രാജാക്കന്മാരുടെ നായാട്ടു സ്ഥലം ലോകത്തെ ഏറ്റവും മികച്ച ദേശീയോദ്യാനമായി മാറിയ കഥയാണ് രാജസ്ഥാനിലെ രത്തംഭോറിനു പറയാനുള്ളത്. ജയ്പൂരിലെ മഹാരാജാക്കന്മാരുടെ വേട്ടനിലമായിരുന്ന രത്തംഭോര്‍ 1955 ല്‍ സാവോയ് മധോപൂര്‍ ഗെയിം സാങ്ച്വറിയായി ഉയര്‍ത്തപ്പെട്ടതു മുതലാണ് തലവരമാറുന്നത്. 1973ല്‍ പ്രോജക്ട് ടൈഗര്‍ റിസര്‍വുകളിലൊന്നായി പ്രഖ്യാപിക്കപ്പെട്ടതോടെ ദേശീയതലത്തില്‍ ഇവിടം പ്രസിദ്ധമായി. 1980 ലാണ് രത്തംഭോര്‍ ദേശീയോദ്യാനമായി ഉയര്‍ത്തപ്പെടുന്നത്. 1984 ല്‍ തൊട്ടടുത്തുള്ള വനങ്ങളെ സവായ് മാന്‍സിംഗ് സങ്കേതമായും കേളദേവി സങ്കേതമായും പ്രഖ്യാപിച്ചു. 1992ല്‍ കടുവ സംരക്ഷണ കേന്ദ്രം വടക്ക് കേളദേവി സങ്കേതവും തെക്ക് സവായ് മാന്‍സിംഗ് സങ്കേതവും മറ്റ് വനങ്ങളും ഉള്‍പ്പെടുത്തി വിപുലീകരിച്ചതോടെ ഇന്ന് കാണുന്ന ദേശീയോദ്യാനം പൂര്‍ണ സജ്ജമായി. കാട്ടിലൂടെയുള്ള സഫാരിയും കാടനുഭവങ്ങളും ബംഗാള്‍ കടുവകളും അതിമനോഹരമായ ഭൂപ്രകൃതിയും എല്ലാം ചേരുമ്പോള്‍ രത്തംഭോര്‍ അവിസ്മരണീയമായ അനുഭവമാണ് സമ്മാനിക്കുന്നത്.
ആദ്യ കാലത്ത് രണസ്തംഭ (രണസ്തംഭപുര) എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ ചൗഹാന്‍ രാജവംശത്തിലെ പൃഥിരാജ് ഒന്നാമന്റെ ഭരണകാലത്ത് ജൈനമതവുമായി ബന്ധപ്പെട്ടതായിരുന്നു ഈ കോട്ട. അക്കാലത്ത് ജീവിച്ചിരുന്ന ജൈനമത പണ്ഡിതന്‍ ഈ സ്ഥലം ജൈനന്‍മാരുട വിശുദ്ധ തീര്‍ത്ഥ പട്ടികയില്‍ ഉള്‍പ്പെടുത്തി. മുഗള്‍ കാലഘട്ടത്തില്‍ കോട്ടക്കുള്ളില്‍ മല്ലിനാഥ ക്ഷേത്രം നിര്‍മ്മിച്ചു. 944ല്‍ നാഗില്‍ ജാട്ടുകളാണ് രത്തംഭോര്‍ കോട്ട നിര്‍മ്മിച്ചത്. 700 അടി ചുറ്റളവില്‍ പരന്ന പ്രതലത്തില്‍ തന്ത്രപരമായ സ്ഥാനത്താണ് നാഗിലുകള്‍ കോട്ട നിര്‍മ്മിച്ചത്. രാജ സജ്രാജ് വീര്‍ സിങ് നാഗില്‍ ആയിരുന്നു കോട്ടയുടെ ആദ്യ ഭരണാധികാരി. തന്റെ രാജ്യം സംരക്ഷിക്കുന്നതിനായി 20,000 ലധികം ഭടന്‍മാരും 10,000 കുതിരയും ഉള്‍പ്പെട്ട സൈന്യവും ഇദ്ദേഹത്തിനുണ്ടായിരുന്നു. കോട്ടയുടെയും തന്റെ സാമ്രാജ്യത്തിന്റേയും പ്രതിരോധത്തിനായി ഈ പ്രദേശത്ത് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അദ്ദേഹം ഒരുക്കിയിരുന്നു. ബി.സി മൂന്നാം നൂറ്റാണ്ടില്‍ മൗര്യ രാജാവായിരുന്ന അശോകന്റെ ഭരണ കാലയളവില്‍ ഇവിടെ ബുദ്ധന്റെ ഭര്‍ഹൂത് സതൂപം സ്ഥാപിച്ചു. അശോകന്റെ കാലയളവില്‍ നാഗില്‍ ഗോത്രങ്ങള്‍ ബുദ്ധമതം സ്വീകരിച്ചു. 1192ല്‍ മുഹമ്മദ് ഗോറിയെ പൃഥ്വിരാജ് ചൗഹാന്‍ പരാജയപ്പെടുത്തിയതോടെ അദ്ദേഹത്തിന്റെ മകനായ ഗോവിന്ദ രാജയുടെ അധീനതയിലായി ഈ പ്രദേശം. ഡല്‍ഹി സുല്‍ത്താനായിരുന്ന ഇല്‍ത്തുമിഷ് 1226ല്‍ രത്തംഭോര്‍ പിടിച്ചടക്കിയെങ്കിലും പിന്നീട് ചൗഹാന്‍ രാജവംശം കോട്ട തിരിച്ചുപിടിച്ചു.
