റോമന്‍പുരാണങ്ങളില്‍ സമുദ്രത്തിന്റെ ദേവനാണ് നെപ്റ്റിയൂണ്‍. വാന നിരീക്ഷണത്താല്‍ കണ്ടെത്തിയ ഗ്രഹങ്ങളില്‍ നിന്നും വ്യത്യസ്തമായി പേനയും കടലാസും ഉപയോഗിച്ച് കണക്കുകൂട്ടി കണ്ടെത്തിയ ഗ്രഹമാണ് ഭൂമിയെക്കാള്‍ പതിനേഴ് മടങ്ങ് പിണ്ഡമുള്ള നെപ്റ്റിയൂണ്‍. 1846 സെപ്തംബര്‍ 23 വൈകുന്നേരം ബെര്‍ലിലെ വാന നിരീക്ഷണ കേന്ദ്രത്തില്‍ ഗോത്ത്ഫ്രീഡ് ഗാല്ലും വിദ്യാര്‍ത്ഥി ലൂയി ദാറെസ്തും തങ്ങളുടെ ടെലസ്‌കോപ് ഒരു നിശ്ചിത ദിശയിലേക്കു തിരിച്ചു കാത്തിരുന്നു. ആ സായാഹ്നം കഴിയും മുന്‍പ് യുറാനസിനപ്പുറത്തെ പുതിയ ഗ്രഹത്തിന്റെ സാന്നിധ്യം സാധൂകരിക്കപ്പെട്ടു. പല ഋതുക്കളിലായി രാത്രിയില്‍ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നി ഗ്രഹങ്ങളാണ് നമ്മുടെ സൗരയൂഥത്തിലുള്ളത്. ചന്ദ്രനും മേഘങ്ങളും പ്രകാശമലിനീകരണവും ഇല്ലാത്ത സമയത്ത് യുറാനസിനെയും നഗ്ന നേത്രങ്ങളുപയോഗിച്ചു ചില നേരത്ത് കാണാം. പക്ഷേ നെപ്റ്റിയൂണിനെ കാണണമെങ്കില്‍ ടെലസ്‌കോപ് വേണം. ബി.സി 128ല്‍ ഹിപ്പാര്‍ക്കസിന്റെ കാലത്തു തന്നെ യുറാനസ് നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരു നക്ഷത്രമായാണ് പ്രാചീന ആകാശമാപ്പുകളില്‍ രേഖപ്പെടുത്തിയിരുന്നത്. പില്‍ക്കാലത്ത് 1781 ല്‍ വില്‍ഹെം ഹെര്‍ഷല്‍ ടെലസ്‌കോപ്പിലൂടെയുള്ള തന്റെ നക്ഷത്രനിരീക്ഷണത്തിനിടെ ഒരു ഖരഗോളവസ്തു കാണാനിടയായി. നക്ഷത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി അത് ഒരു തിളങ്ങാത്ത പ്രകാശഗോളമായിരുന്നു. താരതമ്യേന സ്ഥാന ചലനവും കൂടുതലായിരുന്നു. എങ്കിലത് ധൂമകേതു തന്നെ എന്ന് കരുതിയ ഹെര്‍ഷല്‍ തന്റെ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചു. ഹെര്‍ഷലിന്റെ പുതിയ ധൂമകേതുവിനെ കൗതുകത്തോടെ നിരീക്ഷിച്ച ജ്യോതിശാസ്ത്രജ്ഞര്‍ ഒരു കാര്യം ശ്രദ്ധിച്ചു. ധൂമകേതുക്കള്‍ ദീര്‍ഘവൃത്താകാരമായ പരിക്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത് എന്നാല്‍ ഹെര്‍ഷലിന്റെ ധൂമകേതു താരതമ്യേന വൃത്താകാരമായ പരിക്രമണപഥത്തിലൂടെയാണ് സഞ്ചരിക്കുന്നത്. കൂടുതല്‍ നിരീക്ഷണങ്ങള്‍ വിരല്‍ചൂണ്ടിയത് യുറാനസ് ഒരു ഗ്രഹമാണ് എന്ന നിഗമനത്തിലേക്കാണ്.
ഗ്രഹങ്ങള്‍, നക്ഷത്രകൂട്ടങ്ങള്‍, തുടങ്ങി കൃത്രിമ ഉപഗ്രഹങ്ങളുടെ വരെ സഞ്ചാരപഥം, ഓരോ ദിവസവും കാണുന്ന സ്ഥാനം, വേഗത തുടങ്ങിയവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന പഞ്ചാംഗത്തില്‍ യുറാനസിനെയും ഉള്‍പ്പെടുത്തി. പക്ഷെ പഞ്ചാംഗ ഗണനം തെറ്റിച്ചുകൊണ്ടായിരുന്നു യുറാനസിന്റെ പഥം. പ്രതീക്ഷിക്കുന്ന സ്ഥലത്തു നിന്നും മുന്നിലോ പുറകിലോ ആയി പലപ്പോഴും യുറാനസ് കാണപ്പെട്ടു. ഇത് ശ്രദ്ധയില്‍പെട്ട ഫ്രഞ്ച് വാനനിരീക്ഷകന്‍ അലക്‌സി ബുവാര്‍ഡ് യുറാനസിനപ്പുറം എട്ടാമത്തെ ഗ്രഹം എന്ന സാധ്യത മുന്നോട്ടു വച്ചു. എട്ടാമത്തെ ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണ സ്വാധീനമാവണം യുറാനസിന്റെ പരിക്രമണപഥത്തിലെ ഉലച്ചിലിനു കാരണമെന്നു നിരീക്ഷിച്ചു. യുറാനസിന്റെ പരിക്രമണപഥം അതിനു സംഭവിക്കുന്ന ഉലച്ചില്‍ എന്നിവ അതിനപ്പുറത്തുള്ള നെപ്റ്റിയൂണിന്റെ ദ്രവ്യമാനം, വേഗത, യുറാനസില്‍ നിന്നുമുള്ള ദൂരം എന്നിവയെ ആശ്രയിച്ചിരിക്കാം എന്ന നിഗമനത്തിലെത്തി. ഫ്രഞ്ചുകാരനായ ജോസഫ് ലേ വെരീര്‍ ആണ് യുറാനസിന്റെ ഭ്രമണപഥത്തെക്കുറിച്ചുള്ള ഗണിതങ്ങളിലൂടെ ഇനിയും ഒരു ഗ്രഹം ഉണ്ടെന്ന ആശയം മുന്നോട്ടുവച്ചത്. തന്റെ കണക്കൂകൂട്ടലിനെ തുടര്‍ന്ന് ജെ.ജെ വെരീര്‍ ബെര്‍ലിന്‍ വാനനിരീക്ഷണാലയത്തെ ബന്ധപ്പെട്ടു. താന്‍ കണക്കുക്കൂട്ടിയ പരിക്രമണപഥത്തില്‍ നക്ഷത്രമല്ലാത്ത ഖഗോള വസ്തുവിനെ കാണുന്നുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
1846ല്‍ വെരീര്‍ അയച്ച കത്ത് കിട്ടിയ അതേ ദിവസം സന്ധ്യയ്ക്ക് യുറാനസിനപ്പുറത്തെ പുതിയ ഗ്രഹത്തെ ടെലിസ്‌കോപ്പിലൂടെ ഗോത്ത് ഫ്രീഡ് ഗാല്ലും , ലൂയി ദാറെസ്തും സ്ഥിരീകരിച്ചു. വെരീര്‍ കണക്കുകൂട്ടിയ പഥത്തില്‍ നിന്നും വെറും 1 ഡിഗ്രി മാത്രം മാറിയാണ് നെപ്റ്റിയൂണിനെ അവര്‍ ടെലിസ്‌കോപ്പിലൂടെ കണ്ടത്. തനിക്ക് കണക്കുകള്‍ തന്ന ലേ വെരീറിന്റെ പേര് പുതിയ ഗ്രഹത്തിന് ഇടണമെന്ന് ഗാലേ അപേക്ഷിച്ചെങ്കിലും ജ്യോതിശാസ്ത്ര വിദഗ്ധര്‍ സമ്മതിച്ചില്ല. അങ്ങനെ നെപ്ട്യൂണ്‍ എന്ന പേര് വന്നു. വളരെ അധികം സാമ്യമുള്ള രണ്ട് ഐസ് ഭീമന്മാര്‍ ആണ് യുറാനസും നെപ്ട്യൂണും. രണ്ട് ഗ്രഹങ്ങളുടെയും ഉള്ളില്‍ ജലവും മീഥേനും അമോണിയവും ചേര്‍ന്ന് ഉറഞ്ഞ ഐസിന്റെയും ദ്രാവകത്തിന്റെയും മിശ്രിതമാണ്. രണ്ടിനും ചെറിയ ഖര കാമ്പ് ഉണ്ടെന്നാണ് കരുതുന്നത്. അന്തരീക്ഷത്തിലെ പ്രധാന ഘടകങ്ങള്‍ ഹൈഡ്രജനും ഹീലിയവും മീഥേനും ആണ്. രണ്ടിനും നേരിയ വളയങ്ങളുണ്ട്. സ്വയം ഭ്രമണത്തിന്റെ കാര്യത്തിലും ഇവര്‍ സാമ്യം പുലര്‍ത്തുന്നു. യുറാനസ് 17 മണിക്കൂര്‍ എടുക്കുമ്പോള്‍ നെപ്ട്യൂണ്‍ 16 മണിക്കൂര്‍ എടുക്കുന്നു. യുറാനസ് സൂര്യനില്‍നിന്നും 19.2 സൗരദൂരത്തിലും നെപ്ട്യൂണ്‍ 30.1 സൗരദൂരത്തിലും ആണ്. ഇത്രയും ദൂരെ ആയതിനാല്‍ മറ്റ് ഗ്രഹങ്ങളെപ്പോലെ ഇവയെ സൂക്ഷ്മമായി നിരീക്ഷിക്കുക വിഷമമാണ്.