” നമ്മളെല്ലാം തിരുത്തിക്കുറിക്കും, ഇപ്പോഴല്ലെങ്കില്‍ പിന്നെയൊരിക്കലുമില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ നമ്മള്‍ വിജയിക്കും. സത്യസന്ധവും സുതാര്യവും അഴിമതിരഹിതവുമായ ഭരണം കാഴ്ചവയ്ക്കും മതേതരവും ആത്മീയത നിറഞ്ഞതുമായ രാഷ്ട്രീയമായിരിക്കും അത് ” വര്‍ഷങ്ങള്‍ നീണ്ട ആകാംക്ഷയ്ക്ക് വിരാമമിട്ട് പഞ്ച് ഡയലോഗിലൂടെയാണ് സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് തന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നു അറിയിച്ച രജനി പക്ഷേ ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നു വ്യക്തമാക്കിയത്. പാര്‍ട്ടി പ്രഖ്യാപിക്കാതെ തന്നെ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറയുന്നു. രണ്ട് വര്‍ഷം മുമ്പ് രജനി മക്കള്‍ മന്‍ട്രം രൂപീകരിച്ചതോടെയാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന ശുത്രി പരന്നത്. ആധ്യാത്മികതയുടെ രാഷ്ട്രീയമായിരിക്കും തന്റേതെന്ന് വ്യക്തമാക്കിയ രജനി ബി.ജെ.പിയോടു കൈകോര്‍ക്കുമെന്ന സൂചനകളും പുറത്തുവന്നിരുന്നു. 2016ല്‍ യു.എസില്‍ വച്ച് വൃക്ക മാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായതിനാല്‍ കോവിഡ് 19 മഹാമാരിയുടെ സമയം പൊതുപ്രവര്‍ത്തനത്തിന് ഇറങ്ങുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിരുന്നു. ഇതു തള്ളിയാണ് അദ്ദേഹം പാര്‍ട്ടി പ്രഖ്യാപന നടപടികളുമായി മുന്നോട്ടുപോയത്. ഇതിനിടെ രക്തസമ്മര്‍ദ്ദത്തിലെ വ്യതിയാനത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. സമ്മര്‍ദവും ആത്മവിശ്വാസക്കുറവും രജനിയെ വ്യാകുലപ്പെടുത്തുന്നതെന്ന നിരീക്ഷകരുടെ വിലയിരുത്തല്‍ ഏറെക്കുറെ ശരിവയ്ക്കുന്നതാണ് ഈ പിന്‍മാറ്റം. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ പലതവണ പാര്‍ട്ടി പ്രഖ്യാപനം രജനി മാറ്റിവച്ചിരുന്നു. വെള്ളിത്തിരയിലെ വര്‍ണ്ണപ്പട്ടമായിരുക്കുമ്പോഴും എം.ജി.ആര്‍, കരുണാനിധി, ജയലളിത, കമല്‍ഹാസന്‍ തുടങ്ങിയവരെ പോലെ ഉറച്ച നിലപാട് എടുക്കാന്‍ നാല്‍പ്പത്തിനാല് വര്‍ഷം തമിഴകത്ത് ജീവിച്ച രജനിയ്ക്ക് സാധിക്കുന്നില്ല എന്നത് അദ്ദേഹത്തിനിലെ ഇരുത്തമില്ലാത്ത രാഷ്ട്രീയക്കാരനെ സൂചിപ്പിക്കുന്നു. രണ്ടരപതിറ്റാണ്ടിലധികമായി രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ തുടങ്ങിയിട്ട്. പാര്‍ട്ടി പ്രഖ്യാപനത്തിന്റെ പടിവാതില്‍ക്കല്‍ എത്തി പിന്‍മാറുകയാണ് പതിവ്. ഇത്തവണയും അതു തെറ്റിച്ചില്ല. സമ്മര്‍ദ്ദവും രാഷ്ട്രീയ നിലപാടുകളിലെ വ്യക്തതയില്ലായ്മയുമാണ് രജനിയെ പിന്നോട്ട് വലിക്കുന്നത്. രജനി രാഷ്ട്രീയ ചായ്‌വുകള്‍ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം ജനവിധി മറിച്ചായിരുന്നുവെന്നതും ശ്രദ്ധേയമാണ്.

