സങ്കല്‍പ്പത്തില്‍ മാത്രമുള്ള കാര്യങ്ങള്‍ കൂട്ടായി വിശ്വസിക്കാന്‍ കഴിവുള്ള ഒരേയൊരു മൃഗമാണ് മനുഷ്യന്‍. ദൈവം, രാജ്യം, കറന്‍സി, മതം, നിമയം, മനുഷ്യാവകാശം എന്നു വേണ്ട ഇന്ന് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളെല്ലാം മനുഷ്യന്റെ ഭാവനയില്‍ മാത്രമാണുള്ളത്. പഴം കഴിക്കാനുള്ളതാണെന്നു കുരങ്ങനെ പറഞ്ഞു മനസിലാക്കാം, എന്നാല്‍ ഈ പഴം മാറ്റിവച്ചാല്‍ മരണശേഷം സ്വര്‍ഗത്തില്‍ പഴത്തോട്ടം ലഭിക്കുമെന്ന് പറഞ്ഞാല്‍ കുരങ്ങന്‍ കേള്‍ക്കില്ല. പക്ഷേ അതു വിശ്വസിക്കുന്ന ഒറ്റ വിഭാഗമാണ് ഹോമോസാപിയന്‍സ് എന്ന മനുഷ്യവര്‍ഗം. മനുഷ്യന്റെ ഇന്നലെകളെയും നാളെകളെയും കുറിച്ച് പഠിക്കാന്‍ ജീവിതം മാറ്റിവച്ച ഇസ്രയേലി ശാസ്ത്രചരിത്രകാരനാണ് യുവാല്‍ നോവാ ഹരാരി. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിന്‍ബലത്തില്‍ മനുഷ്യകുലത്തെക്കുറിച്ച് രചിച്ച പുസ്തകങ്ങളായ സാപിയന്‍സ്: എബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്, ഹോമോ ദിയൂസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ, 21 ലെസന്‍സ് ഫോര്‍ ട്വന്റിഫസ്റ്റ് സെഞ്ച്വറി എന്നിവയെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന വേളയില്‍ കൊറോണക്കാലത്തെ മനുഷ്യവംശത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു.
മുന്‍കാല മഹാവ്യാധികളില്‍ നിന്ന് കൊറോണയുടെ സാഹചര്യം എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതു നല്‍കുന്ന മുന്നറിയിപ്പ് ?
മുന്‍കാലഘട്ടങ്ങളില്‍ നിന്ന് വ്യത്യസ്തമായി കൊറോണയെ മറികടക്കാനുള്ള ശാസ്ത്രീയ അറിവുകളും സാങ്കേതിക ഉപകരണങ്ങളും ഇപ്പോള്‍ നമ്മുടെ പക്കലുണ്ട്. 1980കളുടെ തുടക്കത്തില്‍ എയ്ഡ്‌സ് വന്നാല്‍ മരണം ഉറപ്പായിരുന്നു. 1347 നും 1351 നും ഇടയില്‍ യൂറോപ്പിനെ ബാധിച്ച പ്ലേഗ് (ബ്ലാക്ക് ഡെത്ത്) ലോകജനസംഖ്യയുടെ നാലിലൊന്നിനെ തുടച്ചുനീക്കി. രണ്ടാം ലോക മഹായുദ്ധത്തിന് പിന്നാലെ 1920ലെ സ്പാനിഷ് ഫ്്‌ളൂ ഇതിലും മാരകമായിരുന്നു. ഇതിനെല്ലാം വിപരീതമായി കൊവിഡ് 19 രോഗബാധിതര്‍ അഞ്ച് ശതമാനത്തില്‍ താഴെയാണ് മരണത്തിന് കീഴടങ്ങുന്നത്. ഏതെങ്കിലും ഒരു രാജ്യത്തെ ജനസംഖ്യയുടെ ഒരു ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ മരിക്കാന്‍ സാധ്യതയില്ല. മനുഷ്യരാശി നേരിട്ട ഏറ്റവും മോശമായ ആഗോള ആരോഗ്യ ഭീഷണിയാണ് കൊറോണയെന്ന് എനിക്ക് ഉറപ്പില്ല. പ്ലേഗിന്റെ കാലത്ത് ആളുകള്‍ പൂര്‍ണമായും നിസഹായരായിരുന്നു. എന്താണ് അവരെ മരണത്തിലേക്ക് തള്ളി വിടുന്നതെന്നു മനസിലാക്കാനും അതില്‍ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നൊന്നും അറിയില്ലായിരുന്നു. 