ആകാശവാണി തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോഴിക്കോട് പ്രോദേശിക വാര്‍ത്തകള്‍ വായിക്കുന്നത്…ഈ ശബ്ദത്തിനായി ദൈവത്തിന്റെ സ്വന്തം നാട്ടിലെ തലമുറകള്‍ കാതുകൂര്‍പ്പിച്ചിരുന്നിട്ടുണ്ട്. സാംസ്‌കാരിക പുരോഗതിയുടെ ചരിത്രത്തില്‍ ശാസ്ത്രം നല്‍കിയ മികച്ച സംഭാവന ആണ് റേഡിയോയുടെ കണ്ടുപിടിത്തം. ഒരു കാലഘട്ടത്തില്‍ മലയാളികള്‍ ഉണരുന്നതും ഉറങ്ങുന്നതും റേഡിയേക്കൊപ്പമായിരുന്നു. എന്റെ കണ്ടുപിടുത്തം മനുഷ്യകുലത്തെ രക്ഷിക്കുവാനാണ്, നശിപ്പിക്കുവാനല്ല എന്ന് സ്വന്തം കൈപ്പടയില്‍ തന്റെ ചിത്രത്തിനു കീഴില്‍ ഗുഗ്ലിമോ മാര്‍ക്കോണി എന്ന ഇറ്റലിക്കാരന്‍ എഴുതിവച്ചിരുന്നു. ഒരു സാങ്കേതികതയുടെ വലിയ കണ്ടുപിടുത്തത്തെക്കാളുപരി മനുഷ്യകുലത്തെ സഹായിക്കുവാനുള്ള തീവ്രമായ ആഗ്രഹമാണ് വാര്‍ത്താ പ്രക്ഷേപണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച റേഡിയോയിലൂടെ സാധ്യമായത്. റേഡിയോയുടെയും ടെലിവിഷന്റെയും ഇന്നു ധാരാളമായി ഉപയോഗിക്കുന്ന മൊബൈല്‍ ഫോണിന്റെയും വാര്‍ത്താവിനിമയ രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റത്തിന്റെയും പിന്നില്‍ മാര്‍ക്കോണിയുടെ തംരഗ കൈമാറ്റമെന്ന കണ്ടുപിടിത്തമാണ്. റേഡിയോയുടെ ചരിത്രം ഏറെ സങ്കീര്‍ണമാണ്, അതുപോലെ മാര്‍ക്കോണിയുടെ ജീവിതവും. മഞ്ഞുമലയിലിടിച്ച് ടൈറ്റാനിക്ക് തകര്‍ന്നപ്പോഴും ലോകമഹായുദ്ധങ്ങള്‍ക്കിടയിയിലും ആളുകള്‍ക്ക് പ്രത്യാശ പകരുവാന്‍ റേഡിയോ കൂടെയുണ്ടായിട്ടുണ്ട്.