തമിഴ് രാഷ്ട്രീയത്തിന് സിനിമയുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഒരു സസ്‌പെന്‍സ് ചലച്ചിത്രത്തിന്റെ എല്ലാം ആസ്വാദന മുകുളങ്ങളും ദ്രാവിഡ മണ്ണിലെ രാഷ്ട്രീയത്തില്‍ കാണാന്‍ സാധിക്കും. സ്വാതന്ത്ര്യാനന്തരം ഇരുപത് വര്‍ഷം തമിഴകം ഭരിച്ച കോണ്‍ഗ്രസില്‍ നിന്ന് ചെങ്കോലും കിരീടവും ദ്രാവിഡ മക്കള്‍ പിടിച്ചെടുത്തതും സിനിമയുടെ കരുത്തില്‍ തന്നെയായിരുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി ഒരു പ്രാദേശിക രാഷ്ട്രീയകക്ഷി സംസ്ഥാനത്ത് അധികാരത്തില്‍ വന്നത് സിനിമയുടെ പിന്‍ബലത്തില്‍ 1967ല്‍ ഡി.എം.കെ (ദ്രാവിഡ മുന്നേറ്റ കഴകം) ആയിരുന്നു. ദ്രാവിഡ പ്രസ്ഥാനങ്ങള്‍ തമിഴ്‌നാട്ടില്‍ വേരുറപ്പിച്ചത് ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങളിലൂടെയാണ്. സര്‍വമേഖലയിലും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള നയങ്ങളുടെ തിരിച്ചടിയാണ് ഇന്നും തമിഴകത്തെ കോണ്‍ഗ്രസിന്റെ ബലക്ഷയം പോലും. 1965ല്‍ കേന്ദ്രത്തിലും തമിഴ്‌നാട്ടിലും അധികാരത്തില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഹിന്ദി വിരുദ്ധ സമരങ്ങളെ അടിച്ചമര്‍ത്തി. ഡി.എം.കെയുടെ നേതൃത്വത്തില്‍ നടന്ന അന്നത്തെ പ്രക്ഷോഭത്തില്‍ എഴുപതോളം പേര്‍ മരിച്ചു. ഹിന്ദിയേക്കാള്‍ വലുത് തമിഴ്ഭാഷയാണെന്ന നിലപാടില്‍ ജനങ്ങള്‍ ഉറച്ച് നിന്നു. എം.ജി.ആറും കലൈഞ്ജര്‍ കരുണാനിധിയും ഉള്‍പ്പടെയുള്ള ദ്രാവിഡ നേതാക്കള്‍ മുഖ്യധാരയിലേക്ക് എത്തുന്നതും ഈ പ്രക്ഷോഭങ്ങളിലൂടെ തന്നെ. പെരിയോര്‍ ഇ.വി.രാമസ്വാമിയുടെ നേതൃത്വത്തില്‍ ഉയര്‍ത്തിപ്പിടിച്ച തമിഴ്ഭാഷാ വികാരം ഒറ്റക്കെട്ടായി ഇന്നും നിലനില്‍ക്കുന്നു.
തമിഴിലെ താരധിപത്യ വെള്ളിത്തിര രാഷ്ട്രീയത്തിന്റെ മികച്ചൊരു ഏടായിരുന്നു മണിരത്‌നം സംവിധാനം ചെയ്ത ഇരുവര്‍ എന്ന ചലച്ചിത്രം. കരുണാനിധിയും എം.ജി രാമചന്ദ്രനും ജയലളിതയും ശിവാജി ഗണേശനുമൊക്കെ രാഷ്ട്രീയത്തില്‍ പലതലത്തില്‍ പാടവം സൃഷ്ടിച്ച വെള്ളിത്തിരയിലെ നക്ഷത്രങ്ങളായിരുന്നു. ഇവരുടെ ചുവടു പിടിച്ച് വിജയകാന്ത്, ശരത്കുമാര്‍, കാര്‍ത്തിക്, ടി.