന്റെ ചിന്തിക്കാനും പഠിക്കാനുമുള്ള കഴിവിനെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്(എ.ഐ) എന്നു പറയുന്നത്. മനുഷ്യരുടെ ബുദ്ധിയെയും ചിന്താശൈലിയെയും അനുകരിക്കാന്‍ മനുഷ്യര്‍ തന്നെ കമ്പ്യൂട്ടറിനെ പരിശീലിപ്പിച്ചെടുക്കുന്നു. ഇവിടെ ബുദ്ധിപരമായ കഴിവുകള്‍ കൂടി ലഭിക്കുമ്പോള്‍ മനുഷ്യാധ്വാനം കുറയ്ക്കാനാവുമെന്നതും
മനുഷ്യസഹജമായ പിഴവുകള്‍ ഒഴിവാക്കാനാവുമെന്നതും ഗുണങ്ങളായി പറയാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് മനുഷ്യര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നതും ഹാക്കിങ് സാധ്യതകളും കമ്പ്യൂട്ടര്‍ പിഴവുകളും ഉയര്‍ത്താവുന്ന വെല്ലുവിളികളും ആശങ്കയായി നിലനില്‍ക്കുന്നു. മൊബൈല്‍ ഫോണ്‍, വിദ്യാഭ്യാസം, ഓട്ടോമൊബൈല്‍, വാര്‍ത്തവിനിമയം, കാലാവസ്ഥ നിരീക്ഷണം, ഗതാഗതം, ആരോഗ്യം, തുടങ്ങിയ നിരവധി മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സജീവ സാന്നിദ്ധ്യമാണ്. നമ്മള്‍ ഒട്ടേറെ സെല്‍ഫികള്‍ എടുത്ത് ഫോസ്ബുക്കില്‍ പോസ്റ്റ് ചെയ്യാറുണ്ട്. നിമിഷങ്ങള്‍ക്കകം തന്നെ എഫ്.ബി ആ ഫോട്ടോയിലുള്ള നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടൈത്തുകയും ടാഗ് സജെഷന്‍സ് മുന്നോട്ടുവെക്കുകയും ചെയ്യും. എങ്ങനെയാണ് ഇത് സാധ്യമാകുന്നതെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ കൃത്രിമ ബുദ്ധി എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഫേസ്ബുക്ക് ഈ സംവിധാനം അവതരിപ്പിച്ചത്. ദൈനംദിന ജീവിതത്തിലെ കൃത്രിമ ബുദ്ധിയുടെ സ്വാധീനം ഇതില്‍ നിന്നു തന്നെ മനസിലാകും. മനുഷ്യ ബുദ്ധിയുടെ മറ്റൊരു രൂപം മനുഷ്യബുദ്ധി ഉപയോഗിച്ച് എങ്ങനെയാണോ ഓരോരുത്തരും മറ്റുള്ളവരെ തിരിച്ചറിയുന്നത് അത് അനുകരിച്ചുകൊണ്ടാണ് കൃത്രിമബുദ്ധി പ്രവര്‍ത്തിക്കുന്നത്. ഓരോ വട്ടവും നമ്മുടെ മുഖം പതിഞ്ഞ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ടാഗ് ചെയ്യപ്പെടുമ്പോള്‍ കൃത്രിമ ബുദ്ധി ഉപയോഗപ്പെടുത്തി നമ്മുടെ മുഖത്തിന്റെ സവിശേഷതകളെക്കുറിച്ച് പഠിക്കുകയും അത് ഓര്‍മ്മയില്‍ സൂക്ഷിച്ച് വെയ്ക്കുകയും ചെയ്യും.
ലോകത്തിനു മുന്നില്‍ കൃത്രിമ ബുദ്ധി എന്ന ആശയം അവതരിക്കപ്പെടുന്നത് 1950 കളിലാണ്. കൃത്യമായി പറഞ്ഞാല്‍ 1956ല്‍ അമേരിക്കയിലെ ഡാര്‍ത്ത് മൗത്ത്‌കോളേജിലെ കോണ്‍ഫ്രന്‍സില്‍ വച്ച് ജോണ്‍ മെക്കാര്‍ത്തി എന്ന കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്. ഏതാണ്ട് എഴുപത് വര്‍ഷം പിന്നിടുമ്പോള്‍ നമുക്ക് ചിന്തിക്കുവാന്‍ പോലും കഴിയാത്ത തരത്തില്‍ സാങ്കേതിക വിദ്യ വളര്‍ന്ന് ലോകത്തിന്റെ ഭാവി തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന തരത്തിലാവുമെന്നതില്‍ സംശയില്ല. പലര്‍ക്കും കൃത്രിമ ബുദ്ധി എന്താണെന്ന് അറിയില്ല. ചിലര്‍ അതിനെ എന്തിരന്‍ എന്നു വിശേഷിപ്പിക്കുന്നു. മനുഷ്യന് വെല്ലുവിളി ഉയര്‍ത്തുന്നതാണ് ഈ സാങ്കേതിക വിദ്യ എന്നും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിയുന്തോറും ഈ ശാഖ വളരുകയും മനുഷ്യബുദ്ധിയെ നിഷ്പ്രഭമാക്കുകയും ചെയ്യും. ഗവേഷകര്‍ പറയുന്നതനുസരിച്ച് 100 വര്‍ഷത്തിനുള്ളില്‍ കൃത്രിമബുദ്ധിക്ക് ഒട്ടു മിക്ക മനുഷ്യജോലികളും അനായാസമായി ചെയ്യാന്‍ സാധിക്കും. ഡേറ്റാസയന്‍സ്, ആരോഗ്യമേഖല, പ്രതിരോധം, ബഹിരാകാശം, വിദ്യാഭ്യാസം എന്നിങ്ങനെ കൃത്രിമബുദ്ധി കടന്നു ചെല്ലാത്ത മേഖലകള്‍ ഇല്ലെന്നു പറയാം. വേഗവും വ്യാപ്തിയുമാണ് കൃത്രിമ ബുദ്ധി എന്ന സാങ്കേതിക വിദ്യയെ മനുഷ്യബുദ്ധിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
ചുറ്റുപാടുകള്‍ കണ്ട് മനസിലാക്കാനും ശബ്ദവും ഭാഷയുംതിരിച്ചറിയാനും ഇതെല്ലാം ഉപയോഗിച്ച് സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനും എ.ഐയ്ക്ക് കഴിയും. പുതിയ തൊഴില്‍ സാധ്യത കൃത്രിമബുദ്ധിയുടെ ഫലമായി ഭാവിയില്‍ ഉണ്ടാകും. മെഷീന്‍ ലേണിങ്, ഡേറ്റ സയന്‍സ് എന്നീ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ കൃത്രിമബുദ്ധിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇങ്ങനെയുള്ളവരുടെ എണ്ണം വളരെ കുറവാണ്. എളുപ്പമല്ലാത്ത സാങ്കേതിക വിദ്യയാണെങ്കില്‍ പോലും കൃത്രിമ ബുദ്ധിയുടെ ബാലപാഠങ്ങള്‍ പഠിച്ചെടുക്കാന്‍ അഭിരുചിയുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുപോലും സാധിക്കും. വാണിജ്യം, വ്യവസായം, ബഹിരാകാശ ഗവേഷണം തുടങ്ങി നിരവധി മേഖലകളില്‍ ഭാവിയില്‍ സുപ്രധാന പങ്കുവഹിക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് സാധിക്കുമെന്നതിനാല്‍ ഇവയെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ ഗൂഗിള്‍ അവസരമൊരുക്കുന്നു. ലേണ്‍ വിത്ത് ഗൂഗിള്‍ എ.ഐ എന്ന പരിപാടിയിലൂടെയാണ് പഠിക്കാന്‍ അവസരമൊരുക്കുന്നത്. കമ്പനിയിലെ യന്ത്രഭാഷ വിദഗ്ധര്‍ വികസിപ്പിച്ച പഠന സാമഗ്രികളാണ് മെറ്റീരിയല്‍സ്.
എല്ലാ മേഖലയിലേക്കും സമീപഭാവിയില്‍ തന്നെ തൊഴില്‍ മേഖലയില്‍ കൃത്രിമബുദ്ധി പല സമഗ്രമാറ്റങ്ങള്‍ക്കും തുടക്കം കുറിക്കും. കമ്പനികള്‍ ചെലവ് കുറയ്ക്കുന്നതിന്റെയും കാര്യക്ഷമത കൂട്ടുന്നതിന്റെയും ഭാഗമായി എല്ലാ മേഖലയിലും കൃത്രിമബുദ്ധി ഉപയോഗപ്പെടുത്തുകയും അംഗസംഖ്യ വെട്ടിക്കുറയ്ക്കുകയും ചെയ്യും. ഐ.ടി രംഗത്തെ ഭൂരിഭാഗം ജോലികളും ഇല്ലാതാകും. വരും കാലങ്ങളില്‍ ഈ ജോലി ഇല്ലാതാവുകയും ഇതുപോലുള്ള ചിട്ടയും കൃത്യതയും നിറഞ്ഞ എല്ലാ ജോലികളിലും കൃത്രിമബുദ്ധി നിഷ്പ്രയാസം മനുഷ്യരെ പിന്തള്ളുകയും ചെയ്യും. ഇങ്ങനെയൊക്കെയുള്ള സാങ്കേതികതയിലേക്കാണ് കാലം നമ്മെ കൊണ്ടത്തിക്കുന്നത്. സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള ജ്ഞാനമില്ലായ്മ നമ്മുടെ വര്‍ത്തമാനകാലത്തെ അഭിരുചികളെയും ഭാവിയിലെ നിലനില്‍പ്പിനെയും ചോദ്യം ചെയ്യുന്ന ഒന്നായി മാറും. മനുഷ്യര്‍ ജോലി സാധ്യതകള്‍ക്കുവേണ്ടി കമ്പ്യൂട്ടറിനോടും മത്സരിക്കേണ്ട കാലമാണ് സംജാതമാകുന്നത്. എ.ഐ മനുഷ്യസൃഷ്ടി ആണെങ്കിലും അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇതിനോട് മനുഷ്യന് ആരാധന തോന്നുന്നത് സ്വാഭാവികം മാത്രം. അടുത്തരണ്ടു ദശാബ്ദങ്ങള്‍ക്കുള്ളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സ്വാധീനമില്ലാത്ത മേഖലകള്‍ വിരളമായിരിക്കും.