1874 ഇറ്റലിയിലെ ബൊളോണില്‍ ജനിച്ച മര്‍ക്കോണി ചെറുപ്പത്തില്‍ തന്നെ ശാസ്ത്രത്തില്‍ തല്‍പ്പരനായിരുന്നു. ജെയിംസ് ക്ലാര്‍ക്ക് മാക്‌സ് വെല്ലിന്റെയും ഹെന്റിച്ച് ഹെര്‍ട്‌സിന്റെയും വൈദ്യുത കാന്തതരംഗ സിദ്ധാന്തങ്ങളില്‍ ആകൃഷ്ടനായി ഇരുപതാം വയസുമുതല്‍ ഗവേഷണം തുടങ്ങി. 1890കളുടെ തുടക്കത്തില്‍ വയര്‍ലെസ് ടെലിഗ്രാഫി എന്ന ആശയത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചു. ഇലക്ട്രിക്ക് ടെലിഗ്രാഫ് ഉപയോഗിക്കുന്ന വയറുകളെ ബന്ധിപ്പിക്കാതെ ടെലിഗ്രാഫ് സന്ദേശങ്ങള്‍ കൈമാറുന്നതായിരുന്നു ഈ രീതി. ഇതൊരു പുതിയ ആശയമായിരുന്നില്ല. നിരവധി അന്വേഷകരും കണ്ടുപിടുത്തക്കാരും 50 വര്‍ഷത്തിലേറെയായി വയര്‍ലെസ് ടെലിഗ്രാഫ് സാങ്കേതികവിദ്യകളും വൈദ്യുതചാലകം, വൈദ്യുതകാന്തിക ഇന്‍ഡക്ഷന്‍, ഒപ്റ്റിക്കല്‍ (ലൈറ്റ്) സിഗ്നലിംഗ് എന്നിവ ഉപയോഗിച്ച് കെട്ടിട നിര്‍മ്മാണ സംവിധാനങ്ങളും പര്യവേക്ഷണം നടത്തിയിരുന്നുവെങ്കിലും സാങ്കേതികമായും വാണിജ്യപരമായും വിജയിച്ചില്ല. ഹെന്റിച്ച് ഹെര്‍ട്‌സ് 1888ല്‍ വൈദ്യുത കാന്തിക വികിരണം ഉല്‍പാദിപ്പിക്കാനും കണ്ടെത്താനും കഴിയുമെന്ന് തെളിയിച്ചതോടെ ടെലഗ്രാഫി മേഖലയ്ക്ക് പുത്തന്‍മാനം കൈവന്നു. അക്കാലത്ത് ഈ വികിരണത്തെ സാധാരണയായി ഹെര്‍ട്ട്സിയന്‍ തരംഗങ്ങള്‍ എന്ന് വിളിച്ചിരുന്നു.1895ല്‍ പോണ്ടെച്ചിയോയിലെ പിതാവിന്റെ എസ്റ്റേറ്റില്‍ മര്‍ക്കോണി ലബോറട്ടറി പരീക്ഷണങ്ങള്‍ ആരംഭിച്ചു. വയര്‍ലെസ് ടെലിഗ്രാഫ് ഉപയോഗിച്ച് ഒന്നര മൈല്‍ ദൂരത്തില്‍ സിഗ്‌നലുകള്‍ അയയ്ക്കുന്നതില്‍ വിജയിച്ചു. മോഴ്സ് കോഡ് കൈമാറാന്‍ അദ്ദേഹം റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ചു. 1896ല്‍ മാര്‍ക്കോണി തന്റെ ഉപകരണം ഇംഗ്ലണ്ടിലേക്ക് കൊണ്ടുപോയി. അവിടെ പോസ്റ്റ് ഓഫീസിലെ എന്‍ജിനിയര്‍ ഇന്‍ ചീഫ് സര്‍ വില്യം പ്രീസിനെ പരിചയപ്പെടുത്തി. ആ വര്‍ഷം വയര്‍ലെസ് ടെലിഗ്രാഫി സംവിധാനത്തിനുള്ള ലോകത്തിലെ ആദ്യത്തെ പേറ്റന്റ് സ്വന്തമാക്കി. ലണ്ടനിലും സാലിസ്ബറി പ്ലെയിനിലും ബ്രിസ്റ്റോള്‍ ചാനലിലുടനീളം അദ്ദേഹം തന്റെ സംവിധാനം വിജയകരമായി പ്രദര്‍ശിപ്പിച്ചു. 1897 ജൂലൈയില്‍ ദി വയര്‍ലെസ് ടെലിഗ്രാഫ് ആന്‍ഡ് സിഗ്‌നല്‍ കമ്പനി ലിമിറ്റഡ് രൂപീകരിച്ചു. പിന്നീടത് വയര്‍ലെസ് ടെലിഗ്രാഫ് കമ്പനി ലിമിറ്റഡ് എന്ന് പുന:നാമകരണം ചെയ്തു.
1897 മേയ് 13ന് ഇംഗ്ലീഷ് ചാനലിന് നടുവിലെ ബ്രിസ്റ്റോള്‍ ചാനലിലൂടെ ഫ്്‌ളാറ്റ് ഹോം ദ്വീപില്‍ നിന്ന് ആറ് കിലോമീറ്റര്‍ അകലെയുള്ള കാര്‍ഡിഫിനടുത്തുള്ള ലാവെര്‍നോക്ക് പോയിന്റിലേക്ക് ഒരു സന്ദേശം കൈമാറി. തുടര്‍ന്നും നിരവധി പരീക്ഷണങ്ങള്‍ അദ്ദേഹം നടത്തി. 1901ല്‍ ന്യൂലാന്‍ഡില്‍ എത്തിയ മാര്‍ക്കോണി അവിടെയൊരു കുന്നിന്‍ മുകളില്‍ ഒരു റിസീവിങ് സ്റ്റേഷന്‍ സ്ഥാപിച്ചു. 1899 ല്‍ ഇംഗ്ലീഷ് ചാനലിലുടനീളം ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മില്‍ വയര്‍ലെസ് ആശയവിനിമയം സ്ഥാപിച്ചു. 1901 ഡിസംബര്‍ 12ന് തന്റെ റിസീവിങ് സ്റ്റേഷനില്‍ ചരിത്രത്തിലെ ആദ്യത്തെ മോഴ്‌സ് സിംമ്പല്‍ മാര്‍ക്കോണിക്ക് ലഭിച്ചു. അങ്ങനെ ലോകത്തിലാദ്യമായി അറ്റ്‌ലാന്റിക്കിനു കുറുകെ കമ്പിയില്ലാ സന്ദേശം എത്തി. 1900ല്‍ ട്യൂണ്‍ഡ് അല്ലെങ്കില്‍ സിന്റോണിക് ടെലിഗ്രാഫി എന്നതിനായി തന്റെ പ്രസിദ്ധമായ പേറ്റന്റ് നമ്പര്‍ 7777ല്‍ എടുത്തു. ഭൂമിയുടെ വക്രത വയര്‍ലെസ് തരംഗങ്ങളെ ബാധിക്കില്ലെന്ന് അദ്ദേഹം തെളിയിച്ചു. 1902 നും 1912 നും ഇടയില്‍ മാര്‍ക്കോണി നിരവധി പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് പേറ്റന്റ് നേടി. 1909ല്‍ മാര്‍ക്കോണിക്ക് ഫിസിക്‌സിനുള്ള നോബല്‍ സമ്മാനം ലഭിച്ചു. 1912ല്‍ ടൈറ്റാനിക്ക് അപകടത്തില്‍ പെട്ടപ്പോള്‍ കുറെ ജീവനുകള്‍ രക്ഷപ്പെടുത്താന്‍ മര്‍ക്കോണിയുടെ സന്ദേശങ്ങള്‍ക്കായി. 1920 ജൂണില്‍ ആദ്യത്തെ പൊതു പ്രക്ഷേപണം നടന്നു. എസെക്‌സിലെ ചെംസ്‌ഫോര്‍ഡില്‍ മാര്‍ക്കോണി വര്‍ക്‌സില്‍ നിന്നും വിശ്വപ്രസ്ത ഗായികയായിരുന്ന ഡെയിം നെല്ലി മെല്‍ബയുടെ പാട്ട് പ്രക്ഷേപണം ചെയ്യപ്പെടുകയും ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ തടിച്ചു കൂടിയിരുന്നവര്‍ ആ പാട്ടു കേള്‍ക്കുകയും ചെയ്തു. 1922 നവംബറില്‍ ലോകത്തിലാദ്യത്തെ പ്രക്ഷേപണ നിലയം ലണ്ടനില്‍ ആരംഭിച്ചു.
ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തില്‍ വളരെ കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. മാര്‍ക്കോണിയെ റേഡിയോയുടെ പിതാവ് എന്നു വിശേഷിപ്പിക്കുമ്പോഴും കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റന്റ് ഇപ്പോള്‍ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെര്‍ബിയന്‍-അമേരിക്കന്‍ ശാസ്ത്രകാരന്റെ പേരിലാണ്. 1895ല്‍ 80 കിലോമീറ്റര്‍ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി തീപ്പിടുത്തത്തെ തുടര്‍ന്നു മുടങ്ങുകയുണ്ടായി. തൊട്ടടുത്ത വര്‍ഷം ആറ് കിലോമീറ്റര്‍ ദൂരെ സന്ദേശം അയയ്ക്കാന്‍ മാര്‍ക്കോണിയ്ക്ക് കഴിയുകയും ലോകത്തിലെ ഈ കണ്ടുപിടിത്തത്തില്‍ നല്‍കപ്പെടുന്ന ആദ്യത്തെ പേറ്റന്റ് ഇംഗ്ലണ്ടില്‍ മാര്‍ക്കോണിയ്ക്ക് നല്‍കപ്പെടുകയും ചെയ്തു. എന്നാല്‍ അമേരിക്കയില്‍ മാര്‍ക്കോണി പേറ്റന്റിന് നല്‍കിയ അപേക്ഷ നിരസിക്കപ്പെട്ടു. പിന്നീട് അദ്ദേഹം അത് നേടിയെടുത്തു. ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് ഉള്‍പ്പെടെ മറ്റ് പല പ്രമുഖ ശാസ്ത്രജ്ഞരും റേഡിയോ കണ്ടുപിടിത്തത്തിന്റെ നാള്‍വഴിയില്‍ മുഖ്യസംഭാവനകള്‍ നല്‍കിയിട്ടുണ്ട്.
1920കളുടെ ആരംഭത്തോടെ പല രാജ്യങ്ങളിലും പ്രേക്ഷേപണം ആരംഭിച്ചു. ആദ്യകാലത്ത് വന്‍പ്രചാരത്തിലുണ്ടായിരുന്നത് ക്രിസ്റ്റല്‍ റേഡിയോ ആയിരുന്നു. അത് പ്രവര്‍ത്തിക്കാന്‍ വൈദ്യുതിയോ ബാറ്ററിയോ വേണ്ടിയിരുന്നില്ല. പിന്നീടാണ് ട്രാന്‍സിസ്റ്റര്‍ റേഡിയോകള്‍ വന്നത്. വ്യക്തികള്‍ക്ക് സ്വന്തമായി റേഡിയോ പ്രക്ഷേപണം നടത്താനുളള അമെച്വര്‍ റേഡിയോ പിന്നീട് വന്നു. 1923 ലാണ് ഇന്ത്യയില്‍ ആദ്യമായി റേഡിയോ ശബ്ദിച്ചു തുടങ്ങിയത്. അന്നേ വരെ ഇന്ത്യന്‍ ജനതയ്ക്ക് പരിചിതമല്ലാതിരുന്ന ശ്രവ്യമാധ്യമത്തിന്റെ പുതിയ അനുഭവം ആളുകളിലേക്ക് എത്തിച്ചത് റേഡിയോ ക്ലബ് ഓഫ് ബോംബെ എന്നൊരു കൂട്ടായ്മയാണ്. പിന്നീട് 1927 ജൂലായ് 23ന് ഇത് പുനര്‍നാമകരണം ചെയ്ത് ഓള്‍ ഇന്ത്യ റേഡിയോ ആയി മാറി. 1957 ല്‍ ഔദ്യോഗിക പേര് ആകാശവാണി എന്നാക്കി. മൈസൂര്‍ നാട്ടുരാജ്യത്തിലെ സംപ്രേഷണ വകുപ്പിന്റെ സംഭാവനയാണ് ആകാശവാണി എന്ന പേര്. രവീന്ദ്രനാഥ ടാഗോറാണ് ആകാശവാണി എന്ന പേര് നിര്‍ദേശിച്ചത്. 1977ല്‍ മദ്രാസില്‍ നിന്ന് ഇന്ത്യയിലെ ആദ്യത്തെ എഫ്.എം സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. ആകാശവാണിക്ക് മാത്രം 414 പ്രക്ഷേപണ നിലയങ്ങളുണ്ട്. 24 ഭാഷകളിലും 146 ഭാഷാഭേദങ്ങളിലുമായി പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ റേഡിയോ ശൃംഖലകളില്‍ ഒന്നാണ് ഓള്‍ ഇന്ത്യാ റേഡിയോ.