1348-ല്‍ പാരീസ് സര്‍വകലാശാലയിലെ മെഡിക്കല്‍ ഫാക്കല്‍റ്റി വിശ്വസിച്ചത് ജ്യോതിഷപരമായ ദൗര്‍ഭാഗ്യമാണ് പകര്‍ച്ചവ്യാധി എന്നാണ്. അക്വേറിയസിലെ മൂന്ന് ഗ്രഹങ്ങളുടെ ഒരു പ്രധാന സംയോജനം വായുവില്‍ മാരകമായ അഴിമതിക്ക് കാരണമായി, അതാണ് രോഗത്തിന് കാരണമെന്നായിരുന്നു വിശ്വാസം. എന്നാല്‍ ഇന്നത്തെ സാഹചര്യം വിഭിന്നമാണ്. ചൈനയിലെ വുഹാനില്‍ കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ടപ്പോള്‍ തന്നെ വൈറസിനെ തിരിച്ചറിയാനും ഘടന കണ്ടെത്താനും വിശ്വസനീയമായ പരിശോധനകള്‍ വികസിപ്പിക്കാനും ശാസ്ത്രജ്ഞര്‍ക്ക് വേഗം കഴിഞ്ഞു. പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ എന്തുചെയ്യണമെന്നും നമ്മള്‍ക്കറിയാം. അധികം വൈകാതെ കൊറോണയ്ക്ക് വാക്‌സിന്‍ ലഭ്യമാകും.
കൊവിഡ് 19 ഒരു ആരോഗ്യ പ്രതിസന്ധി മാത്രമല്ല, ഇതിന് വലിയ രാഷ്ട്രീയ-സാമ്പത്തിക മാനമുണ്ട്. മനുഷ്യന്റെയുള്ളിലെ വിദ്വേഷം, അത്യാഗ്രഹം, അജ്ഞത എന്നിവയെക്കാള്‍ എനിക്ക് എനിക്ക് വൈറസിനെ ഭയമില്ല. പകര്‍ച്ചവ്യാധിയുടെ പേരില്‍ വംശീയമായി ആളുകളെ കുറ്റപ്പെടുത്തുകയാണെങ്കില്‍ അത്യാഗ്രഹികളായ ബിസിനസുകാര്‍ ലാഭത്തെക്കുറിച്ച് മാത്രം ചിന്തിക്കുകയാണെങ്കില്‍ ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വിശ്വസിക്കുകയാണെങ്കില്‍ കൊവിഡിനെ മറികടക്കുക വളരെ ബുദ്ധിമുട്ടായിരിക്കും. ലോകം ഒരേ മനസോടെ ശാസ്ത്രത്തില്‍ മാത്രം വിശ്വസിച്ച് മുന്നോട്ട് പോയാല്‍ ഈ പ്രതിസന്ധിയെ മറികടക്കാന്‍ മാത്രമല്ല, അതില്‍ നിന്ന് കൂടുതല്‍ ശക്തമായി പുറത്തുവരാനും സാധിക്കും.
സാമൂഹിക അകലം എത്രത്തോളം മാനദണ്ഡമായിത്തീരും ? അത് സമൂഹത്തില്‍ എന്ത് ഫലമുണ്ടാക്കും ?
മനുഷ്യന്‍ സാമൂഹിക മൃഗങ്ങളാണ്. കരുതലും ബന്ധങ്ങളും ഇഷ്ടമാണ്. ബന്ധുക്കളോ സുഹൃത്തുക്കളോ അയല്‍ക്കാരോ രോഗികളായിരിക്കുമ്പോള്‍ നമ്മുടെ അനുകമ്പ ഉടലെടുക്കുകയും അവരെ സഹായിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. വൈറസ് ഇത് നമ്മള്‍ക്കെതിരെ ആയുധമാക്കുന്നു. ഇങ്ങനെയാണ് വൈറസ് അതിവേഗം വ്യാപിക്കുന്നത്. വൈറസ് ബുദ്ധിശൂന്യമായ ജനിതക വിവരമാണെങ്കിലും നമുക്ക് ഒരു മനസുണ്ട്. സാഹചര്യത്തെ യുക്തിസഹമായി വിശകലനം ചെയ്യാന്‍ കഴിയും. ഒപ്പം നമ്മള്‍ പെരുമാറുന്ന രീതിയിലും വ്യത്യാസമുണ്ടാകാം. പ്രതിസന്ധി അവസാനിച്ചു കഴിഞ്ഞാല്‍ നമ്മുടെ അടിസ്ഥാന മനുഷ്യ സഹജാവബോധത്തില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളൊന്നും ഞങ്ങള്‍ കാണില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. നമ്മള്‍ ഇപ്പോഴും സാമൂഹിക മൃഗങ്ങളായിരിക്കുകയും ബന്ധങ്ങളെ സ്‌നേഹിക്കും ചെയ്യും.
ഉദാഹരണത്തിന് എയ്ഡ്സിന്റെ പശ്ചാത്തലത്തില്‍ എല്‍.ജി.ബി.ടി (ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍) കമ്മ്യൂണിറ്റിക്ക് എന്ത് സംഭവിച്ചുവെന്ന് നോക്കുക. ഇത് ഭയങ്കരമായ ഒരു പകര്‍ച്ചവ്യാധിയായിരുന്നു. സ്വവര്‍ഗാനുരാഗികളെ പലപ്പോഴും ഭരണകൂടം പൂര്‍ണമായും ഉപേക്ഷിച്ചു. എന്നിട്ടും പകര്‍ച്ചവ്യാധി ആ വിഭാഗത്തിന്റെ ശിഥിലീകരണത്തിന് കാരണമായില്ല. നേരെ മറിച്ച് പ്രതിസന്ധിയുടെ മൂര്‍ദ്ധന്യത്തില്‍ രോഗികളെ സഹായിക്കാനും വിശ്വസനീയമായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും രാഷ്ട്രീയ അവകാശങ്ങള്‍ക്കായി പോരാടാനും എല്‍.ജി.ബി.ടി സന്നദ്ധപ്രവര്‍ത്തകര്‍ നിരവധി പുതിയ സംഘടനകള്‍ സ്ഥാപിച്ചു. തൊണ്ണൂറുകളില്‍ ഏയ്ഡ്‌സ് താണ്ഡവമാടുമ്പോള്‍ എല്‍.ജി.ബിടി സമൂഹം മുമ്പത്തേതിനേക്കാള്‍ ശക്തമായിരുന്നു.
പ്രതിസന്ധിക്കുശേഷം ശാസ്ത്ര-വിവര സഹകരണത്തിന്റെ അവസ്ഥ എങ്ങനെയായിരിക്കും ? ഇതിന്റെ ഫലമായി രാജ്യങ്ങള്‍ തമ്മിലുള്ള ആശയങ്ങളുടെ സ്വതന്ത്രമായ ഒഴുക്കും സഹകരണവും ശക്തിപ്പെടുത്താന്‍ കഴിയുമോ ?
പരസ്പരം സഹകരിക്കാനുള്ള നമ്മുടെ കഴിവാണ് വൈറസിനെതിരായ ഏറ്റവും വലിയ നേട്ടം. ചൈനയിലെ ഒരു വൈറസിനും അമേരിക്കയിലെ ഒരു വൈറസിനും മനുഷ്യരെ എങ്ങനെ ബാധിക്കാം എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പരസ്പരം കൈമാറാന്‍ സാധ്യമല്ല. ഒരു പ്രത്യേക പകര്‍ച്ചവ്യാധിയില്‍ നിന്ന് സ്വയം എങ്ങനെ ഒറ്റപ്പെടാന്‍ ഇതിന് കാരണമാകുന്ന കാര്യങ്ങളെക്കുറിച്ച് ആദ്യം വിശ്വസനീയമായ വിവരങ്ങള്‍ ആവശ്യമാണ്. സമീപ കാലങ്ങളില്‍ സ്വേച്ഛാധിപത്യ-ജനകീയ രാഷ്ട്രീയക്കാര്‍ വിവരങ്ങളുടെ സ്വതന്ത്രമായ ഒഴുക്ക് തടയാന്‍ മാത്രമല്ല ശാസ്ത്രത്തിലുള്ള പൊതുജനങ്ങളുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്താനും ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചില രാഷ്ട്രീയക്കാര്‍ ശാസ്ത്രജ്ഞരെ ജനങ്ങളില്‍ അകറ്റി ദുഷിച്ച വരേണ്യവര്‍ഗമായി ചിത്രീകരിച്ചു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചോ പ്രതിരോധ കുത്തിവയ്പ്പുകളെക്കുറിച്ചോ ശാസ്ത്രജ്ഞര്‍ പറയുന്നത് വിശ്വസിക്കരുതെന്ന് ഇവര്‍ ആണയിട്ടു. അത്തരം സന്ദേശങ്ങള്‍ എത്രത്തോളം അപകടകരമാണെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായിരിക്കണം. പ്രതിസന്ധി ഘട്ടത്തില്‍, പരസ്യമായി പ്രവഹിക്കാന്‍ വിവരങ്ങള്‍ ആവശ്യമാണ്.
ഭാഗ്യവശാല്‍ നിലവിലെ അടിയന്തിരാവസ്ഥയില്‍ മിക്കവരും ശാസ്ത്രത്തിലേക്ക് തിരിയുന്നു. സഭകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കത്തോലിക്കാ സഭ വിശ്വസ്തരോട് നിര്‍ദ്ദേശിക്കുന്നു. ഇസ്രായേല്‍ സിനഗോഗുകള്‍ അടച്ചു. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ പള്ളികളില്‍ പോകുന്ന ആളുകളെ ശിക്ഷിക്കുകയാണ്. എല്ലാ തരത്തിലുമുള്ള ക്ഷേത്രങ്ങളും വിഭാഗങ്ങളും പൊതുചടങ്ങുകള്‍ നിര്‍ത്തിവച്ചിരിക്കുന്നു. ശാസ്ത്രജ്ഞര്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി ഈ പുണ്യസ്ഥലങ്ങള്‍ അടയ്ക്കാന്‍ ശുപാര്‍ശ ചെയ്തതുകൊണ്ടാണ്. ഈ പ്രതിസന്ധി അവസാനിച്ചിട്ടും വിശ്വസനീയമായ ശാസ്ത്രീയ വിവരങ്ങളുടെ പ്രാധാന്യം ആളുകള്‍ ഓര്‍മിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അടിയന്തിര ഘട്ടത്തില്‍ വിശ്വസനീയമായ ശാസ്ത്രീയ വിവരങ്ങള്‍ ആസ്വദിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സാധാരണ സമയങ്ങളില്‍ അതില്‍ നിക്ഷേപിക്കണം. ശാസ്ത്രീയ വിവരങ്ങള്‍ സ്വര്‍ഗത്തില്‍ നിന്ന് ഇറങ്ങുകയോ വ്യക്തിഗത പ്രതിഭകളുടെ മനസില്‍ നിന്ന് ഉത്ഭവിക്കുകയോ ചെയ്യുന്നില്ല.
പകര്‍ച്ചവ്യാധികളില്‍ സാങ്കേതിക പരിഹാരങ്ങളുടെ ആവശ്യകതയുമായി സ്വകാര്യ കമ്പനികള്‍ മുന്നോട്ട് വരുന്നുണ്ട്. ഈ അവസരത്തില്‍ ആഗോള ധാര്‍മിക തത്ത്വങ്ങള്‍ വികസിപ്പിക്കാനും അന്താരാഷ്ട്ര സഹകരണം പുന:സ്ഥാപിക്കാനും സ്ഥാപിക്കാനും സാധ്യമാണോ ?
സ്വകാര്യ കമ്പനികള്‍ ഇടപെടുമ്പോള്‍ ആഗോള ധാര്‍മിക തത്ത്വങ്ങള്‍ രൂപപ്പെടുത്തുന്നതും അന്തര്‍ദ്ദേശീയ സഹകരണം പുന:സ്ഥാപിക്കപ്പെടുന്നതും പ്രാധാന്യമര്‍ഹിക്കുന്നു. ചില സ്വകാര്യ കമ്പനികള്‍ അത്യാഗ്രഹത്താല്‍ പ്രചോദിപ്പിക്കപ്പെടാം, അതിനാല്‍ അവയെ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കണം. ദയാലുവായി പ്രവര്‍ത്തിക്കുന്നവര്‍ പോലും പൊതുജനങ്ങളോട് നേരിട്ട് ഉത്തരവാദിത്തമുള്ളവരല്ല. ഒരു സ്വകാര്യ കമ്പനിയോ സുരക്ഷാ സേവനങ്ങളോ അല്ലാതെ ഒരു പ്രത്യേക ആരോഗ്യ പരിപാലന അതോറിറ്റിയാണ് നിരീക്ഷണ സംവിധാനമായി പ്രവര്‍ത്തിപ്പിക്കേണ്ടത്. മറ്റ് വാണിജ്യ, രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ ഉണ്ടാകരുത്. ഇതൊരു യുദ്ധമല്ല, ആരോഗ്യ സംരക്ഷണ പ്രതിസന്ധിയാണ്. കൊല്ലാന്‍ മനുഷ്യശത്രുക്കളില്ല, ആളുകളെ പരിപാലിക്കുന്നതിനെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. ഇപ്പോള്‍ നമ്മുടെ മനസിലെ ചിത്രം ഒരു ആശുപത്രിയില്‍ ബെഡ് ഷീറ്റുകള്‍ മാറ്റുന്ന ഒരു നഴ്സായിരിക്കണം.
പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള ആവശ്യമായ ഡാറ്റ ആരോഗ്യ പരിപാലന അതോറിറ്റി ശേഖരിക്കണം. മാത്രമല്ല ഈ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാന്‍പാടില്ല. വ്യക്തികളെക്കുറിച്ച് ശേഖരിക്കുന്ന ഡാറ്റ ഒരിക്കലും അവരെ ദ്രോഹിക്കാനോ കൈകാര്യം ചെയ്യാനോ ഉപയോഗിക്കില്ലെന്ന് ഉറപ്പാക്കണം. അത്തരം നിരീക്ഷണ സംവിധാനങ്ങള്‍ ഒരുപക്ഷേ ദേശീയ സ്വഭാവമുള്ളതാകാം. പകര്‍ച്ചവ്യാധികള്‍ തടയാന്‍, വ്യത്യസ്ത ആരോഗ്യ പരിപാലന അധികാരികള്‍ പരസ്പരം സഹകരിക്കേണ്ടതുണ്ട്. രോഗകാരികള്‍ ദേശീയ അതിര്‍ത്തികളെ മാനിക്കാത്തതിനാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഡാറ്റ സംയോജിപ്പിച്ചില്ലെങ്കില്‍ ഇവയെ പിടിച്ചുകെട്ടാന്‍ ബുദ്ധിമുട്ട്് വരും. രാഷ്ട്രീയവും വാണിജ്യപരവുമായ താല്‍പ്പര്യങ്ങളില്ലാത്ത ഒരു സ്വതന്ത്ര ആരോഗ്യ പരിപാലന അതോറിറ്റിയാണ് ദേശീയ നിരീക്ഷണം നടത്തുന്നതെങ്കില്‍ അത്തരം അധികാരികള്‍ക്ക് ആഗോളതലത്തില്‍ സഹകരിക്കുന്നത് വളരെ എളുപ്പമാണ്.
ഭാവിയിലെ ബഹുരാഷ്ട്ര സഹകരണത്തിലെ മാറ്റങ്ങളെ എങ്ങനെ നോക്കി കാണുന്നു ?
ലോകരാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര സഹകരണമില്ലാതെ നമുക്ക് ഈ പകര്‍ച്ചവ്യാധി തടയാന്‍ കഴിയില്ല. മഹാമാരി മറ്റെവിടെയെങ്കിലും വ്യാപിച്ചുകൊണ്ടിരിക്കുന്നിടത്തോളം കാലം ഒരു പ്രത്യേക രാജ്യം തങ്ങളുടെ പ്രദേശത്ത് അതിനെ തടഞ്ഞു നിര്‍ത്തിയാലും ശാശ്വതമായൊരു വിജയമാകില്ല. വൈറസുകള്‍ നിരന്തരം പരിവര്‍ത്തനം ചെയ്യുന്നു. ലോകത്തെവിടെയും വൈറസിലെ ഒരു പരിവര്‍ത്തനം കൂടുതല്‍ പകര്‍ച്ചവ്യാധിയോ മാരകമോ ആക്കിയേക്കാം. ഇത് മനുഷ്യരാശിയെ മുഴുവന്‍ അപകടത്തിലാക്കുന്നു. എല്ലാ മനുഷ്യരെയും സംരക്ഷിക്കാന്‍ സഹായിക്കുക എന്നതാണ് നമുക്ക് സ്വയം പരിരക്ഷിക്കാനുള്ള ഏക മാര്‍ഗം.ഭാവിയില്‍ ലോകരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണത്തില്‍ എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. ഇത് നമ്മള്‍ ഇപ്പോള്‍ ചെയ്യുന്ന തിരഞ്ഞെടുപ്പുകളെ ആശ്രയിച്ചിരിക്കുന്നു. രാജ്യങ്ങള്‍ക്ക് വിരളമായ വിഭവങ്ങള്‍ക്കായി മത്സരിക്കാനും അഹംഭാവവും ഒറ്റപ്പെടല്‍ നയവും പിന്തുടരാനും തുടങ്ങിയാല്‍ ആഗോള സഹകരണം സാധ്യമാകില്ല. ഓരോ രാജ്യവും സ്വന്തം താല്‍പ്പര്യങ്ങള്‍ മാത്രം നോക്കുകയാണെങ്കില്‍ അതിന്റെ ഫലം എല്ലാവരേയും ബാധിക്കുന്ന കടുത്ത ആഗോള മാന്ദ്യമായിരിക്കും. യുഎസ്, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ സമ്പന്ന രാജ്യങ്ങള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കലഹിക്കും. എന്നാല്‍ ആഫ്രിക്ക, ഏഷ്യ, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ ദരിദ്ര രാജ്യങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നേക്കാം. യുഎസിന് സമ്പദ്വ്യവസ്ഥയ്ക്കായി രണ്ട് ട്രില്യണ്‍ ഡോളര്‍ രക്ഷാ പാക്കേജ് നല്‍കാന്‍ കഴിയും. ഇക്വഡോര്‍, നൈജീരിയ, പാക്കിസ്ഥാന്‍ എന്നിവയ്ക്ക് സമാന വിഭവങ്ങളില്ല. നമുക്ക് ഒരു ആഗോള സാമ്പത്തിക രക്ഷാപ്രവര്‍ത്തനം ആവശ്യമാണ്. നിര്‍ഭാഗ്യവശാല്‍ കൊറോണക്കാലത്ത് ആവശ്യമായ ആഗോള നേതൃത്വം പോലെയുള്ള ഒന്നും ഇതുവരെ ഞാന്‍ കണ്ടില്ല. 2014 എബോള പകര്‍ച്ചവ്യാധിയുടെയും 2008 ലെ സാമ്പത്തിക പ്രതിസന്ധിയുടെയും സമയത്ത് ലോകനേതാവായി പ്രവര്‍ത്തിച്ച യു.എസ് ഈ ജോലി ഉപേക്ഷിച്ചു. ട്രംപിന്റെ ഭരണകൂടം യു.എസിനെക്കുറിച്ച് മാത്രമാണ് കരുതുന്നതെന്ന് വളരെ വ്യക്തമാക്കുകയും പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും അടുത്ത സഖ്യകക്ഷികളെ പോലും ഉപേക്ഷിക്കുകയും ചെയ്തു. യുഎസ് ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള ആഗോള പദ്ധതിയുമായി മുന്നോട്ട് വന്നാലും ആരാണ് ഇതിനെ വിശ്വസിക്കുക? ആരാണ് അതിന്റെ നേതൃത്വം പിന്തുടരുന്നത് ? എന്നാല്‍ ഓരോ പ്രതിസന്ധിയും ഒരു അവസരമാണ്. പകര്‍ച്ചവ്യാധി മൂലമുണ്ടാകുന്ന അപകടം മനസിലാക്കാന്‍ നിലവിലെ സാഹചര്യം മനുഷ്യരാശിയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പകര്‍ച്ചവ്യാധി ക്രമേണ ആഗോള സഹകരണത്തിന് കാരണമായാല്‍, അത് കൊറോണ വൈറസിനെതിരെ മാത്രമല്ല, മനുഷ്യരാശിയെ ഭീഷണിപ്പെടുത്തുന്ന കാലാവസ്ഥ വ്യതിയാനം മുതല്‍ ആണവയുദ്ധം വരെ അപകടങ്ങള്‍ക്കും എതിരായ വിജയമായിരിക്കും.
(യുവാല്‍ നോവ ഹരാരി യുനസ്‌ക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന് )