കൊവിഡ് 19 മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികളുടെ കരിനിഴലിലാണ് ബിസിനസ് ലോകം. മുന്നോട്ടുള്ള പ്രയാണത്തിന് നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ടെങ്കിലും കൈവിടാതെയുള്ള ആത്മവിശ്വാസമുണ്ടെങ്കില്‍ ഏതു പ്രതിസന്ധിയെയും മറികടക്കാം. വലിയ സാമ്പത്തിക മാന്ദ്യങ്ങളെയും ലോകമഹാങ്ങളെയുമൊക്കെ അതിജീവിച്ച് പടുത്തുയര്‍ത്തിയതാണ് നാം ഇന്നു കാണുന്ന പല ബിസിനസ് സംരംഭങ്ങളും. ചരിത്രത്തിന്റെ ഏടുകളിലൊന്നു കണ്ണോടിച്ചാല്‍ പ്രതിസന്ധികളെയെല്ലാം ചവിട്ടുപടികളാക്കിയ നിരവധി വ്യക്തിത്വങ്ങളെ കണ്ടുമുട്ടും. അതിലേറ്റലും പരിചയം തോന്നുന്ന മുഖങ്ങളിലൊന്ന് സൊയിച്ചിറോ ഹോണ്ടയുടേതാണ്. ” തൊണ്ണൂറ്റിയൊമ്പത് ശതമാനം പരാജയങ്ങളുടെ ഫലമാണ് ഒരു ശതമാനം വിജയം” ആഗോള വാഹനനിര്‍മ്മാണ ഭീമന്‍മാരായ ഹോണ്ട മോട്ടോഴ്‌സിന്റെ സ്ഥാപകനായ ജപ്പാന്‍കാരന്‍ സൊയിച്ചിറോ ഹോണ്ടയുടെ ജീവിതത്തെ ഒറ്റ വാക്കില്‍ ഇങ്ങനെ വിശേഷിപ്പിക്കാം. ഒരു സുപ്രഭാതത്തില്‍ പെട്ടെന്നൊരാളും വിജയിക്കുന്നില്ല. അതിന് ഒരുപാടു നാളത്തെ കഷ്ടപ്പാടിന്റെ ചരിത്രം പറയാനുണ്ട്. സ്വന്തം പേര് ആഗോള വാഹന വിപണിയിലെ ശ്രദ്ധേയമായ നാമമാക്കുന്നതിനു പിന്നില്‍ സൊയിച്ചിറോ ഹോണ്ടയുടെ ആത്മാര്‍ത്ഥമായ സമര്‍പ്പണത്തിന്റെ കഥയുണ്ട്.
1906ല്‍ ജപ്പാനിലെ ഹമാമത്‌സു എന്ന കൊച്ചുഗ്രാമത്തില്‍ താഴ്ന്ന കുടുംബത്തിലാണ് സൊയിച്ചിറോ ഹോണ്ട ജനിച്ചത്. അച്ഛന്‍ കൊല്ലപ്പണിക്കാരനും സൈക്കിള്‍ മെക്കാനിക്കുമായിരുന്നു. അമ്മ നെയ്ത്തുകാരി. പഠനത്തില്‍ തല്‍പ്പരനല്ലായിരുന്ന ഹോണ്ടയുടെ താത്പര്യങ്ങളെല്ലാം വാഹനങ്ങളോടും യന്ത്രങ്ങളോടുമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭ ദശകത്തില്‍ ഹോണ്ട കണ്ട ഫോര്‍ഡ് കാറാണ് അവനെ സ്വപ്‌നം കാണാന്‍ പഠിപ്പിച്ചത്. വലുതാകുമ്പോള്‍ തനിക്കും അതുപോലെ കാര്‍ നിര്‍മ്മിക്കണമെന്ന് അവന്‍ ആഗ്രഹിച്ചു. ബാല്യത്തില്‍ കാണാനിടയായ കാറുകളും വിമാനങ്ങളുമൊക്കെ ഹോണ്ടയെ വാഹനങ്ങളോട് അടുപ്പിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ഒരു വിധം പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയത്താണ് ടോക്കിയോയില്‍ ഓട്ടോറിപ്പയര്‍ ഷോപ്പില്‍ അവസരമുണ്ടെന്നറിയുന്നത്. അവന്‍ പിന്നീടൊന്നും ആലോചിച്ചില്ല. പതിനഞ്ചാമത്തെ വയസില്‍ ടോക്കിയോയിലേക്ക് വണ്ടികയറി. ഗാരേജില്‍ സഹായിയായി കൂടി. ഗാരേജ് വൃത്തിയാക്കുക, മറ്റു തൊഴിലാളികള്‍ക്ക് ഭക്ഷണമുണ്ടാക്കി കൊടുക്കുക എന്നിവയൊക്കെയായിരുന്നു ജോലി. ഹോണ്ടയുടെ ജോലിയിലെ ആത്മാര്‍ത്ഥത കണ്ട് ഗാരേജ് ഉടമ അവന് പുതിയ റേസിംഗ് കാര്‍ രൂപകല്പന ചെയ്യാനുള്ള അവസരം നല്‍കി.