അതിസമ്പന്നമായ ആവാസ വ്യവസ്ഥയും ജൈവവൈവിധ്യവും നിറഞ്ഞ രത്തംഭോര്‍ ദേശീയോദ്യാനം മധോപൂര്‍ ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്. റോയല്‍ ബംഗാള്‍ കടുവകളുടെ കാഴ്ചകള്‍ മുതല്‍ റാണി പത്മാവതി സതി നടത്തിയ സ്ഥലം വരെയുള്ള വ്യത്യസ്തങ്ങളായ കാഴ്ചകളാണ് ഇവിടെയുള്ളത്. വുമാണ് ഇവിടെയുള്ളത്. 40 ഇനം സസ്തനികള്‍, 320 ഇനം പക്ഷികള്‍, 40 ഇനം ഉരഗങ്ങള്‍, 50 ഇനം ചിത്രശലഭങ്ങള്‍, 300 ഇനം സസ്യങ്ങള്‍ എന്നിവയാണ് ദേശീയോദ്യാനത്തിലുള്ളത്. ബംഗാള്‍ റോയര്‍ കടുവയുടെ പേരിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്. ഒപ്പം ഹന്മാന്‍ ലംഗൂര്‍, സംഭാര്‍, ചിങ്കാര, പെരുമ്പാമ്പ്, മൂര്‍ഖന്‍, മുതല, സ്ലോത്ത് കരടി തുടങ്ങിയ ജീവികളെയും കാണാം. രത്തംഭോറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്ന് ഇവിടുത്തെ ജിപ്‌സി സഫാരിയാണ്. കാടിനുള്ളിലൂടെ ജിപ്‌സിയില്‍ വന്യമൃഗങ്ങളെ തേടിയുള്ള യാത്രയാണത്.
ദേശീയോദ്യാനത്തിനകത്താണ് രത്തംഭോര്‍ കോട്ട സ്ഥിതി ചെയ്യുന്നത്. യുസ്‌കോയുടെ പൈതൃക സ്മാരകങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന കോട്ട പത്താം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെട്ടതെന്നാണ് കരുതുന്നത്. കാടിന്റെ മൊത്തത്തിലുള്ള ഒരു കാഴ്ച ഇവിടെ നിന്നും കാണുവാന്‍ സാധിക്കും. 700 അടി ചുറ്റളവില്‍ നിര്‍മ്മിച്ചിരിക്കുന്ന കോട്ട പലരാജവംശങ്ങളുടെയും കൈകളിലൂടെ കടന്നു പോയിട്ടുണ്ട്. ദേശീയോദ്യാനത്തിനുള്ളിലെ അതിമനോഹരങ്ങളായ തടാകങ്ങളില്‍ ഒന്നാണ് മാലിക് തലാവ്. നിരവധി ദേശാടന പക്ഷികളുടെ സങ്കേതമായ പടാം തലാവ് സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്. ഇതിനോട് ചേര്‍ന്നാണ് ജോഗി മഹലും സ്ഥിതി ചെയ്യുന്നത്. തടാകത്തിന്റെ പൗരാണികതയ്ക്ക് മുതല്‍ക്കൂട്ട് തന്നെയാണ് ഈ കൊട്ടാരം. വേട്ടയാടുന്ന സമയത്തെ വിശ്രമത്തിനും താമസത്തിനും ഒക്കെയായാണ് അക്കാലത്ത് ജോഗി മഹല്‍ നിര്‍മ്മിച്ചത്. ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തായി സ്ഥിതിചെയ്യുന്നതിനാല്‍ വരണ്ട ഉപ ഉഷ്ണമേഖലാ കാലാവസ്ഥയാണ് ഇവിടുത്തേത്. വേനല്‍ക്കാലത്ത് 45 ഡിഗ്രി കവിയുന്നതിനൊപ്പം ശൈത്യകാലത്ത് രണ്ട് ഡിഗ്രി വരെ താഴുകയും ചെയ്യും.