Bookerman Entertainment Desk
”ഒരു മിനിട്ട് കാത്തിരിക്കുക, നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത മിനിട്ടുനായി ” ഒരു യുഗം അവസാനിക്കുമ്പോള്‍ മറ്റൊരു യുഗത്തിന് തിരശീല ഉയര്‍ന്നു. മാനവചരിത്രത്തിലെ ഏറ്റവും വിസ്മയകരമായ കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു സിനിമ. ആദ്യകാലങ്ങളില്‍ സിനിമയുമായെത്തിയവരെ ജനം ഭ്രാന്തന്മാരെന്നും മന്ത്രവാദികളെന്നും വിളിച്ചു ഓടിച്ചു. വെള്ളത്തുണിയിലെ ചലിക്കുന്ന രൂപങ്ങള്‍ ഭൂതങ്ങളാണെന്ന് പലരും കരുതി. ഫോട്ടോഗ്രഫിയുടെ കണ്ടുപിടിത്തത്തെ തുടര്‍ന്ന് ചലിക്കുന്ന ചിത്രങ്ങള്‍ നിര്‍മ്മിക്കുക എന്നതായി മനുഷ്യന്റെ ലക്ഷ്യം. നിശ്ചലചിത്രം പകര്‍ത്താന്‍ കഴിയുമെങ്കില്‍ ചലിക്കുന്ന ചിത്രങ്ങളും പകര്‍ത്താന്‍ കഴിയുമെന്ന ചിന്ത ഉടലെടുത്തത് പതിനേഴാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിലാണ്. ചലിക്കുന്ന ഒരു വസ്തുവിന്റെ പ്രതി രൂപത്തെക്കുറിച്ചുള്ള ശാസ്ത്രചിന്തയുടെ പരിണിതഫലമാണ് സിനിമ. കാലഘട്ടത്തിനൊപ്പം അഭ്രപാളിയിലെ വിസ്മയങ്ങളും വിശാലമായി. 1895 ഡസംബര്‍ 28ന് ലൂമിയര്‍ സഹോദരന്‍മാര്‍ പത്ത് ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. അതിലൊന്ന് ഒരു സ്‌റ്റേഷനില്‍ ട്രെയിന്‍ എത്തുന്നതിന്റെ ചലിക്കുന്ന ദൃശ്യവുമുണ്ടായിരുന്നു. ട്രെയിന്‍ തങ്ങള്‍ക്കു നേരെയാണ് പാഞ്ഞു വരുന്നതെന്നു കരുതി കണ്ടുകൊണ്ടിരുന്ന ആളുകള്‍ ചിതറിയോടി. ദൃശ്യങ്ങള്‍ വിസ്മയിപ്പിച്ച് കാല്‍നൂറ്റാണ്ട് പിന്നിടുമ്പോഴാണ് സിനിമയില്‍ വിപ്ലവകരമായ ഒരു യുഗത്തിന് തുടക്കമാകുന്നത്. 1927 ഒക്ടോബര്‍ 6ന് ‘ ദി ജാസ് സിംഗര്‍’ എന്ന ശബ്ദചിത്രം പുറത്തിറങ്ങി. ലോകത്തെ ഞെട്ടിച്ചുകൊണ്ട് ” ഒരു മിനിട്ട് കാത്തിരിക്കുക, നിങ്ങള്‍ ഇതുവരെ കേട്ടിട്ടില്ലാത്ത മിനിട്ടിനായി” എന്നു കഥാപാത്രങ്ങള്‍ അടക്കം സംസാരിച്ച് തുടങ്ങിയപ്പോള്‍ സിനിമ മറ്റൊരു നാഴികക്കല്ലുകൂടി പിന്നീടുകയായിരുന്നു. കുറച്ചു മിനിട്ടുകള്‍ മാത്രമാണ് സിനിമയില്‍ സംഭാഷണവും ഗാനവുമുള്ളുവെങ്കിലും വലിയൊരു വിപ്ലവത്തിന്റെ നാഴികക്കല്ലായിരുന്നു അത്. ദി ജാസ് സിംഗറില്‍ നായകനായ അല്‍ ജോണ്‍സണ്‍ മൈ മാമ്മി എന്ന ഗാനം രണ്ട് തവണ ആലപിക്കുന്നുണ്ട്. വാര്‍ണര്‍ ബ്രദേഴ്‌സ് നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അലന്‍ ക്രോസ്‌ലാന്‍ഡ് ആണ്.