രാജേന്ദ്രന്‍ തുടങ്ങി നിരവധി താരങ്ങള്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും ശോഭിക്കാന്‍ സാധിച്ചില്ല. അഞ്ച് തവണ മുഖ്യമന്ത്രിയായ കരുണാനിധി നിരീശ്വരവാദിയും യുക്തിവാദിയുമായിരിക്കുമ്പോള്‍, എം.ജി.ആറിലൂടെ വ്യക്ത്യാധിഷ്ഠിതവും ഈശ്വര വിശ്വാസത്തിലധിഷ്ഠിതവുമായ രാഷ്ട്രീയത്തെയും തമിഴ് ജനത താലോലിച്ചു. ഇതിന്റെ ഓരത്തു നിന്നാണ് ജയലളിതയോടുള്ള താരാരാധനയിലൂടെ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകള്‍ തമിഴകം കണ്ടതും അനുഭവിച്ചതും. ഇവിടേക്കാണ് ആത്മീയരാഷ്ട്രീയവുമായി തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് കടന്നു വരാന്‍ പദ്ധതിയിട്ടത്. ഏറെ നാളായി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ആകാംഷഭരിതമായ ചോദ്യത്തിന് 2020ല്‍ ഉത്തരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയത്. കരുണാനിധിയുടെയും ജയലളിതയുടെയും വിയോഗത്തിലൂടെ രാഷ്ട്രീയത്തിലെ താര സാന്നിദ്ധ്യത്തിന്റെ കസേര ഒഴിഞ്ഞു കിടക്കുകയാണ്. ഇതാണ് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസതാരങ്ങളായ രജനികാന്തും കമലഹാസനും ലക്ഷ്യം വയ്ക്കുന്നത്. ജാതി-മത മതിലുകളില്ലാത്ത ആത്മീയസ്വഭാവമുള്ള സംവിധാനമാണ് നാം സൃഷ്ടിക്കേണ്ടത്. ആത്മീയ രാഷ്ട്രീയമെന്ന് ഞാന്‍ അര്‍ത്ഥമാക്കിയത് അന്തസുള്ളതും വശ്വസനീയവുമായത് എന്നണെന്നു പറയുമ്പോഴും കൃത്യമായ രാഷ്ട്രീയ നിലപാടിലേക്ക് എത്തുന്നില്ല.

സ്വാഗതം ചെയ്തത് ബി.ജെ.പി മാത്രം
അരനൂറ്റാണ്ടിലധികമായി ദ്രവിഡിയന്‍ രാഷ്ട്രീയത്തിലൂന്നിയുള്ള ഭരണത്തിന്റെ മാത്രം രുചിയറിഞ്ഞ തമിഴ്‌നാടിനെ ആത്മീയ രാഷ്ട്രീയത്തിന്റെ പുതിയൊരു വഴിയിലേക്ക് നയിക്കാനാണ് രജനി ഉദ്യേശിച്ചത്. അധര്‍മം കളിയാടുമ്പോള്‍ സ്വാര്‍ഥതയുടെ പേരില്‍ ഉത്തരവാദിത്തം മറന്ന് മാറിനില്‍ക്കരുതെന്ന ഭഗവത്ഗീതയിലെ ശ്രീകൃഷ്ണ വരികള്‍ ഉദ്ധരിച്ചുകൊണ്ട് മൃദു ഹിന്ദുത്വത്തിന്റെ മേമ്പൊടി ഉപയോഗിച്ചാണ് രജനി കളമൊരുക്കിയത്. ബി.ജെ.പി മാത്രമാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്്തത്. തമിഴ് ജനതയ്ക്കായി ജീവിതം ത്യജിക്കാന്‍ എനിക്ക് യാതൊരു മടിയുമില്ല. തമിഴ്‌നാട്ടില്‍ ഭരണ, രാഷ്ട്രീയ വ്യതിയാനം ഉണ്ടാവണമെന്ന അനിവാര്യത നമ്മുടെ കാലത്തിന്റെ ആവശ്യമാണെന്നായിരുന്നു രജനിയുടെ അഭിപ്രായം.
രജനിയെ എങ്ങനെയും രാഷ്ട്രീയത്തിലിറക്കാന്‍ ബി.ജെ.പിയും നീക്കത്തിന് തടയിടാന്‍ അണ്ണാ ഡി.എം.കെയും ശ്രമിച്ചിരുന്നു. രജനിയുടെ ആത്മീയ രാഷ്ട്രീയം സംഘപരിവാറിന്റെ ഹിന്ദുരാഷ്ട്രീയമാണെന്ന് ഇതിനകം ആരോപണമുയര്‍ന്നു കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനം ബി.ജെ.പിയെ സഹായിക്കാനാണെന്ന് വിലയിരുത്തലുകള്‍ പലകോണുകളില്‍ നിന്നുമുണ്ടായി. ദക്ഷിണേന്ത്യയില്‍ വേരുറപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്ന സംഘപരിവാറിനും ബി.ജെ.പിയ്ക്കും വെള്ളിത്തിരയിലെ ഒരു ജനകീയ മുഖം അനിവാര്യമായിരുന്നു. അതിനു അവര്‍ കണ്ടെത്തിയത് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഇറങ്ങും ഇറങ്ങില്ല എന്ന നിലപാടുമായി നില്‍ക്കുന്ന സ്റ്റൈല്‍ മന്നനെയും. വെട്രിവേല്‍ യാത്രയുമായി തമിഴ്‌നാട്ടിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് നടത്തിയ ചരടുവലികളെത്തുടര്‍ന്നാണ് രജനീകാന്ത് സമ്മര്‍ദ്ദത്തിലായതെന്ന് വിവരമുണ്ട്. പക്ഷേ അമിത്ഷായുമായി കൂടികാഴ്ച നടത്താന്‍ രജനി തയ്യാറായില്ല. ഭരണഘടന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്, പൗരത്വ ഭേദഗതി നിയമം തുടങ്ങിയ വിഷയങ്ങളില്‍ ബി.ജെ.പി അനുകൂല നിലപാട് എടുത്ത രജനി നരേന്ദ്ര മോഡി-അമിത് ഷാ കൂട്ടുകെട്ടിനെ വിശേഷിപ്പിച്ചത് മഹാഭാരതത്തിലെ ശ്രീകൃഷ്ണനും അര്‍ജുനനും ആയിട്ടാണ്. ബി.ജെ.പി പാളയത്തില്‍ നിന്നുകൊണ്ട് ആത്മീയ രാഷ്ട്രീയത്തിന് ശ്രമിച്ചാല്‍ ആരാധകര്‍ക്കിടയിലും സമൂഹത്തിലും ലഭിക്കുന്ന സ്വീകാര്യതയില്‍ രജനിയ്ക്ക് സംശയമുണ്ട് എ്ന്നു കൂടി പിന്‍മാറ്റത്തോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. തമിഴ്‌നാട്ടിലെ ജാതി-സാമുദായിക രാഷ്ട്രീയത്തില്‍ വര്‍ഗീയതയ്ക്ക് സ്ഥാനമില്ലെന്നത് വസ്തുതയാണ്. അഴിമതിയാണ് ജനങ്ങളെ പൊറുതി മുട്ടിക്കുന്ന കാര്യം. എന്നാല്‍ അഴിമതി തുടച്ചുനീക്കാനെന്ന പേരില്‍ വര്‍ഗീയ കാര്‍ഡുമായി വരുന്നവരെ തിരിച്ചറിയാനും തമിഴ്മക്കള്‍ക്ക് സാധിക്കുമെന്ന ചിന്തയും രജനിയുടെ രാഷ്ട്രീയ പിന്‍മാറ്റത്തിന് കാരണമായിട്ടുണ്ടാം. എ.ഐ.ഡി.എം.കെയ്ക്ക് പിന്നില്‍ നിഴല്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ ബി.ജെ.പി എന്ന ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടി. അവര്‍ക്ക് മുന്നോട്ട് വരണമെങ്കില്‍ രജനികാന്തിനെ പോലെയൊരാളെ ആവശ്യവുമായിരുന്നു. ഇതിനുള്ള കളമാണ് കൊവിഡ് 19 മഹാമാരിയ്ക്കിടെ അവര്‍ ഒരുക്കിയതും. അതിനാണ് താല്‍ക്കാലികമാണെങ്കിലും തിരിച്ചടി ലഭിച്ചിരിക്കുന്നത്.

നിലപാട് മാറ്റം പുതുമയല്ല
രാഷ്ട്രീയനിലപാടുകള്‍ ഉണ്ടെങ്കിലും ഒന്നിലും അടിയുറച്ച് നില്‍ക്കാന്‍ സ്‌റ്റൈല്‍ മന്നന്‍ തയ്യാറായിരുന്നില്ലെന്നതാണ് ചരിത്രം. 1995 ല്‍ പി.വി നരസിംഹറാവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം രജനികാന്ത് കോണ്‍ഗ്രസിന് അനുകൂലമായി നിലപാടെടുത്തു. എന്നാല്‍ അണ്ണാ ഡി.എം.കെയുമായി കൈപിടിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ തൊട്ടടുത്ത വര്‍ഷം നിലപാട് മാറ്റി. ഡി.എം.കെയ്ക്ക് പിന്തുണ നല്‍കി. 1998 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും ഡി.എം.കെ-ടി.എം.സി സഖ്യത്തെ രജനി പിന്തുണച്ചെങ്കിലും അണ്ണാ ഡി.എം.കെ ബി.ജെ.പി സഖ്യത്തിനായിരുന്നു വിജയം. രണ്ടായിരത്തിന് ശേഷം പൊതുവിഷയങ്ങളില്‍ ഇടപെട്ട് രജനീകാന്ത് ജനങ്ങളിലേക്കിറങ്ങി. 2002ലെ കാവേരി നദീതര്‍ക്കമായിരുന്നു ആദ്യ വിഷയം. കര്‍ണാടകത്തിനെതിരെ നിരാഹാരം കിടന്നു. 2004ലെ പൊതു തിരഞ്ഞെടുപ്പില്‍ രജനിയുടെ പിന്തുണ അണ്ണാ ഡി.എം.കെ- ബി.ജെ.പി സഖ്യത്തിനായിരുന്നു. പക്ഷേ തമിഴ്‌നാടിന്റെ വിധിയെഴുത്ത് മറിച്ചായിരുന്നു. ജയലളിതക്കെതിരെ 1996ല്‍ അഴിമതിക്കും അഹങ്കാരത്തിനുമെതിരെ താനുണ്ടെന്നു പ്രഖ്യാപനവും നടത്തിയിട്ടുണ്ട്. ആദ്യകാലങ്ങളില്‍ കരുണാനിധി ഉള്ളിടത്തോളം താന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന് അദ്ദേഹം തന്ത്രപൂര്‍വമായ പ്രഖ്യാപനം നടത്തി ഒഴിഞ്ഞുമാറിയിരുന്നു. നടന്മാരായ വിജയകാന്തും മറ്റും രാഷ്ട്രീയത്തിലൊരു കൈ നോക്കാന്‍ തുനിഞ്ഞ് പരാജയപ്പെട്ട് പിന്മാറേണ്ടിവന്നത് രജനിയുടെയും മനസിലുണ്ടാകണം. സമീപകാലത്ത് മോഡിയെ പുകഴ്ത്തിയും അമിത്ഷായെ പ്രകീര്‍ത്തിച്ചും രജനി പൊതുവേദിയില്‍ നിലപാടെടുത്തോടെ ബി.ജെ.പിയില്‍ പാളയത്തില്‍ രജനി എത്തുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി. എന്നാല്‍ കാല പോലുള്ള ദ്രാവിഡ രാഷ്ട്രീയ സിനിമകളിലൂടെ രജനി തമിഴകത്ത് ചര്‍ച്ചകള്‍ക്കു വഴിത്തെളിച്ചു. രജനിയുടെയും അദ്ദേഹത്തിന്റെ സിനിമയുടെ രാഷ്ട്രീയവും തമ്മില്‍ വലിയ അന്തരമുണ്ട് എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.

മന്നന്റെ തേരോട്ടം ഇവിടെ വരെ
ഡി.എം.കെ, അണ്ണാ ഡി.എം.കെ, ഇടതുപക്ഷ കക്ഷികള്‍, പി.എം.കെ, എം.ഡി.എം.കെ, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി തുടങ്ങി ആവോളം സംഘടനകളും നേതാക്കളും നിറഞ്ഞുനില്‍ക്കുന്ന തമിഴ്നാട്ടില്‍ രജനികാന്തിന് പുതുതായി എന്ത് കര്‍ത്തവ്യമാണ് നിര്‍വഹിക്കാനുള്ളത് ? കൊവിഡാനന്തരം തൊഴിലില്ലായ്മ അടക്കമുള്ള രൂക്ഷമായ പ്രതിസന്ധികള്‍ നിറയാന്‍ സാധ്യതയുള്ള സംസ്ഥാനത്ത് ആത്മീയവാദത്തിന്റെ സ്ഥാനം ? തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. ഇവിടെയാണ് ദ്രാവിഡ രാഷ്ട്രീയം പ്രമേയമായ നിരവധി സിനിമകളിലൂടെ തമിഴ്മക്കളുടെ ഇതിഹാസ താരമായ രജനി സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ വക്താക്കായ ബി.ജെ.പിയുടെ ബി ടീമാകാന്‍ പോകുന്നു എന്ന ആവ്യൂഹം ശക്തമാകുന്നത്. എം.ജി.ആറിന്റെ പിന്തുടര്‍ച്ച അവകാശപ്പെടുന്നതല്ലാതെ വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ രജനി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ജയലളിതയും കരുണാനിധിയും ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് മേയില്‍ തമിഴ്‌നാട് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. ഇവിടെയാണ് രജനികാന്ത് തന്റെ ആത്മീയ രാഷ്ട്രീയം ഉരച്ചു നോക്കാനുള്ള പദ്ധതിയിട്ടത്. ഇതിനുള്ള സര്‍വ സന്നാഹങ്ങളും അണിയറയില്‍ ഒരുക്കുകയും ചെയ്തിരുന്നു. ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയടക്കം രനജിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകളില്‍ സജീവമായി ഉണ്ടായിരുന്നു. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രജനി ബി.ജെ.പിയ്ക്ക് ഒപ്പം കൈകോര്‍ക്കുമെന്ന് ഗുരുമൂര്‍ത്തി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ബി.ജെ.പി-സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ ബുദ്ധിജീവിയായി അറിയപ്പെട്ടിരുന്ന ആര്‍ അര്‍ജുനമൂര്‍ത്തിയെയും ഗാന്ധിയ മക്കള്‍ ഇയക്കം സംഘടനയുടെ പ്രസിഡന്റും പ്രഭാഷകനുമായ തമിഴരുവി മണിയനെയും രജനികാന്ത് നേതൃപദവിയില്‍ നിയമിച്ചതും ശ്രദ്ധേയമാണ്. ബി.ജെ.പി തമിഴ്‌നാട് ബൗദ്ധിക വിഭാഗം ഘടകം പ്രസിഡന്റായിരുന്ന അര്‍ജുന മൂര്‍ത്തി തല്‍സ്ഥാനം രാജിവച്ചാണ് രജനിയ്‌ക്കൊപ്പം ചേര്‍ന്നത്. ദ്രാവിഡകക്ഷികളെ നിരന്തരം വിമര്‍ശിക്കുന്ന ഇരുവരെയും സംഘടനയുടെ തലപ്പത്ത് പ്രതിഷ്ഠിച്ചതോടെ രജനികാന്തിന്റെ ആത്മീയ രാഷ്ട്രീയ നയം വ്യക്തമാണെന്നാണ് നിരീക്ഷകരുടെ അഭിപ്രായം. ആരാധകരുടെ കൂട്ടായ്മയെ രജനി മക്കള്‍ മണ്‍റമാക്കി മാറ്റി 80ശതമാനം ബൂത്ത് കമ്മിറ്റികള്‍ രൂപവത്കരിച്ചെങ്കിലും ജില്ല, സംസ്ഥാന കമ്മിറ്റികളായിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തന പരിചയമില്ലാത്ത ആരാധകരെ പാര്‍ട്ടി കേഡര്‍മാരാക്കി മാറ്റേണ്ട വലിയ ദൗത്യം തന്നെ രജനിയ്ക്ക് മുന്നിലുണ്ടായിരുന്നു. 234 നിയമസഭ മണ്ഡലങ്ങളിലും മത്സരിക്കാന്‍ ജനസ്വാധീനമുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ പോലും പ്രയാസമാണ്. ഇതെല്ലാം തന്നെ രജനിയുടെ രാഷ്ട്രീയ പ്രവേശനത്തെ പിന്നിലേക്ക് വലിച്ചിട്ടുണ്ട്.

സിനിമാ താരമായാല്‍ മാത്രം പോരാ
2017ല്‍ രജനി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും 234 നിയോജകമണ്ഡലങ്ങളിലേക്ക് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതില്‍ നിന്നും പിന്നോട്ട് പോയി. കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന് കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. രണ്ട് ഡി.എം.കെ.കള്‍ക്കും ബദലായി നടന്‍ വിജയകാന്ത് സ്ഥാപിച്ച ഡി.എം.ഡി.കെ. കേവലം നാലു സീറ്റില്‍ മാത്രമേ മത്സരിക്കുന്നുള്ളൂ. എ.ഐ.എസ്.കെ.എം.കെ (ആള്‍ ഇന്‍ഡ്യ സമത്വ മക്കള്‍ കക്ഷി) പാര്‍ട്ടി സ്ഥാപിച്ച നടന്‍ ശരത്കുമാറിന് നാടാര്‍ സമുദായത്തിന്റെയും എ.ഐ.എല്‍.ഡി.എം.കെ. (ആള്‍ ഇന്‍ഡ്യ ലക്ഷ്യ ദ്രാവിഡ മുന്നേറ്റ കഴകം) രൂപീകരിച്ച ടി.രാജേന്ദ്രന് തേവര്‍ സമുദായത്തിന്റെയും വോട്ടുകളില്‍ മാത്രമേ നോട്ടമുള്ളൂ. രജനിയും കമലും ഒരുമിച്ച് പ്രവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഒറ്റു നോക്കിയിരുന്നത്. ഇരുവരും പലവട്ടം ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

സിനിമാ താരങ്ങളുടെ രംഗപ്രവേശം കൊണ്ട് മാത്രം ഒരു മാറ്റം തമിഴ് ജനത അംഗീകരിക്കില്ലയെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എം.ജി ആറും കരുണാനിധിയും ജയലളിതയുമെല്ലാം സിനിമയുടെ പിന്‍ബലത്തില്‍ മുഖ്യമന്ത്രിമാര്‍ ആയെങ്കിലും അവരുടെ രാഷ്ട്രീയ പാര്‍ട്ടികളിലുള്ള പ്രവൃത്തി പരിചയം രജനിയ്‌ക്കോ കമലിനോ ഇല്ലാ എന്നത് ഒരു വസ്തുതയാണ്. കെട്ടുറപ്പുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് പരാജയങ്ങളേറ്റാലും ക്ഷീണമുണ്ടാവില്ല. എന്നാല്‍ താരമൂല്യം മാത്രം കൈമുതലായ രജനിയെ പോലുള്ളവര്‍ രണ്ട് തിരഞ്ഞെടുപ്പുകളില്‍ പരാജയമടഞ്ഞാല്‍ അവരുടെ രാഷ്ട്രീയത്തിലുള്ള താല്‍പ്പര്യം കുറയാന്‍ സാധ്യതയുണ്ട്. പ്രാദേശിക വാദമാണ് രജനിക്കെതിരായ മറ്റൊരു ഘടകം. കര്‍ണാടകയില്‍ ജനിച്ചെങ്കിലും താന്‍ പച്ചത്തമിഴനാണെന്നാണ് രജനി പറയുന്നത്. മലയാളിയായ എം.ജി.ആറിന്റെയും മൈസൂരുകാരിയായ ജയലളിതയുടെയും കാര്യത്തിലും ഉണ്ടായ വിവാദമാണെങ്കിലും അതിലൊക്കെ അപ്പുറമാണ് തമിഴര്‍ക്ക് സിനിമാക്കാരോടുള്ള അടിമത്ത മനോഭാവം എന്ന് കാലം തെളിയിച്ചു കഴിഞ്ഞതാണ്. സ്വന്തമായുള്ള ആരാധക വൃന്ദമാണ് രജനിയ്ക്ക് കേഡര്‍ പടയായുള്ളത്. അവരില്‍ എത്രപേര്‍ക്ക് മിനിമം രാഷ്ട്രീയ പരിചയം ഉണ്ടെന്നതു സംശയമാണ്. ജാതി, സമുദായം, ഭാഷ എന്നിവയൊക്കെ ആഴത്തില്‍ വേരോടിയ തമിഴ് രാഷ്ട്രീയത്തിന്റെ സ്പന്ദനം കൃത്യമായി മനസിലാക്കാന്‍ സാധിച്ചാല്‍ മാത്രമേ വെള്ളിത്തിരയിലെ തേരോട്ടം രജനിയ്ക്ക് ആവര്‍ത്തിക്കാന്‍ സാധിക്കൂ. ബി.ജെ.പിയുടെ തണലില്‍ തലചായ്ക്കാണ് ശ്രമിക്കുന്നതെങ്കില്‍ രജനികാന്ത് ഒരു ചലച്ചിത്ര പ്രതിഭമാത്രമായി അവശേഷിച്ചേക്കും.