
ഉപതിരഞ്ഞെടുപ്പുകളിൽ സഹതാപതരംഗം പുതുമയല്ല. കോൺഗ്രസ് ഉൾപ്പെടെയുള്ള യു ഡി എഫ് പാർട്ടികൾ ആ തരംഗത്തിലൂടെ മാത്രം വിജയിച്ചിട്ടുമുണ്ട്. തൃക്കാക്കരയിലെ ഉമാ തോമസിന്റെ വിജയം സമീപകാല ഉദാഹരണമാണ്. ഇടതുപക്ഷം ജ്വലിച്ചുനിൽക്കുന്ന സമയത്തായിരുന്നു ആ വിജയം. ഭരണത്തിനെതിരെ ഒരു പ്രതിഷേധം പോലുമില്ലാതിരുന്നിട്ടും ആ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമാണ് കോൺഗ്രസ് നടത്തിയത്.
പുതുപ്പള്ളിയിൽ പക്ഷേ ഒരു തരംഗത്തിന്റെ തുടർപ്രകമ്പനങ്ങളെ സൃഷ്ടിക്കുന്നതിൽ നിന്നും കോൺഗ്രസ് പിന്നോട്ട് പോയിരിക്കുന്നു. തരംഗം സ്വാഭാവികമായി സംഭവിച്ചുകൊള്ളുമെന്ന ആത്മവിശ്വാസത്തിനപ്പുറം തിരഞ്ഞെടുപ്പിലെ ഏകോപനമില്ലായ്മ കൂടിയാണ് ഇത് പുറത്തുകാണിക്കുന്നത്. ചർച്ച വികസനത്തിലേക്ക് വഴിമാറ്റിവിടുന്നതിൽ മാർക്സിസ്റ് പാർട്ടിയും സ്ഥാനാർത്ഥിയും വിജയിക്കുകയും ചെയ്തു. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ആദ്യ കടമ്പ കടന്നു എന്നുതന്നെ പറയാം.
തൃക്കാക്കരയിൽ നിന്ന് വ്യത്യസ്തമായി നേതാക്കളെ ഇരച്ചുകയറ്റിയുള്ള പ്രചാരണത്തിനും എൽ ഡി എഫ് മുതിരുന്നില്ല. ഉമ്മൻ ചാണ്ടിയുടെ ഭൂരിപക്ഷം പതിനായിരത്തിൽ താഴെയെത്തിക്കാൻ കഴിവുള്ള ജയ്ക്കിന് ഇക്കുറി വിജയസാധ്യതയു ണ്ടെന്നുതന്നെയാണ് ഇടതു കണക്കുകൂട്ടൽ.