1923ല്‍ അഞ്ചാമത് ജപ്പാന്‍ മോട്ടോര്‍ കാര്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഹോണ്ട ഡിസൈന്‍ ചെയ്ത കാര്‍ ഒന്നാമത് എത്തി. വെറും പതിനെട്ട് വയസുമാത്രമായിരുന്നു അവന് അന്ന് പ്രായം. ഇതോടെ ആര്‍ട്ട് ഷോകായ് എന്ന ഗാരേജ് ടോക്കിയോയില്‍ അറിയപ്പെടാന്‍ തുടങ്ങി. ജപ്പാനില്‍ നിരവധി ബ്രാഞ്ചുകള്‍ തുറക്കാന്‍ അവര്‍ക്ക് സാധിച്ചു. 120 കിലോമീറ്ററിലധികം വേഗത്തില്‍ കാറോടിച്ച് ഹോണ്ട വിസ്മയമായിട്ടുണ്ട്. ആറ് വര്‍ഷംകൊണ്ട് വാഹനങ്ങളുടെ യന്ത്രങ്ങളെക്കുറിച്ചുള്ള പ്രായോഗിക അറിവ് നേടി. സ്വന്തമായി ഒരു ഗാരേജ് തുടങ്ങണമെന്നായിരുന്നു അവന്റെ മനസുനിറയെ. തിരിച്ച് ഗ്രാമത്തിലെത്തിയ ഹോണ്ട ഒരു വര്‍ക്ക്‌ഷോപ്പ് തുടങ്ങി. കേവലമൊരു വര്‍ക്ക്‌ഷോപ്പില്‍ അവസാനിപ്പിക്കാവുന്നതായിരുന്നില്ല അവന്റെ ആഗ്രഹങ്ങള്‍. താന്‍ രൂപകല്പന ചെയ്ത ഒരു വാഹനം നിര്‍മിക്കുകയായിരുന്നു ലക്ഷ്യം. അക്കാലത്ത് നിലവിലുണ്ടായിരുന്ന എന്‍ജിന്‍ പിസ്റ്റണ്‍റിങ്ങുകളുടെ പോരായ്മ മനസിലാക്കിയ ഹോണ്ട സ്വന്തമായി പിസ്റ്റണുകള്‍ വികസിപ്പിച്ചെടുത്തു. തന്റെ കണ്ടെത്തലുകളുമായി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയെ സമീപിച്ചു. എന്‍ജിനിയറിംഗ് വിദ്യാഭ്യാസമില്ലാത്ത ഹോണ്ടയുടെ കണ്ടെത്തലുകളെ അംഗീകരിക്കാന്‍ ടൊയോട്ട ഒരുക്കമായിരുന്നില്ല. എന്നാല്‍ തോറ്റ് പിന്‍മാറാന്‍ ഹോണ്ടയ്ക്ക് കഴിയുമായിരുന്നില്ല. എന്‍ജിനിയറിംഗ് സംബന്ധമായ നിരവധി പഠനങ്ങള്‍ ഹോണ്ട നടത്തി. നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ പിസ്റ്റണ്‍ റിങ്ങുകള്‍ ടൊയോട്ടയെ കൊണ്ട് അംഗീകരിപ്പിക്കുവാന്‍ ഹോണ്ടയ്ക്ക് കഴിഞ്ഞു. സ്വന്തമായി ഒരു ഫാക്ടറി നിര്‍മ്മിച്ച് പിസ്റ്റണ്‍ റിങ്ങുകള്‍ ഉത്പാദിപ്പിച്ച് വാഹന നിര്‍മ്മാതാക്കള്‍ക്കു നല്‍കി കൊണ്ടിരുന്നു. അതിനിടെ നിര്‍ഭാഗ്യവശാല്‍ ഭൂകമ്പം മൂലം ഹോണ്ടയുടെ ഫാക്ടറി തകര്‍ന്നു തരിപ്പണമായി. ഫാക്ടറിയുടെ അവശിഷ്ടങ്ങള്‍ ടൊയോട്ടയ്ക്ക് വിറ്റുകിട്ടിയ തുകകൊണ്ട് സ്വന്തമായി ഒരു ചെറിയ എന്‍ജിന്‍ നിര്‍മിക്കാനുള്ള പരിശ്രമം ഹോണ്ട തുടര്‍ന്നു കൊണ്ടിരുന്നു. അതിനായി വീണ്ടുമൊരു ഫാക്ടറി തുടങ്ങി. ചൈനയും ജപ്പാനും തമ്മിലുള്ള യുദ്ധമാണ് ഹോണ്ടയുടെ ജീവിതത്തിലെ അഗ്നിപരീക്ഷണത്തിന് പിന്നീട് വേദിയായത്. ബോംബ് വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ ഫക്ടറി വീണ്ടും നിലം പൊത്തി.