ആദ്യമാദ്യം ശബ്ദം എന്ന യാഥാര്‍ത്ഥ്യത്തോട് പൊരുത്തപ്പെടാന്‍ പല ചലച്ചിത്രകാരന്മാര്‍ക്കും കഴിയാതെ വന്നു. തന്റെ സ്വതസിദ്ധമായ ഹാസ്യാഭിനയത്തിലൂടെ പ്രേക്ഷക മനം കവര്‍ന്ന ചാര്‍ളി ചാപ്ലിന്‍ വരെ ശബ്ദത്തെ എതിര്‍ത്തു എന്നതാണ് ചരിത്രം. എന്നാല്‍ പ്രേക്ഷക സമൂഹം ചിത്രത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതിന്റെ തെളിവാണ് ജാസ് സിംഗര്‍ നേടിയ വലിയ സാമ്പത്തിക വിജയം. സംഗീതം മുഖ്യവിഷയകമാക്കിയ ഈ സിനിമക്ക് വൈറ്റഫോണ്‍ സൗണ്ട് ഓണ്‍ സിസ്റ്റം ഉപയോഗിച്ചാണ് ശബ്ദം നല്‍കിയത്. സിനിമയില്‍ ശബ്ദമിണക്കി ചേര്‍ക്കാനുള്ള ശ്രമം ആദ്യം കാലഘട്ടം മുതലേ ഉണ്ടായിരുന്നു. ഡബ്ലിയു.കെ.എല്‍.ഡിക്‌സണ്‍ ഈ പരീക്ഷണത്തില്‍ വിജയം കണ്ടിരുന്ന വ്യക്തിയായിരുന്നു. പിന്നീട് തുടരെ പരീക്ഷണങ്ങള്‍ നടന്നിരുന്നു. വെസ്റ്റേണ്‍ ഇലക്ട്രിക് കമ്പനി സിനിമയില്‍ ശബ്ദം യോജിപ്പിക്കാനുള്ള വൈറ്റാഫോണ്‍ ഉപകരണം കണ്ടെത്തി. പല കമ്പനികള്‍ക്കും വൈറ്റാഫോണ്‍ വില്‍ക്കുവാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. അങ്ങനെയിരിക്കേ കടുത്ത സാമ്പത്തിക പ്രതിസന്ധിയലായിരുന്ന വാര്‍ണര്‍ ബ്രദേഴ്‌സ് വൈറ്റാഫോണ്‍ വാങ്ങുകയും ചിത്രത്തില്‍ ശബ്ദത്തെ ചേര്‍ക്കുകയും ചെയ്തു. ഇതവരെ വലിയ സാമ്പത്തിക ലാഭത്തിലേക്ക് എത്തിച്ചു. 1928ല്‍ ഇറങ്ങിയ വാര്‍ണര്‍ ബ്രദേഴ്‌സിന്റെ തന്നെ അടുത്ത ചിത്രമായ ദി ലൈറ്റ്സ് ഓഫ് ന്യൂയോര്‍ക്ക് മുഴുനീള ശബ്ദചിത്രമായിരുന്നു. ബെര്‍ട്ട് ഗ്ലെന്നമിന്റെ ദി പെര്‍ഫെക്ട് ക്രൈം, വിഖ്യാത ചലച്ചിത്രകാരന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ ബ്ലാക്ക്‌മെയില്‍, റഷ്യന്‍ ചലച്ചിത്രം റോഡ് ടു ലൈഫ്, ദ ലയണ്‍ ആന്‍ഡ് ദി മൗസ് എന്നിവയൊക്കെ ആദ്യകാല ശബ്ദ സിനിമകളില്‍ ശ്രദ്ധേയമായവയാണ്.
ആലം ആര; ഇന്ത്യുടെ ശബ്ദാവരണം
1929ലാണ് ആദ്യമായി ഒരു വിദേശ ശബ്ദചിത്രം മെലഡി ഓഫ് ലവ് ഇന്ത്യയില്‍ പ്രദര്‍ശിപ്പിച്ചത്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സുവര്‍ണലിപികളില്‍ രേഖപ്പെടുത്തേണ്ട ദിനമാണ് 1931 ലെ മാര്‍ച്ച് 14. അന്നാണ് ഇന്ത്യയില്‍ ആദ്യമായി ശബ്ദം രേഖപ്പെടുത്തിയ സിനിമ പുറത്തിറങ്ങിയത്. അര്‍ദേശിര്‍ ഇറാനി സംവിധാനം ചെയ്ത ആലം ആര ബോംബയിലെ മജസ്റ്റിക് സിനിമ എന്ന തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ബോംബെയിലെ ഇംപീരിയല്‍ ഫിലിംസായിരുന്നു നിര്‍മാതാക്കള്‍. ആലം ആര എന്ന ഉര്‍ദു വാക്കിനര്‍ഥം ലോകത്തിന്റെ ആഭരണം എന്നാണ്. ജോസഫ് ഡേവിഡ് രചിച്ച ഒരു നാടകത്തിന്റെ ഇതിവൃത്തം സ്വീകരിച്ച ആലം ആര സംഗീതപ്രധാനമായ സിനിമയായിരുന്നു. പാട്ടുകളെ ഇന്ത്യന്‍ സിനിമയുടെ ഭാഗമാക്കി മാറ്റുന്നതില്‍ പ്രധാന പങ്കുവഹിച്ചു ഈ ചലച്ചിത്രം. അനാവശ്യ ശബ്ദങ്ങള്‍ നിയന്ത്രിക്കാന്‍ സംവിധാനങ്ങളില്ലാതിരുന്ന അക്കാലത്ത് രാത്രിയിലായിരുന്നു പരമാവധി രംഗങ്ങളും ചിത്രീകരിച്ചിരുന്നത്. അതിനായി ശക്തമായ പ്രകാശ സംവിധാനങ്ങളും ഒളിച്ചുവെച്ച മൈക്കുകളും ഉപയോഗിച്ചു. ആരും പരീക്ഷിക്കാത്ത പുതുരീതികള്‍ ഇറാനി സിനിമകളില്‍ അവതരിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ശബ്ദചിത്രം നിര്‍മ്മിച്ച അദ്ദേഹം തന്നെയാണ് ഇന്ത്യയിലെ ആദ്യ ഇംഗ്ലീഷ് ചിത്രമായ നൂര്‍ജഹാനും നിര്‍മിച്ചത്. 1937 ല്‍ മോത്തി ഗിദ്വാനി സംവിധാനം സംവിധാനം ചെയ്ത കിസാന്‍ കന്യ എന്ന സിനിമ നിര്‍മിച്ചുകൊണ്ട് തദ്ദേശീയമായി നിര്‍മിച്ച ആദ്യ കളര്‍ ചലച്ചിത്രത്തിനും കാരണക്കാരനായി. വിശ്രുത സാഹിത്യകാരന്‍ സാദത് ഹസന്‍ മണ്‍റ്റോയുടെ നോവലിനെ അടിസ്ഥാനമാക്കിയായിരുന്നു ആ സിനിമ.
ബാലന്‍ സംസാരിച്ച് തുടങ്ങി
1936 ആഗസ്റ്റ് 17ന് മലയാളത്തിലെ ആദ്യ ശബ്ദസിനിമയായ ബാലന്റെ ചിത്രീകരണം ആരംഭിച്ചു. വിഗതകുമാരന്‍ ഇറങ്ങി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാള സിനിമ സംസാരിച്ചു തുടങ്ങിയത്. 1938 ജനുവരിയില്‍ ബാലന്‍ റിലീസ് ചെയ്തു. ടി.ആര്‍ സുന്ദരം എന്ന തമിഴ്‌നാട്ടുകാരന്‍ സേലം മോഡേണ്‍ തിയേറ്റേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രം എസ് നെട്ടാണിയാണ് സംവിധാനം ചെയ്ത്. എ.സുന്ദരത്തിന്റെ വിധിയും മിസിസ് നായരും എന്ന ചെറുകഥയെ ആസ്പദമാക്കി മുതുകുളം രാഘവന്‍പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥയും ഗാനങ്ങളും രചിച്ചു. അങ്ങനെ സംസാരിക്കുന്ന ആദ്യ മലയാള ചിത്രത്തിന്റെ നായകന്‍ എന്ന വിശേഷണം കെ.കെ അരൂരിന് സ്വന്തമായി. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരൊന്നും മലയാളികളായിരുന്നില്ല. ഛായാഗ്രഹണം ജര്‍മ്മന്‍കാരനായ ബോഡോ ഗുഷ്‌കറും ചിത്രസംയോജനം വര്‍ഗീസ്, കെ. സി. ജോര്‍ജ് എന്നിവരും നിര്‍വഹിച്ചു. ചിത്രത്തിലെ ആദ്യ സംഭാഷണം ഇംഗ്ലീഷിലായിരുന്നു. വിരുതന്‍ ശങ്കു പറഞ്ഞു ‘ഗുഡ്ലക് എവരിബെഡി’, ആലപ്പി വിന്‍സെന്റിന്റെ ശബ്ദം മലയാള സിനിമയുടെ ചരിത്രമായി മാറി. ജാസ് സിംഗറിലെ ജാക്ക് റോബിനും ബാലനിലെ വിരുതന്‍ ശങ്കുവും തിരശീലയില്‍ സംസാരിച്ചത് പതിനൊന്നു വര്‍ഷത്തെ ഇടവേളയില്‍. വിവരസാങ്കേതിക വിദ്യയ്‌ക്കൊപ്പം ദൃശ്യമികവിലും അഖ്യാന രീതിയിലും ശബ്ദസന്നിവേശത്തിലും പ്രമേയത്തിലും വ്യത്യസ്തത പുലര്‍ത്തി സിനിമ എന്ന കലയും മാധ്യമവും കാലത്തിനൊപ്പം ഒഴുകുന്നു.