എല്ലാം നഷ്ടപ്പെട്ടിട്ടും ഒരിക്കലും ഒളിച്ചോടാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു.വീടിനോട് ചേര്‍ന്ന് വിസ്‌കി മദ്യം ഉത്പാദിപ്പിക്കുന്ന ബിസിനസ് ആരംഭിച്ചു. എന്നാല്‍ ഹോണ്ടയ്ക്കും സുഹൃത്തുകള്‍ക്കും സേവിക്കാന്‍ മാത്രമേ അതു തികയുമായിരുന്നുള്ളൂ ! അതോടെ അതിനോട് ബൈ പറഞ്ഞു.
എന്നാല്‍ അടുത്ത ബിസിനസില്‍ താന്‍ വിജയം കൊയ്യുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു. 1946ല്‍ ഹോണ്ട ടെക്‌നിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ച് ഇരുചക്ര വാഹനങ്ങളുടെ നിര്‍മ്മാണരംഗത്തേയ്ക്ക് കടക്കുകയായിരുന്നു ലക്ഷ്യം. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്നുണ്ടായ അതിരൂക്ഷമായ ഇന്ധനക്ഷാമത്തിന് ജപ്പാന്‍കാര്‍ കണ്ടെത്തിയ മാര്‍ഗം സൈക്കിളുകളായിരുന്നു. ഇതോടെ ഹോണ്ടയുടെ നല്ലകാലം തെളിഞ്ഞു. അങ്ങനെ താന്‍ നിര്‍മ്മിച്ച റിയ എന്‍ജിന്‍ സൈക്കിളില്‍ ബന്ധിപ്പിച്ച് ലോകത്തെ ആദ്യത്തെ മോട്ടോര്‍ സൈക്കളിനു അദ്ദേഹം രൂപം നല്‍കി. മോട്ടോര്‍ സൈക്കിളുകള്‍ നിര്‍മ്മിക്കുന്ന കമ്പനി തുടങ്ങാന്‍ ജപ്പാനിലെ 18,000 സൈക്കിള്‍ ഷോപ്പുകാരുടെ സഹായം തേടി. അവരില്‍ 3000 ആളുകള്‍ ഹോണ്ടയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചു. അങ്ങനെയാണ് 1948 ല്‍ ഹോണ്ട മോട്ടോര്‍ കമ്പനി രൂപീകരിക്കുന്നത്. ആദ്യം നിരത്തിലിറക്കിയ ബൈക്കുകള്‍ വമ്പന്‍ പരാജയമായിരുന്നു. പരിഷ്‌കരിച്ച പുതിയ മോഡല്‍ വിജയം കണ്ടതോടെ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1949ല്‍ നിര്‍മ്മിച്ച ഡ്രീം ആണ് ഹോണ്ടയുടെ ആദ്യത്തെ ബൈക്ക്. പിന്നീട് ചുരുങ്ങിയ കാലത്തിനുള്ളില്‍ ലോകത്തിലെ മുന്‍നിര വാഹന നിര്‍മ്മാതാക്കളെന്ന പെരുമ ഹോണ്ട സ്വന്തമാക്കി. 1963ല്‍ ടി 360 മിനി പിക്കപ്പ് ട്രക്ക് പുറത്തിറക്കി. അക്കൊല്ലം തന്നെ എസ് 500 സ്‌പോര്‍ട്‌സ് കാറും ഹോണ്ടയുടെതായി പുറത്തു വന്നു. 1986 മുതല്‍ ഹോണ്ടയുടെ വാഹനങ്ങള്‍ ലോകത്തിന്റെ മുക്കിലും മൂലയിലും എത്താന്‍ തുടങ്ങിയതോടെ സൊയിച്ചിറോ ഹോണ്ട എന്ന പേര് ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങി. 1973ല്‍ ഹോണ്ട കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി ഹോണ്ട ഫൗണ്ടേഷന്‍ രൂപീകരിച്ച് പ്രകൃതിസംരക്ഷണത്തിന്റെ പാതയിലേക്ക് നീങ്ങി. എഴുപത്തിയേഴാം വയസിലും വെറുതെയിരിക്കാന്‍ അദ്ദേഹം ഒരുക്കമല്ലായിരുന്നു കോര്‍ റേസിംഗ്, സ്‌ക്രേറ്റിംഗ്, ഗോള്‍ഫ് എന്നിവയിലൊക്കെ സജീവമായിരുന്നു. 1991ല്‍ എണ്‍പ്പത്തിനാലാം വയസില്‍ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു.